കോഴിക്കോട്: തുടർ ഭരണം മുസ്ലിം ന്യൂനപക്ഷങ്ങളുടെ തലയിൽ കേറാനുള്ള ലൈസൻസാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ധരിക്കേണ്ടെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങളെ പോലും ഹനിക്കാനാണ് സർക്കാർ ശ്രമം. ഒട്ടേറെ പ്രക്ഷോഭങ്ങളുടെ ഫലമായി കേന്ദ്ര സർക്കാർ രൂപീകരിച്ച സച്ചാർ കമ്മിറ്റി റിപ്പോർട്ട് ശിപാർശകൾ രാജ്യത്ത് തള്ളിയത് ഗുജറാത്തും കേരളവുമാണ്.

അന്നത്തെ വി എസ് സർക്കാർ പാലൊളി കമ്മിറ്റി വെച്ച് ആദ്യം വെള്ളം ചേർത്തു. ഇപ്പോൾ സച്ചാർ, പാലോളി കമ്മിറ്റികളെ പാടെ തള്ളിയതുകൊടു വഞ്ചനയാണ്. യു.എ.ഇ ദേശീയ കെ.എം.സി.സിയുടെ നിർദേശ പ്രകാരം ഫുജൈറ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി കേരളത്തിലുടനീളം വിതരണം ചെയ്യുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള സഹായ പദ്ധതിയുടെ ഉദ്ഘാടനം കോഴിക്കോട് ജില്ല ലീഗ് ഓഡിറ്റോറിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്‌കോളർഷിപ്പ് ജനസംഖ്യാനുപാതികമായി നൽകുമെന്ന് പ്രഖ്യാപിച്ചവർ എല്ലാ സർക്കാർ നിയമനങ്ങളിലും അതു പാലിക്കാൻ തയ്യാറാവണം. ഏതെങ്കിലും സമുദായം അനർഹമായി വല്ലതും നേടിയിട്ടുണ്ടെങ്കിൽ അതു സർക്കാർ വ്യക്തമാക്കണം. വർഗീയത കളിച്ചും ഭീഷണിപ്പെടുത്തിയും വാ മൂടിക്കെട്ടാമെന്ന് ധരിക്കരുത്. രാഷ്ട്രീയമായി ചെറുക്കാനും മുന്നോട്ടു നയിക്കാനും മുസ്ലിംലീഗ് സജ്ജമാണ്.

ലോകത്തെമ്പാടും പ്രവർത്തിച്ച് വരുന്ന മുസ്ലിം ലീഗിന്റെ പോഷക സംഘടനയായ കെഎംസിസി നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ തുല്ല്യതയില്ലാത്തതാണ്. സർക്കാർ സംവിധാനങ്ങളെ പോലും കവച്ചു വെക്കുന്ന തരത്തിൽ കെ.എം.സി.സി നടത്തി കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണ്. അതിൽ ഫുജൈറ കെഎംസിസിയുടെ സാന്നിധ്യം ശ്രദ്ധേയമാണെന്നും കെ.എം ഷാജി അഭിപ്രായപ്പെട്ടു.

കോഴിക്കോട്, കണ്ണൂർ, കാസർഘോട്, മലപ്പുറം, തൃശ്ശൂർ തുടങ്ങിയ ജില്ലകളിലെ മുസ്ലിം ലീഗ് റിലീഫ് കമ്മിറ്റികൾ ഫുജൈറ കെഎംസിസിയുടെ കോവിഡ് പ്രതിരോധ ഫണ്ട് സ്വീകരിച്ചു. ഫുജൈറ കെഎംസിസി സംസ്ഥാന ഉപാധ്യക്ഷൻ ബഷീർ ഉളിയിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി നിഷാദ് ഫുജൈറ സ്വാഗതവും സുബൈർ ചോമയിൽ നന്ദിയും പറഞ്ഞു.