മുംബൈ: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പരുക്കേറ്റ രോഹിത് ശർമ്മയ്ക്ക് പകരം കെ എൽ രാഹുൽ ടീമിനെ നയിക്കും. ജസ്പ്രിത് ബുമ്രയാണ് ടീമിന്റെ ഉപനായകൻ. വെറ്ററൻ ഓപ്പണർ ശിഖർ ധവാനെ ടീമിലേക്ക് തിരിച്ചുവിളിച്ചു. വെങ്കടേഷ് അയ്യർ, റിതുരാജ് ഗെയ്കവാദ് എന്നിവരും ഏകദിന ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.

പരിക്ക് കാരണം രോഹിത്തിന് ടെസ്റ്റ് പരമ്പര നഷ്ടമായിരുന്നു. ഇപ്പോൾ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ പരിചരണത്തിലുള്ള താരം പൂർണ കായികക്ഷമത വീണ്ടെടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് രാഹുലിനെ ക്യാപ്റ്റനാക്കിയത്. മുൻ ക്യാപ്റ്റൻ വിരാട് കോലിയും ടീമിലുണ്ട്. വിജയ് ഹസാരെ ട്രോഫിയിലെ പ്രകടനമാണ് റിതുരാജിനും വെങ്കടേഷിനും ഏകദിന ടീമിലേക്ക് വഴിതുറന്നത്.

18 അംഗ ടീമിൽ ആറ് പേസർമാരുണ്ട്. ആർ അശ്വിൻ അടക്കം മൂന്ന് സ്പിന്നർമാരും ടീമിലിടം നേടി. നാല് വർഷങ്ങൾക്ക് ശേഷമാണ് അശ്വിൻ ഏകദിന ടീമിൽ തിരിച്ചെത്തുന്നത്. 2017ൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് അവസാന ഏകദിനം കളിച്ചത്. രവീന്ദ്ര ജഡേജയേയും ടീമിലേക്ക് പരിഗണിച്ചിട്ടില്ല. പകരം വാഷിങ്ടൺ സുന്ദർ ടീമിലെത്തി.

ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യക്ക് പകരമാണ് വെങ്കടേഷിനെ ടീമിലെടുത്തത്. ഇഷാൻ കിഷനും റിഷഭ് പന്തുമാണ് വിക്കറ്റ് കീപ്പർമാർ. സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ എന്നിവർ ടീമിൽ സ്ഥാനം നിലനിർത്തി.

ഇന്ത്യൻ ടീം: കെ എൽ രാഹുൽ, ശിഖർ ധവാൻ, ഋതുരാജ് ഗെയ്കവാദ്, വിരാട് കോലി, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, വെങ്കടേഷ് അയ്യർ, റിഷഭ് പന്ത്, ഇഷാൻ കിഷൻ, വാഷിങ്ടൺ സുന്ദർ, യൂസ്വേന്ദ്ര ചാഹൽ, ആർ അശ്വിൻ, ജസ്പ്രീത് ബുമ്ര, ഭുവനേശ്വർ കുമാർ, മുഹമ്മദ് സിറാജ്, ഷാർദുൽ ഠാക്കൂർ, പ്രസിദ്ധ് കൃഷ്ണ, ദീപക് ചാഹർ.