കൊച്ചി: സർക്കാരിനെയോ വ്യവസായ മന്ത്രിയെയോ വെല്ലുവിളിക്കാനല്ല, ഇവിടെ ഒരു വ്യവസായി നേരിട്ട പീഡനമാണ് തുറന്നുപറഞ്ഞതെന്ന് കിറ്റക്സ് ഉടമ സാബു എം ജേക്കബ്. താൻ ആണ് കുഴപ്പക്കാരനെന്ന് ചിത്രീകരിക്കാൻ നോക്കുന്നതായി അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

പരിശോധനകളെ സംബന്ധിച്ച് ഔദ്യോഗിക പരാതി നൽകാതെ കിറ്റക്‌സ് മേധാവി സാബു എം ജേക്കബ് സംസ്ഥാന സർക്കാരിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത് ഗൗരവകരമാണെന്ന് വ്യവസായ മന്ത്രി പി. രാജീവ് വാർത്താസമ്മേളനത്തിൽ തുറന്നുപറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് സാബു എം ജേക്കബ് രംഗത്ത് വന്നത്.

ഒരു മൃഗത്തെ പോലെ ഒരു വ്യവസായിയെ ഒരുമാസമിട്ട് പീഡിപ്പിച്ചു. അല്ല, തൊഴിലാളികളെ പീഡിപ്പിച്ചു. ആർക്കും അതിൽ പരാതിയുണ്ടായില്ല. ഇപ്പോൾ താൻ ആണ് കുഴപ്പക്കാരൻ എന്ന് ചിത്രീകരിക്കാനുള്ള നോക്കുന്നത്. വളരെ സന്തോഷം. തനിക്ക് തന്റേതായ വഴി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്- അദ്ദേഹം പറഞ്ഞു.

ഇതാണ് വ്യവസായ സൗഹൃദം, ഇതാണ് കേരളം. വളരെ നല്ലത് തന്നെ. എല്ലാവരും വ്യവസായം തുടരട്ടെ. നിക്ഷേപം വരട്ടെ. വിദേശത്തുനിന്നും മറ്റു സംസ്ഥാനത്തുനിന്നും വരട്ടെ. അതിന് എല്ലാ ആശംസകൾ നേരാം എന്നല്ലാതെ തനിക്ക് അതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നും സാബു ജേക്കബ് പറഞ്ഞു. ഗൾഫിൽനിന്നും മറ്റ് സംസ്ഥാനങ്ങളിൽനിന്നും നിക്ഷേപിക്കുന്ന നിരവധിപ്പേരുണ്ട്. അവർക്കു വേണ്ടിയാണ് താൻ ശബ്ദിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നല്ലരീതിയിൽ പോയിക്കൊണ്ടിരിക്കുന്ന ഒരു സ്ഥാപനത്തെ 73 കുറ്റങ്ങൾ ചെയ്തതായി കാണിച്ചുകൊണ്ട് ഒരു മെമോ നൽകിയതായും അദ്ദേഹം പറഞ്ഞു. 3500 കോടിയുടെ പദ്ധതി തന്നെയില്ല എന്നാണ് സർക്കാർ ഇപ്പോൾ പറയുന്നത്. അപ്പോൾ ഈ സ്ഥാപനം മുന്നോട്ടു കൊണ്ടുപോകാൻ പറ്റുമോ എന്നുള്ള രീതിയിലാണ് കാര്യങ്ങൾ പൊയ്ക്കൊണ്ടിരിക്കുന്നത്.

15,000 പേരുള്ള ഈ സ്ഥാപനം തന്നെ അടയ്ക്കണം അല്ലെങ്കിൽ അടപ്പിക്കും എന്ന രീതിയിലാണ് കാര്യങ്ങൾ പൊയ്ക്കൊണ്ടിരിക്കുന്നത്. ഇതുവരെ ഉണ്ടായത് പ്രശ്നം പരിഹരിക്കലല്ലെന്നും അദ്ദേഹം പറഞ്ഞു. ഒൻപത് സംസ്ഥാനങ്ങളിൽനിന്ന് ക്ഷണം ലഭിച്ചു. മന്ത്രിമാരുമായും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമായും ചർച്ച പുരോഗമിക്കുകയാണെന്നും സാബു കൂട്ടിച്ചേർത്തു.

സംസ്ഥാന സർക്കാരോ ഏതെങ്കിലും വകുപ്പോ മുൻകൈയെടുത്ത് ഒരു പരിശോധനയും കിറ്റക്സിൽ നടത്തിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞിരുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷന് പാർലമെന്റംഗമായ ബെന്നി ബഹനാൻ നല്കിയ പരാതി പി. ടി. തോമസ് എംഎ‍ൽഎ. ഉന്നയിച്ച ആരോപണം,വനിതാ ജീവനക്കാരിയുടെ പേരിൽ പ്രചരിച്ച വാട്ട്സാപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി ഉൾപ്പെടെ നല്കിയ നിർദ്ദേശം എന്നിവയുടെ അടിസ്ഥാനത്തിലുള്ള പരിശോധനകളാണ് നടന്നത്.

ഈ പരിശോധനകളിൽ ഏതെങ്കിലും പരാതിയുള്ളതായി കിറ്റക്സ് മാനേജ്മെന്റ് വ്യവസായ വകുപ്പ് ഉൾപ്പെടെ ഒരു വകുപ്പിനേയും ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പരിശോധനാ വേളയിൽ സ്ഥാപന ഉടമയോ പ്രതിനിധികളോ തടസ്സമൊന്നും ഉന്നയിച്ചിട്ടില്ലെന്ന് പരിശോധനക്ക് നേതൃത്വം നല്കിയ ജില്ലാ ലേബർ ഓഫീസർ അറിയിച്ചിട്ടുണ്ട്.

കിറ്റക്സിൽ പരിശോധന നടന്നതുസംബന്ധിച്ച ആരോപണങ്ങൾ ഉയർന്ന ഉടനെ അദ്ദേഹത്തെ വിളിച്ചു. അദ്ദേഹത്തെ ഫോണിൽ കിട്ടാത്തതിനാൽ അദ്ദേഹത്തെ സഹോദരനെ വിളിച്ചു. വളരെ സൗഹാർദപരമായാണ് സംസാരിച്ചത്. പരിശോധിക്കാമെന്ന് ഉറപ്പ് നൽകി. ജില്ലാ വ്യവസായ കേന്ദ്രം മാനേജരും അവരുമായി ബന്ധപ്പെട്ടു. ജൂൺ 29നാണ് വ്യവസായ പദ്ധതിയിൽ നിന്ന് പിന്മാറുന്നതായി അവർ പ്രഖ്യാപിച്ചത്. അന്നും അവരുമായി താൻ നേരിട്ട് ബന്ധപ്പെടാൻ രണ്ട് തവണ ശ്രമിച്ചിരുന്നു.

ജില്ലാ വ്യവസായ കേന്ദ്രം മാനേജർ അദ്ദേഹത്തെ നേരിട്ട് പോയി ബന്ധപ്പെട്ടു. സർക്കാരിനെതിരെ വലിയ ആരോപണങ്ങളും വിമർശനങ്ങളും ഉയരുമ്പോഴും ഞങ്ങൾ സ്വയം പരിശോധന നടത്തുകയും അവരുമായി ആശയവിനിമയം നടത്തുകയും ചെയ്തിട്ടുണ്ട്. സർക്കാർ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന് സാബു എം ജേക്കബ് പറഞ്ഞത് വാസ്തവവിരുദ്ധമാണെന്നും മന്ത്രി രാജീവ് തുറന്നു പറഞ്ഞിരുന്നു.