കൊച്ചി: കേരളത്തിൽ കിറ്റക്‌സ് ഗ്രൂപ്പ് അപ്പാരൽ പാർക്ക് തുടങ്ങില്ല. വിവാദങ്ങളിലൂടെ ഇനിയും മനസ്വസ്ഥത കളയാൻ കിറ്റക്‌സ് എംഡി സാബു ജേക്കബിന് ആഗ്രഹമില്ല. അപ്പാരൽ പാർക്കിനായി വാങ്ങിയ 35 ഏക്കറിൽ വാഴ കൃഷി തുടങ്ങും. വസ്തുവിന് വില കൂടും. അതിൽ പണം ഇറക്കിയാൽ ഇനിയും മനസമാധാനം ഉണ്ടാകില്ലെന്നാണ് സാബുവിന്റെ തിരിച്ചറിവ്. ഈ സാഹചര്യത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ലഭിക്കുന്ന ഓഫറുകൾ വിശദമായി കിറ്റക്‌സ് പരിശോധിക്കും. അതിന് ശേഷം സാധ്യതാ പഠനം നടത്തി തീരുമാനം എടുക്കും. അപ്പാരൽ പാർക്ക് കേരളത്തിൽ തുടങ്ങില്ലെന്ന് മറുനാടനോട് സ്ഥിരീകരിക്കുകയാണ് സാബു ജേക്കബ്.

പിൻവലിക്കുമെന്നു പറഞ്ഞ നിക്ഷേപ പദ്ധതിയുമായി കിറ്റെക്‌സ് തിരികെ വന്നാൽ ഇനിയും സർക്കാരിന്റെ പിന്തുണ ഉണ്ടാകുമെന്നു വ്യവസായ മന്ത്രി പി. രാജീവ് വിശദീകരി്ചിരുന്നു. കിറ്റെക്‌സിലെ പരിശോധനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ തിങ്കളാഴ്ച വ്യവസായ, തൊഴിൽ, ആരോഗ്യ, തദ്ദേശഭരണ മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും യോഗം മുഖ്യമന്ത്രി വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അതിന് ശേഷവും നിലപാട് മാറ്റമില്ലെന്ന് പ്രഖ്യാപിക്കുകയാണ് സാബു ജേക്കബ്. അതിന് എണ്ണിയെണ്ണി കാര്യങ്ങളും സാബു ജേക്കബിന് പറയാനുണ്ട്.

362 കോടിയാണ് ഞാൻ ഓരോ വർഷവും ശമ്പളമായി നൽകുന്നത്. 200 കോടി നികുതിയും. കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തിലേക്കാണ് ഇത്രയേറെ തുക എത്തുന്നത്. 3500 കോടിയുടെ അപ്പാരൽ പാർക്കാണ് ലക്ഷ്യമിട്ടത്. ഇപ്പോൾ എന്റെ ഫാക്ടറിയിൽ 25ലക്ഷം സ്‌ക്വയർഫീറ്റ് കെട്ടിടമുണ്ട്. പുതിയ പദ്ധതിക്ക് നാൽപ്പതു മുതൽ അമ്പത് ലക്ഷം വരെ സ്‌ക്വയർഫീറ്റ് വേണ്ടി വരും. ഇത്രയും മുതൽ മുടക്കിയാലും സമാധാനം കിട്ടില്ല. അതുകൊണ്ട് മറ്റ് സാധ്യതകൾ തേടുന്നുവെന്ന് കിറ്റക്‌സ് എംഡി പറയുന്നു.

മന്ത്രിമാർ വന്ന് കൈതന്ന് എല്ലാം ശരിയാക്കാമെന്ന് പറഞ്ഞു പോകും. എന്നാൽ ഈ മന്ത്രി നാളെ ഉണ്ടാകുമോ എന്ന് ആർക്കും അറിയില്ല. പ്രദേശത്തെ ലോക്കൽ സഖാവ് വിചാരിച്ചാൽ പോലും എല്ലാം പൂട്ടിക്കാം. യുഡി ക്ലർക്ക് ദേഷ്യം തോന്നിയാൽ പോലും ബുദ്ധിമുട്ടിലാകും. ഇങ്ങനെ കേരളത്തിൽ ഇനിയും പണം മുടക്കി സമാധാനം ഇല്ലാതാക്കാൻ ഉദ്ദേശിക്കുന്നില്ല. അതിനാൽ മറ്റ് വഴികൾ തേടുമെന്ന് സാബു ജേക്കബ് മറുനാടനോട് പറഞ്ഞു.

ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങൾ ക്ഷണിച്ചിട്ടുണ്ട്. ഇതിൽ മുടക്കുന്നതിന്റെ പകുതി സബ്‌സിഡി യായി നൽകാമെന്ന് തമിഴ്‌നാട് പറയുന്നു. തെലുങ്കാനയും ആന്ധ്രയും കർണ്ണാടകയും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. ഉത്തരേന്ത്യയിൽ നിന്ന് ഗുജറാത്തും യുപിയും മധ്യപ്രദേശും ഒഡീഷയും. ഇതിന് പുറമേ ദുബായ് അധികാരികളും ബന്ധപ്പെട്ടിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങൾ ഉടൻ അവർ അറിയിക്കും. ഇതിന് ശേഷം അന്താരാഷ്ട്ര ഏജൻസിയെ കൊണ്ട് സാധ്യതാ പഠനം നടത്തും. അതിന് ശേഷം എവിടെ പദ്ധതി വേണമെന്ന് തീരുമാനിക്കും-സാബു ജേക്കബ് വിശദീകരിക്കുന്നു,

തനിക്കെതിരായ വകുപ്പുകളുടെ പീഡനത്തെ തുടർന്ന് 29നാണ് അപ്പാരൽ പാർക്കിൽ നിന്ന് പിന്മാറുന്നുവെന്ന് അറിയിച്ചത്. ഇന്നലെയാണ് ചർച്ചയ്ക്ക് ഉദ്യോഗസ്ഥരെത്തിയത്. മറ്റ് സംസ്ഥാനങ്ങൾ അതിന് മുമ്പേ ഓഫറുകളുമായി എത്തി. ഗുജറാത്തിലെ വ്യവസായ വകുപ്പിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറി ഇന്നലെ രാത്രി പത്തരയ്ക്ക് പോലും വിളിച്ചു സംസാരിക്കുന്നു. തിരക്കുകൾ കാരണം അദ്ദേഹത്തെ എനിക്ക് അറ്റൻഡ് ചെയ്യാൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് ഗുജറാത്തിലെ മുതിർന്ന ഐഎഎസുകാരൻ രാത്രിയിൽ പോലും വിളിക്കുന്നത്-കിറ്റക്‌സ് ഉടമ പറയുന്നു.

രാത്രിയിൽ പോലും സംസ്ഥാന വികസനത്തിനായി പ്രവർത്തിക്കുകയാണ് ഗുജറാത്തിലെ ഉദ്യോഗസ്ഥർ. കേരളത്തിൽ ആരെങ്കിലും ഇത്തരത്തിൽ പെരുമാറുമോ? വിവാദങ്ങൾ കാരണം മനസമാധാനം നഷ്ടമായി. കുട്ടികൾക്കൊപ്പം നല്ല സമയം ചെലവഴിക്കാൻ പോലും കഴിയുന്നില്ല. ഫയലുകൾ മനസമാധാനത്തോടെ നോക്കാനും കഴിയുന്നില്ല. വിവാദങ്ങൾക്ക് പിന്നാലെ ഓടുകയാണ് ഞാൻ. പണവും സ്വത്തിനും അപ്പുറമാണ് മനസമാധാനം. അതിനാൽ ഇനി കേരളത്തിൽ പണം മുടക്കുന്നതിൽ അർത്ഥമില്ല. ആരു വിചാരിച്ചാലും ഭാവിയിൽ തടസ്സങ്ങൾ ഉണ്ടാക്കാൻ കഴിയും-സാബു വിശദീകരിക്കുന്നു.

വിവാദങ്ങൾക്കിടയിൽ 3500 കോടി രൂപ മുടക്കിയാലും ഭാവിയിൽ ഇവർ ഇന്ന ക്ഷ വരയ്‌പ്പിക്കും. എന്തിനാണ് അതിന് നിന്നു കൊടുക്കുന്നതെന്ന ചോദ്യമാണ് സാബുവിനുള്ളത്. അതുകൊണ്ട് തന്നെ ആപ്പാരൽ പാർക്കിന് വാങ്ങിയ ഭൂമിയിൽ വാഴവയ്ക്കും. ഇത് അടുത്ത ആഴ്ച തുടങ്ങും-സാബു വെളിപ്പെടുത്തി. ഇത്രയും വിവാദത്തിൽ പെട്ടിട്ടും കോൺഗ്രസ് നേതാക്കൾ പോലും പ്രതികരിക്കുന്നില്ല. തന്റെ ഭാഗത്ത് ന്യായമുണ്ടെങ്കിൽ സമ്മതിച്ചാൽ മതി. ടിവി ചർച്ചകൾക്ക് സിപിഎമ്മും കോൺഗ്രസും പ്രതിനിധികളെ അയയ്ക്കുന്നില്ല. ഞാൻ പറയുന്നത് ശരിയാണെന്ന് ഉറപ്പുള്ളതു കൊണ്ടാണ് ഇതെന്നും സാബു ജേക്കബ് പ്രതികരിക്കുകയാണ്.

നേരത്തെ കിറ്റെക്‌സിന്റെ പരാതി ഒറ്റപ്പെട്ട സംഭവമാണെന്നു മന്ത്രി രാജീവ് പ്രതികരിച്ചിരുന്നു. '' മന്ത്രി എന്നനിലയിൽ കിറ്റെക്‌സുമായി ഫോണിൽ ബന്ധപ്പെട്ടു. വളരെ സൗഹാർദപരമായാണു സംസാരിച്ചത്. കമ്പനിയിൽ വ്യവസായ വകുപ്പ് പരിശോധന നടത്തിയിട്ടില്ല. തൊഴിൽ ഉദ്യോഗസ്ഥരും സെക്ടറൽ മജിസ്ട്രേട്ടുമാണു പരിശോധിച്ചതെന്നാണ് അറിഞ്ഞത്. റിപ്പോർട്ട് നൽകാൻ വ്യവസായ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്'' മന്ത്രി അറിയിച്ചിട്ടുണ്ട്. വിവാദ പശ്ചാത്തലത്തിൽ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ സാബുവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

അതിനിടെ കേരളത്തിൽ നിക്ഷേപം നടത്തുന്നതിൽ നിന്ന് കിറ്റെക്‌സ് പിന്മാറരുതെന്നും കമ്പനി കേരളം വിട്ടുപോകരുതെന്നാണ് അഭ്യർത്ഥനയെന്നും പ്രവാസി വ്യവസായി എം.എ.യൂസഫലിയും പ്രതികരിച്ചിരുന്നു. സർക്കാർ അടിയന്തരമായി ഇടപെട്ട് ചർച്ചകളിലൂടെ പ്രശ്‌നം രമ്യമായി പരിഹരിക്കണം. 3500 കോടിയുടെ നിക്ഷേപമായാലും ഒരു കോടിയുടേതായാലും അത് കേരളത്തിന് വലുതാണ്. ഇവയൊന്നും സംസ്ഥാനത്തിനു പുറത്തു പോകരുത് എന്ന് യൂസഫലി അഭ്യർത്ഥിച്ചിരുന്നു.