കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗുരുവായൂർ ക്ഷേത്രത്തിലെത്തി കാണിക്കയിട്ട് തൊഴുത കെ.എൻ.എ.ഖാദറിനെതിരെ മുസ്ലിം ലീഗ് നേതൃത്വം തൽകാലം നടപടിയൊന്നും എടുക്കില്ല. മുസ്ലിം ലീഗ് സ്ഥാനാർത്ഥിക്കെതിരെ സമസ്ത നേതാക്കൾ നിലപാട് എടുത്തു കഴിഞ്ഞു. എങ്കിലും ഇപ്പോൾ നടപടി എടുക്കുന്നത് യുഡിഎഫിന്റെ സാധ്യതകളെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ തൽകാലം ഇത് ലീഗ് നേതൃത്വം കണ്ടില്ലെന്ന് നടിക്കും.

വേങ്ങരയിലെ സിറ്റിങ് എംഎൽഎയായ കെ.എൻ.എ.ഖാദർ ഇത്തവണ ഗുരുവായൂരിലാണ് മത്സരിക്കുന്നത്. സമസ്തയുടെ യുവജന വിഭാഗം എസ്.വൈ.എസിന്റെ നേതാക്കളായ നാസർ ഫൈസി കൂടത്തായിയും അബ്ദുൾ ഹമീദ് ഫൈസി അമ്പലടക്കടവുമാണ് ഖാദറിനെതിരെ രൂക്ഷ വിമർശനമുയർത്തി രംഗത്തെത്തിയത്. എന്നാൽ ഇപ്പോൾ നടപടി എടുത്താൽ അത് കേരളമാകെ ചർച്ചയാകും. ഇത് ഭൂരിപക്ഷ വോട്ടുകളെ എല്ലായിടത്തും യുഡിഎഫിൽ നിന്ന് അകറ്റും. ഈ സാഹചര്യത്തിലാണ് ഉടൻ തീരുമാനം എടുക്കേണ്ടെന്ന തീരുമാനം.

മതത്തിൽ നിന്ന് പുറത്ത് പോകുന്ന അപരാധമാണ് കെ.എൻ.എ ഖാദറിന്റേതെന്നാണ് സമസ്ത നേതാക്കൾ പറയുന്നത്. ഏക ദൈവ വിശ്വാസി ശിർക്ക് ചെയ്തുകൊണ്ട് 'മതേതരത്വം' പ്രകടിപ്പിക്കുന്നത് കപടതയാണെന്നും ഫേസ്‌ബുക്കിലൂടെയുള്ള വിമർശനത്തിൽ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. (ബഹുദൈവവിശ്വാസത്തെയാണ് ശിർക്ക് എന്ന അറബിപദം കൊണ്ട് അർത്ഥമാക്കുന്നത്). എന്നാൽ മതേതര വാദിയാണ് ഖാദർ. ഇടതുപക്ഷത്ത് നിന്ന് ലീഗിലെത്തിയ നേതാവും. അതുകൊണ്ട് തന്നെ തൽകാലം വിവാദത്തിൽ കണ്ണടയ്ക്കാനാണ് തീരുമാനം.

നാസർ ഫൈസി കൂടത്തായിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം...

ഏക ദൈവ വിശ്വാസി ശിർക്ക് ചെയ്തുകൊണ്ട് 'മതേതരത്വം' പ്രകടിപ്പിക്കുന്നത് കപടതയാണ്.കേരള നിയമസഭയിൽ വേദങ്ങളും ഉപനിഷത്തുകളും ഉദ്ധരിച്ച് ആർഷഭാരതീയതയുടെ മാനവികത സമർത്ഥിക്കുന്നതു കേട്ടപ്പോൾ വേദ പഠനത്തിലുള്ള ജ്ഞാനത്തിൽ അഭിമാനിച്ചിരുന്നു.ഇസ്ലാമും ഹൈന്ദവതയും മാനവികമാണെന്ന് അറിയുകയും അറിയിക്കുകയും ചെയ്യുന്നത് മതേതരത്വന്റെ കാതലും കരുതലുമാണ്.

അത്രയുമാണ് ഹിന്ദു മുസ്ലിം വിശ്വാസികൾ പരസ്പരം ചേർന്നും ചേർത്തും നിർത്തുന്നുമുള്ളൂ. മതേതരത്വത്തിനും മാനവികതക്കും അതിലപ്പുറം ശിർക്കിനെ സ്വീകരിക്കണമെന്ന് ബഹുദൈവവിശ്വാസികൾക്ക് പോലും ശാഠ്യമില്ല. ഗുരുവായൂരപ്പന് കഴിവുണ്ടെന്ന് മുസ്ലിംകളും വിശ്വാസിച്ചാലേ മാനവികമാകൂ എന്ന് ഹൈന്ദവിശ്വാസികൾ പോലും പറയില്ല.

പിന്നെ വണങ്ങി വഴങ്ങിയ ശേഷം'ഗുരുവായൂരപ്പൻ തന്നെ കാണുന്നുണ്ടെന്നും എല്ലാം അറിയുന്നുണ്ടെന്നും അനുഗ്രഹിക്കുമെന്നും ' പറയുന്നത് ആദർശത്തെ ബലികഴിച്ചു കൊണ്ട് തന്നെയാണ്. അറിവിന്റെ ആഴമുള്ളവരിൽ നിന്ന് തന്നെ പ്രകടമാകുന്ന ഈ രാഷ്ട്രീയ കപടതയെ ബഹുദൈവവിശ്വാസികൾ പോലും പുഛത്തോടേ കാണൂ. തെരഞ്ഞെടുപ്പല്ല പരലോക മോക്ഷമാണ് വിശ്വാസിക്ക് പ്രധാനം.

അങ്ങാടിപ്പുറം തളിക്ഷേത്രത്തിന്റെ പടിവാതിൽ കത്തിയപ്പോൾ പാഞ്ഞെത്തിയ വന്ദ്യരായ ശിഹാബ് തങ്ങൾ പിന്തുണ നൽകിയത് ക്ഷേത്രനടയിലെ ദൈവങ്ങളെ പ്രാർത്ഥിച്ചു കൊണ്ടല്ല. ഏറ്റവും നല്ല മതവാദിയും മതേതരവാദിയുമായിരുന്നു തങ്ങൾ എന്ന് നാമറിയുകയായിരുന്നു.