കണ്ണൂർ: അഭ്യസ്ഥവിദ്യരായ യുവാക്കൾ പശുവിനെ വളർത്താൻ പറഞ്ഞ ജഡ്ജി എൽ.എൽ.ബി എടുത്ത് എന്തുകൊണ്ട് ജഡ്ജിയാകാൻ പോയെന്നും അദ്ദേഹത്തിന് നാല് പശുക്കളെ വളർത്താമായിരുന്നില്ലേയെന്നും കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. ടി.ഒ മോഹനൻ.

പിണറായി സർക്കാരിന്റെ യുവജന വഞ്ചനയ്ക്കെതിരേ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ കലക്ടറേറ്റിനു മുന്നിൽ നടന്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.എസ്.സി ഉദ്യോഗാർഥികളുടെ കേസ് പരിഗണിക്കവേ ഹൈക്കോടതി ജഡ്ജി നടത്തിയ പരാമർശം വിദ്യാർത്ഥികളെ അപമാനിക്കുന്നതിന് തുല്യമാണ്.

എല്ലാവരും സർക്കാർ ജോലി ആഗ്രഹിക്കരുതെന്നും നാല് പശുക്കളെ വളർത്തുന്നത് സ്റ്റാറ്റസിന് ചേരാത്തതാണെന്നുമുള്ള കാഴ്ചപ്പാട് ശരിയല്ലെന്നുമാണ് കോടതി അഭിപ്രായപ്പെട്ടത്. ഭരണകൂടം നിഷ്പക്ഷമാകാതെ വരുമ്പോഴാണ് ജനങ്ങൾ കോടതിയെ സമീപിക്കുന്നതെന്നും ജനങ്ങൾക്ക് വിശ്വാസമുണ്ടായിരുന്ന പി.എസ്.സിയെ ഇടതു സർക്കാർ നോക്കുകുത്തിയാക്കിയിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസ് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി, റോബർട്ട് വെള്ളാർവള്ളി, വി.രാഹുൽ, പ്രിനിൽ മതുക്കോത്ത്, റിജേഷ് കൊയ് ലേരിയൻ, എം.കെ വരുൺ എന്നിവർ സംസാരിച്ചു.