കൊച്ചി: കൊച്ചി നഗരത്തിൽ മതിലിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ ഒരു നിർമ്മാണ തൊഴിലാളി മരിച്ചു. ഷേണായീസ് ക്രോസ് റോഡിലാണ് അപകടമുണ്ടായത്. രണ്ട് പേർ മതിലിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നു എന്നാണ് വിവരം. ഇതിലൊരാളെ അഗ്‌നിരക്ഷാസേന പ്രവർത്തകർ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ കാല് കുടുങ്ങിയ ആളേയും കോൺക്രീറ്റ് പൊളിച്ച് രക്ഷാപ്രവർത്തകർ പുറത്തെടുത്തു.

ഇതിനിടയിലാണ് മൂന്നാമതൊരാൾ കൂടി അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നുണ്ടെന്ന കാര്യം തിരിച്ചറിഞ്ഞത്. ഇയാളേയും അഗ്‌നിരക്ഷാ സേനാ പ്രവർത്തകർ പിന്നെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. അപകടത്തിൽപ്പെട്ട മൂന്ന് പേരും ആന്ധ്രാപ്രദേശ് സ്വദേശികളാണ്. ധനപാലൻ എന്ന തൊഴിലാളിയാണ് മരിച്ചത്. ശിവാജി, ബംഗാരു സ്വാമി നായിക് എന്നിവർക്കാണ് പരിക്കേറ്റത്. മൂവരും ആന്ധ്ര ചിറ്റൂർ സ്വദേശികളാണ്.

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയുടെ ഭാഗമായിട്ടുള്ള ഓട നിർമ്മാണത്തിൽ ഏർപ്പെട്ട തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ഓട വെട്ടുന്നതിനിടെ സമീപത്തുണ്ടായിരുന്ന മതിൽ ഇവരുടെ മുകളിലേക്ക് പതിക്കുകയായിരുന്നു. കാലപ്പഴക്കം കാരണം മതിൽ ഇടിഞ്ഞു വീണതാണെന്നാണ് പ്രാഥമിക നിഗമനം.