കൊച്ചി: 10 രൂപക്ക് ഉച്ചഭക്ഷണവുമായി 'സമൃദ്ധി @ കൊച്ചി' പേരിൽ നഗരസഭയുടെ ജനകീയ ഹോട്ടൽ എറണാകുളം നോർത്ത് പരമാര റോഡിലെ നഗരസഭ കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കും. വ്യാഴാഴ്ച വൈകീട്ട് നാലിന് നടി മഞ്ജു വാര്യർ ഉദ്ഘാടനം ചെയ്യും. ഈ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച വിശപ്പുരഹിത കൊച്ചി എന്ന ആശയം എൻ.യു.എൽ.എം പദ്ധതി വഴിയാണ് നടപ്പാക്കുന്നത്. 1500 പേർക്ക് ഭക്ഷണം തയാറാക്കാവുന്ന വിധത്തിലുള്ള ആധുനിക സംവിധാനങ്ങളോടുകൂടിയ കേന്ദ്രീകൃത അടുക്കളയാണ് തയാറാക്കിയിട്ടുള്ളത്.

കുടുംബശ്രീ പ്രവർത്തകരായ 14 വനിതകളായിരിക്കും ആദ്യഘട്ടത്തിൽ ഹോട്ടലിലെ തൊഴിലാളികൾ. കേന്ദ്രീകൃത അടുക്കള എന്ന നിലയിൽ പ്രവർത്തിക്കുന്നതിന് ഇവർക്കാവശ്യമായ പരിശീലനം നൽകുന്നത് കുടുംബശ്രീയുടെ അക്രഡിറ്റഡ് ഏജൻസിയായ എ..എഫ്.ആർ.എച്ച്.എം വഴിയാണ്.