കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കിറ്റിലെ സാധനങ്ങളിൽ തൂക്കം കുറച്ച് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെ തട്ടിപ്പ്. തട്ടിപ്പ് പിടികൂടി ഡിവൈ എഫ് ഐ. പയ്യാനക്കൽ, തെക്കേപ്പുറം ഭാഗങ്ങളിലെ റേഷൻകടകളിൽ നിന്നുള്ള കിറ്റിലാണ് തട്ടിപ്പ് കണ്ടെത്തിയത്. പയറും പഞ്ചസാരയും കടലയും ഉൾപ്പടെ മിക്ക പായ്ക്കറ്റുകളിലും 50 ഗ്രാം മുതൽ 150 ഗ്രാം വരെ കുറവെന്ന് പരിശോധനയിൽ വ്യക്തമായി. തൂക്കം കുറവുണ്ടെന്ന വ്യാപക പരാതിയെത്തുടർന്ന് ഡിവൈഎഫ്‌ഐയുടെ ഇടപെടലിലാണ് തട്ടിപ്പ് കയ്യോടെ പിടികൂടിയത്.

ആയിരക്കണക്കിന് കിറ്റുകളിലേക്ക് വേണ്ട സാധനങ്ങൾ പായ്ക്ക് ചെയ്യുമ്പോൾ ഒന്നിൽ പോലും അഞ്ച് ഗ്രാം കൂടുതലില്ല. മിക്കതിലും 50 മുതൽ 150 ഗ്രാം വരെ കുറവ്. ഡിവൈഎഫ്‌ഐ പ്രവർത്തകർ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തൂക്കി നോക്കിയതിലാണ് ഈ ക്രമക്കേട് കണ്ടെത്തിയത്. പയ്യാനക്കൽ, തെക്കേപ്പുറം ഭാഗത്തെ റേഷൻ കടകളിൽ നിന്ന് കിട്ടുന്ന കിറ്റുകളിൽ തൂക്കം കുറവാണെന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി പരാതിയുണ്ട്.

വിഷയത്തിൽ ഡിവൈഎഫ്‌ഐ പയ്യാനക്കൽ മേഖലാ കമ്മിറ്റി ഇടപെട്ടു. പ്രവർത്തകർ കൂട്ടത്തോടെ എത്തി. കിറ്റ് തയ്യാറാക്കുന്ന കേന്ദ്രത്തിന് മുന്നിൽ പ്രവർത്തകർ കുത്തിയിരുന്നു. ചുമതലയുള്ള ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്നും പായ്ക്കിന് നേതൃത്വം നൽകിയ മുഴുവൻ ജോലിക്കാരെയും ഇതിൽ നിന്നും മാറ്റുമെന്നും ഉറപ്പ് കിട്ടിയതിനെത്തുടർന്നാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ പിരിഞ്ഞുപോയത്.