കൊച്ചി: പാതയോരത്ത് എന്തോ ശബ്ദം കേട്ടെന്ന് ചായക്കടക്കാൻ പറഞ്ഞാണ് അറിയുന്നത്. ചെന്നുനോക്കിയപ്പോൾ ആദ്യം കാണുന്നത് രക്തത്തിൽ കുളിച്ചുകിടക്കുന്ന സ്ത്രീയെ.നിമിഷങ്ങൾക്കുള്ളിൽ കുറച്ചപ്പുറത്ത് ഒരാളുടെ മേൽ മറ്റൊരാൾ എന്ന രീതിയിൽ രണ്ടുസ്ത്രീകളെക്കുടി കണ്ടെത്തി.ഇവിടെ നിന്നും മീറ്റുകൾ അകലെ മറ്റൊരു സ്ത്രീയെയും പരിക്കേറ്റനിലയിൽ കണ്ടു.

പിന്നെ ഇവരെ ആശുപത്രിയിൽ എത്തിക്കുന്നതിനുള്ള നെട്ടോട്ടമായി.കൈ കാണിച്ചിട്ടും വാഹനങ്ങളൊന്നും നിർത്തിയില്ല.ഒടുവിൽ സുഹൃത്തിന്റെ കാറിൽ ആദ്യം കണ്ടെത്തിയ ആളെക്കയറ്റി ആശുപത്രിയിലേക്ക് വിട്ടു.മറ്റുള്ളവരെ ആമ്പുലൻസിലും മറ്റൊരു വാഹനത്തിലുമായി ആശുപത്രിയിൽ എത്തിച്ചു.രണ്ടുപേരുടെ ജീവൻ നഷ്ടമായെന്നുകേട്ടപ്പോൾ വല്ലാത്ത സങ്കടമായി..ആകെ വല്ലാത്തൊരവസ്ഥ

ഇന്നുപുലർച്ചെ കിഴക്കമ്പലം പഴങ്ങനാട് ഷാപ്പുംപടിയിൽ ഉണ്ടായ അപകടത്തിൽ രക്ഷപ്രവർത്തനത്തിന് ആദ്യമെത്തിയവരിൽ ഒരാളും പ്രദേശത്തെ പത്ര ഏജന്റുമായ സജീവൻ സംഭവസ്ഥലത്തുകണ്ട കാഴ്ചയെക്കുറിച്ചും രക്ഷാപ്രവർത്തനത്തെക്കുറിച്ചും മറുനാടനോട് പങ്കിട്ട വിവരം ഇങ്ങിനെ.

രാവിലെ പത്രവിതരണത്തിനിടെ പനങ്ങാട് ഷാപ്പുംപടിയിലെ ചായക്കടയിൽ എത്തിയപ്പോഴാണ് സമീപത്ത് എന്തോശബ്ദം കേട്ടതായി കടക്കാരൻ സജീവനോട് പറയുന്നത്.ഈ സമയം വെളിച്ചം വീണുതുടങ്ങുന്നതെയുള്ളു.ഉടൻ കടക്കാരൻ പറഞ്ഞ ഭാഗത്തെത്തി പരിശോധിക്കുമ്പോൾ വലതുസൈഡിൽ ഒരു സ്ത്രീ വീണുകിടക്കുന്നത് ശ്രദ്ധയിൽപ്പെടുന്നത്.



പരിസരത്തുനിന്നും ഞരങ്ങളും മൂളലുമൊക്കെ കേട്ടപ്പോൾ പരിസരമാകെ തിരഞ്ഞു.ഇതിനിടയിൽ മറ്റ് മൂന്നുസ്ത്രീകളെക്കൂടിക്കണ്ടെത്തി.ആദ്യം കണ്ടെത്തിയ സ്ത്രീയുടെ ദേഹത്താകെ രക്തം ഉണ്ടായിരുന്നു.മറ്റ് രണ്ടുപേർക്ക് അനക്കമില്ലായിരുന്നു.അപ്പോഴേക്കും ഏതാനും പേർകൂടിയെത്തി.പിന്നെ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാനായി ശ്രമം.

ഇതുവഴി എത്തിയ വാഹനങ്ങൾക്ക് കൈകാണിച്ചിട്ടും നിർത്തിയില്ല.നിർത്തിയ ഒരുവാഹനം പരിക്കേറ്റവരെ കണ്ടിട്ടും നിഷ്‌കരുണം ഓടിച്ചുപോയി.ഇതിനടയിലാണ് സുഹൃത്തുക്കളിൽ ഒരാൾ ഇന്നോവയുമായി എത്തുന്നത്.

പിന്നെ രക്തത്തിൽ കുളിച്ചുകിടന്ന സ്ത്രീയെ കാറിൽ കയറ്റുന്നതിനായി ശ്രമം.ഒരുപാട് രക്തം ദേഹത്തായി,സഹായത്തിന് ആവശ്യമായ ആളില്ലാതിരുന്നതിനാൽ പുറംഭാഗത്ത് ശരീരം വലിഞ്ഞ വല്ലാത്തവേദനുയുമായി.തുടർന്ന് ആശുപത്രിയിലേക്ക്.വീട്ടിലെത്തി വേഷം മാറി കുളിച്ച് പ്രഭാത ഭക്ഷണം കഴിച്ചത് 12 മണിയോടെ.സജീവൻ വിശദമാക്കി.

കിഴക്കമ്പലം പഞ്ചായത്ത് 16-ാം വാർഡ് മാളേക്കമോളം ഞെമ്മാടിഞ്ഞാൽ കോരങ്ങാട്ടിൽ സുബൈദ കുഞ്ഞുമുഹമ്മദ് (49), പൊയ്യയിൽ നെസീമ യൂസഫ് (48), പുക്കാട്ടുപടി എന്നിവർ അപകടത്തിൽ മരണപ്പെട്ടിരുന്നു.രക്തംവാർന്ന നിലയിൽ അപകടസ്ഥലത്ത് കണ്ടെത്തിയത് സുബൈദയെയായിരുന്നെന്ന് പിന്നീട് വ്യക്തമായി.സാജിത സമദ്, ബിവി കുഞ്ഞുമുഹമ്മദ് എന്നിവർക്കാണ് പരിക്കേറ്റിട്ടുള്ളത്.ഇവരെ വിദഗ്ധ ചികത്സയ്ക്കായി കൊച്ചിയിലൈ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

പുക്കാട്ടുപടി വിചിത്ര ഭവനിൽ ലാൽജി രോഗബാധയെത്തുടർന്ന് അവശയായ ഭാര്യ ഡോ.സ്വപ്നയെ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെ കാർ നിയന്ത്രണം വിട്ട് പ്രഭാതസവാരിക്കിറങ്ങിയവരുടെ ഇടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ 4 പേരും തെറിച്ചുപോയിരുന്നു.



കാറിൽ രോഗിയുണ്ടായിരുന്നതിനാൽ ഇവരെ ആശുപത്രിയിൽ എത്തിക്കാനായി ലാൽ കാർ നിർത്താതെ പോകുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തി അവിടെ നിന്നും സംഭവസ്ഥലത്തേക്ക് ആമ്പുലൻസ് അയക്കുകയായിരുന്നു.

ഹൃദയസ്തംഭനത്തെ തുടർന്നാണ് ഡോ.സ്വപ്ന മരിച്ചതെന്നാണ് ആശുപത്രി അധികൃതരുടെ പ്രാഥമിക നിഗമനം.ഹോമിയോ ഡോക്ടറായ ഇവർ പുക്കാട്ടുപടിയിൽ വീടിനോടുചേർന്ന് ക്ലീനിക് നടത്തിയിരുന്നു.ലാൽ കൃഷ്ണ, മാളവിക എന്നിവരാണ് മക്കൾ.

സുബൈദ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നെന്ന് പരിശോധനകളിൽ വ്യക്തമായി.സുൽഫത്ത്, ഫാത്തിമ, അസ്ലം എന്നിവരാണ് സുബൈദയുടെ മക്കൾ. മരുമകൻ റിയാസ്.ഷാഹിറ ഷെഹ്ന, സാദത്ത് എന്നിവരാണ് നെസീമയുടെ മക്കൾ. തടിയിട്ട പറമ്പ് പൊലീസ് മേൽനടപടികൾ സ്വീകരിച്ചുവരുന്നു.