പെരുമ്പാവൂർ: കണ്ടവർ പറഞ്ഞത് മലമ്പാമ്പെന്ന്. പിടിക്കാനെത്തിയപ്പോൾ കാണുന്നത് പത്തിവിടർത്തിയയാടുന്ന ഭീമൻ രാജവെമ്പാലയെ. കൈയിലൊതുങ്ങുമെങ്കിൽ മാത്രം നോക്കിയാൽ മതിയെന്ന് ഉദ്യഗസ്ഥർ. നോക്കാം എന്നും പറഞ്ഞ് കലുങ്കിനടയിലേയ്ക്കിറങ്ങിയ സണ്ണി വർഗീസ്. സാഹസീകമായി ' ഇര 'യുടെ തല കൈക്കുള്ളിലാക്കിയപ്പോൾ കണ്ടുനിന്നവർ കൈയടിച്ചും ആരവം മുഴക്കിയും സന്തോഷം പങ്കിട്ടു.

ഇന്നലെ കോട്ടപ്പടി പാണേലിയിലാണ്് സംഭവം. എലിഫന്റ് വാച്ചറായി ജോലിചെയ്യുന്ന വാവേലി സ്വദേശി സണ്ണിവർഗീസാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ഭീമൻ രാജവെമ്പാലയെ പിടികൂടിയത്. സണ്ണിയുൾപ്പെടെ ഒരു സംഘംവാച്ചർമാരും വനംവകുപ്പ് ഉദ്യോഗസ്ഥരും പണേലി ഭാഗത്ത് ഇട്രിക്ഫെൻസിംഗിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന കമ്പിവേലിയുടെ അറ്റകുറ്റപ്പണികൾ തീർക്കാനെത്തിരുന്നു.

ഇതിനിടയിലാണ് ഉച്ചകഴിഞ്ഞ് 2.30 തോടടുത്ത് നാട്ടുകാർ പാതയോരത്തെ കലിങ്കിനടിയൽ മലമ്പാമ്പ് കയറിയിട്ടുണ്ടെന്ന് ഉദ്യഗസ്ഥരെ അറിയിക്കുന്നത്. തുടർന്ന് ഇതിനെ പിടികൂടി കാട്ടിൽ വിടാൻ ലക്ഷ്യമിട്ട് വാച്ചർമാരും ഉദ്യോഗസ്ഥ സംഘവും ഇവിടേയ്ക്കെത്തി. കലുങ്കിനടയിൽ വെള്ളത്തിലെ ചപ്പുചവറുകൾ മാറ്റുന്നതിനിടെ പത്തിവിടർത്തി രാജവെമ്പാല മുന്നോട്ടാഞ്ഞതോടെ രംഗം പന്തിയല്ലന്ന് കണ്ട് വാച്ചർമാർ പിന്നോട്ടുമാറി.

കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ ഉദ്യോഗസ്ഥർ, രാജവെമ്പാലയെ പിടികൂടാൻ വിദഗ്ധരെ വെവിളിക്കാമെന്ന ആശയം മുന്നോട്ടുവച്ചപ്പോൾ ഒന്നുകൂടി നോക്കാമെന്നും പറഞ്ഞ് വാച്ചർ സണ്ണി വർഗീസ് കലുങ്കിനടിയിലേയ്ക്ക് ഇറങ്ങി.കഷ്ടി ഒരാൾക്ക് എഴുന്നേറ്റ് നിൽക്കുന്നതിനുള്ള പൊക്കമെ കലുങ്കിനുണ്ടായിരുന്നുള്ളു. മാർഗ്ഗനിർദ്ദേശവുമായി ഉദ്യോഗസ്ഥരും ഒപ്പം കൂടി.

പാമ്പിനെ വരുതിയിലാക്കാനുള്ള നീക്കം പലതവണ പാളി. എങ്കിലും പിന്മാറാൻ സണ്ണി തയ്യാറായില്ല. ഒടുവിൽ പരിശ്രമം ഫലം കണ്ടു.കാണികൾ ആർപ്പുവിളിച്ചും കൈയടിച്ചും സണ്ണിവർഗീസിനെ അഭിനന്ദിച്ചു. അസാമാന്യവലിപ്പമുണ്ടായിരുന്ന പാമ്പിന്റെ തല ഭാഗം ഒരു കൈകൊണ്ട് പിടിച്ചുനിർത്താൻ സണ്ണിവല്ലാതെ പാടുപെട്ടു.

എലിഫന്റ് വാച്ചർ ആണെങ്കിലും വനംവകുപ്പിലെ വിദഗ്ദ്ധർ സണ്ണിവർഗീസിന് പാമ്പുപിടുത്തത്തിലും പിരശീലനം നൽകിയിരുന്നു.ഇത്തരത്തിൽ ലഭിച്ച അറിവാണ്് ഇന്നലെ രാജവെമ്പാലയെ പിടികൂടുന്നതിൽ പങ്കാളിയാവാൻ ധൈര്യം നൽകിയതെന്ന് സണ്ണി പറഞ്ഞു. 17 കിലോയോളം തൂക്കവും 15 അടിയിലേറെ നീളവുമുണ്ടായിരുന്നു.ചാക്കിലാക്കിയ പാമ്പിനെ കോടനാട് ഫോറസ്റ്റ് റെയിഞ്ചോഫീസിലേക്ക് കൊണ്ടുപോയി.

വിനോദസഞ്ചാരകേന്ദ്രമായ പാണിയേലി പോരിനുസമീപത്തുനിന്നുമാണ് ഇന്നലെ രാജവെമ്പാലയെ പിടികൂടിയത്. സമീപപ്രദേശങ്ങളായ വേട്ടാംമ്പാറ ,വാവേലി എന്നിവിടങ്ങളിൽ നിന്നായി ഇതിനകം 15 -ഓളം രാജവെമ്പാലകളെ പിടികൂടി കാട്ടിൽ തുറന്നുവിട്ടിട്ടുണ്ട്. കാട്ടാനകൂട്ടത്തിന്റെ കടന്നുകയറ്റം വ്യാപകമായ പ്രദേശത്ത് വിഷപാമ്പുകളുടെ ശല്യം വർദ്ധിച്ചത് നാട്ടുകാരുടെ ഭീതി ഇരട്ടിയാക്കിയിട്ടുണ്ട്.