ദീർഘവീഷണവും നല്ല കാഴ്ചപ്പാടും വേണം. ഒപ്പം നഗരത്തിന്റെ മുഖച്ഛായയും നഗരവാസികളുടെ ജീവിതവും മാറ്റിമറിക്കുന്ന പദ്ധതികൾ വിഭാവനം ചെയ്ത് നടപ്പാക്കാനുള്ള ഭരണമികവും. കൂടാതെ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങൾ മനസിലാക്കി പരിഹാരം കണ്ടെത്താനുള്ള ഇടപെടലും അനിവാര്യം. പണവും പ്രതാപവും ഒക്കെ ചേരുന്ന, പേരും പെരുമയും നേടിത്തരുന്ന ഒരു പദവി.

പറഞ്ഞുവന്നതുകൊച്ചിയുടെ മേയർ എന്ന പദവിയെപ്പറ്റിയാണ്. രാജ്യത്ത് അതിവേഗം വളരുന്ന രണ്ടാംനിര നഗരങ്ങളിലെ മുൻനിരക്കാരനായ കൊച്ചിയുടെ നഗരപിതാവിന് ഈ യോഗ്യതകളും കൂടിയേ തീരു. കൗൺസിൽ യോഗത്തിൽ ഇടുന്ന ഗൗണിൽ തുടങ്ങുന്നു ആ പദവി അലങ്കരിക്കുന്ന വ്യക്തിക്ക് ലഭിക്കുന്ന അംഗീകാരത്തിന്റെ മുഖമുദ്ര. പദവിക്ക് യോജിച്ചയാളാണ് കസേരയിൽ എത്തുന്നതെങ്കിൽ കീർത്തി കടൽ കടക്കും.

വിദേശികളെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്ന നഗരമാണ് കൊച്ചി. തുറമുഖവും വിമാനത്താവളവും മെട്രോയും എല്ലാം ചേർന്ന പ്രതാപം. കേരളത്തിന്റെ മുഖച്ഛായ ഉയർത്തിക്കാട്ടാൻ കൊച്ചിയെ നന്നായൊന്നു മിനുക്കിയാൽ മതിയെന്നൊരു പൊതുധാരണയുണ്ട്. പരമ്പരാഗതമായി നോക്കിയാൽ കേരളത്തിന്റെ വാണിജ്യ നഗരം, വ്യവസായ നഗരം. തലസ്ഥാന നഗരിയായ തിരുവനന്തപുരം, കോഴിക്കോട് എന്നിവ ഉൾപ്പെടെ വേറെയും നഗരങ്ങളുണ്ടെങ്കിലും കൊച്ചിയാണ് മുന്നിൽ. അതുകൊണ്ട് തന്നെ നഗരപിതാവിനും പിടിപ്പത് പണിയുണ്ട്. എന്നാൽ കാര്യങ്ങൾ ജനത്തെ ബോധ്യപ്പെടുത്തി, അവരുടെ അടിസ്ഥാന ആവശ്യങ്ങൾ പരിഹരിച്ചില്ലെങ്കിൽ അവരുടെ ചീത്തവിളി നേരിട്ടു കിട്ടും എന്നൊരു ദുര്യോഗവും മേയർക്കുമേലുണ്ട്.

ഏഴുലക്ഷത്തോളം ജനവും മൂന്നു നിയമസഭാ മണ്ഡലങ്ങളുടെ ഭാഗവുമായ കൊച്ചി നഗരം. വലിയ സാധ്യതകളാണ് കൊച്ചിക്ക് മുന്നിൽ തുറക്കപ്പെടുന്നത്. കേന്ദ്ര പദ്ധതികളുടെ വലിയൊരു നിരതന്നെ നഗരങ്ങളെ ചുറ്റിപ്പറ്റിയുണ്ട്. ജന്റം പദ്ധതിയിൽ ആദ്യം ഉൾപ്പെടുത്തിയ നഗരമാണു കൊച്ചി. 1500 കോടി രൂപ കിട്ടിയിട്ടും അതു െചലവാക്കാൻ പറ്റിയില്ലെന്നതു കൊച്ചിയുടെ ദുര്യോഗം. അതിന്റെ തുടർച്ചയായി വന്ന സ്മാർട് സിറ്റി പദ്ധതിയിലും കൊച്ചിയുണ്ട്. കോടികളുടെ പദ്ധതികൾ നടപ്പാക്കുന്നു. രാജീവ് ആവാസ് യോജന, അമൃത്.. എന്നിങ്ങനെ വേറെയും കോടിക്കണക്കിനു രൂപ കൊച്ചിയിൽ നിക്ഷേപിക്കപ്പെടുന്നു.

മെട്രോ റെയിൽ, വാട്ടർ മെട്രോ, തുറമുഖ വികസനം, റെയിൽവേ വികസനം, ദേശീയപാതാ വികസനം, വാട്ടർ മെട്രോ, മെട്രൊപ്പൊലീറ്റൻ ട്രാൻസ്‌പോർട്ട് അഥോറിറ്റി എന്നിങ്ങനെ കേന്ദ്ര, സംസ്ഥാന പദ്ധതികളുടെ വിഹിതവും നഗരത്തിലാണു ലഭിക്കുന്നത്. നഗര വികസനം എന്നത് പേപ്പറുകളിൽ ഒതുങ്ങാതെ കൃത്യയോടെ നടപ്പാക്കുന്നയാളാണ് മേയർ സ്ഥാനത്ത് എത്തുന്നതെങ്കിൽ കഞ്ഞി വിളമ്പാൻ കാശുതന്നില്ലെങ്കിലും നഗരത്തിന്റെ ശോഭ കൂട്ടാൻ കോടിക്കണക്കിനു രൂപ കിട്ടും എന്ന് അർത്ഥം.

കൊച്ചിയുടെ വരുമാന സാധ്യതയും ഉദ്ദേശിക്കുന്നതിലും വലുതാണ്. പ്രതിവർഷം കെട്ടിടനികുതി മാത്രം 100 കോടിക്കു മുകളിൽ വരും. പ്ലാൻ ഫണ്ടും അത്രതന്നെ. പതിനായിരക്കണക്കിനു ആളുകൾ ജോലിചെയ്യുന്ന നഗരത്തിൽനിന്നു കൃത്യമായി തൊഴിൽ നികുതി പിരിച്ചാൽ തന്നെ 50 കോടിയോളം രൂപ ലഭിക്കും. എന്നാൽ പല സംഘടിത ഗ്രൂപ്പുകളും ഇതിൽനിന്നു രക്ഷപ്പെടുകയാണു പതിവ്.
കൊച്ചി നഗരത്തിൽ കോടിക്കണക്കിനു രൂപയുടെ ഭൂമിയുടെ ഉടമയാണു കോർപറേഷൻ. ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിൽ മാത്രം 100 ഏക്കർ ഭൂമിയുണ്ട്. വെറും 100 രൂപ പ്രതിമാസ വാടകയ്ക്കു കൊച്ചി നഗരത്തിലല്ലാതെ വേറൊരിടത്തും കച്ചവടം ചെയ്യാൻ മുറികിട്ടില്ല. ഈ വാടക നാട്ടുനടപ്പനുസരിച്ചു പരിഷ്‌കരിച്ചാൽ മാത്രം കൊച്ചി നഗരസഭയ്ക്കു ലഭിക്കുക കോടികളാണ്.

കൊച്ചിയുടെ പൈതൃകവും ജനതയുടെ വിദ്യാഭ്യാസ നിലവാരവും നഗരത്തിന്റെ സംസ്‌കാരവും കണക്കിലെടുത്ത് ഒട്ടേറെ വിദേശ നഗരങ്ങൾ കൊച്ചിയുമായി സഹകരിക്കാൻ എന്നും തയാറായിട്ടുണ്ട്. ആ നഗരങ്ങളുടെ സാങ്കേതിക മേന്മ കൊച്ചിക്കു നൽകാൻ അവർ തയാറുമാണ്. എന്നാൽ ഇതൊക്കെ പ്രാവർത്തികമാക്കാൻ കരുത്തുള്ള ഒരു നഗരപിതാവിനെയാണ് കൊച്ചി തേടുന്നത്.