കാലടി: വീട്ടിലെ ശുചിമുറിയിൽ രാജവെമ്പാല. തലനാരിഴക്കാണ് വീട്ടുകാർ രക്ഷപ്പെട്ടത്‌. ഇല്ലിത്തോട് പുതുച്ചേരി ജാണിയുടെ വീട്ടിലെ ശുചി മുറിയിലാണ് രാജവെമ്പാലയെ കണ്ടത്. വീട്ടുകാർ ശുചി മുറിയിൽ പോയപ്പോൾ ക്ലോസറ്റിന് സമീപം രാജവെമ്പാല കിടക്കുകയായിരുന്നു. ഉടൻ വനം വകുപ്പിനെ വിവരം അറിയിച്ചു. വീടിന് പുറത്തുള്ളതായിരുന്നു ശുചിമുറി. സ്‌പെഷ്യൽ ഫോറെസ്റ്റ് പ്രൊട്ടക്ഷൻ ഫോഴ്സ് ഓഫീസർ ജെ.ബി സാബു, വാച്ചർ ബെന്നി എന്നിവരുടെ നേതൃത്വത്തിൽ രാജവെമ്പലയെ പിടികൂടി. 12 അടി നീളമുള്ള പെൺ രാജവെമ്പാലയായിരുന്നു.

ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പാമ്പിനെ വലയ്ക്കുള്ളിലാക്കിയത്. രാജവെമ്പാലയെ പിടികൂടുന്നതു കാണാൻ സ്ത്രീകൾ  ഉൾപ്പെടെ നിരവധി പേർ എത്തിയിരുന്നു. ഇടയ്ക്ക് ശുചി മുറിയിൽ നിന്നിറങ്ങിയ പാമ്പിനെ പിൻതുടർന്നെത്തിയാണ് വനം വകുപ്പ് ജീവനക്കാർ പിടികൂടിയത്. അപ്രതീക്ഷിതമായി പാമ്പ് മുറ്റത്തേയ്ക്ക് ഇഴഞ്ഞെത്തിയത് കാഴ്ചക്കാരെ അൽപ്പനേരത്തേയ്ക്ക് അങ്കലാപ്പിലാക്കുകയും ചെയ്തു.