കൊച്ചി: മോഡലുകൾ കൊച്ചിയിൽ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് ഉറപ്പിച്ച് പൊലീസ്. ആൻസി കബീർ അടക്കം പാർട്ടിയിൽ പങ്കെടുത്തതിന്റെയും സന്തോഷത്തോടെ മടങ്ങുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. എന്നാൽ ഹോട്ടലുടമ ഹാർഡ് ഡിസ്‌ക് നശിപ്പിച്ചത് എന്തിനെന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. ഹാർഡ് ഡിസ്‌ക്കിനായി ഇടക്കൊച്ചി കായലിൽ തിരച്ചിൽ നടത്തി. മോഡലുകളുടെ കാറിനെ പിന്തുടർന്ന സൈജു തങ്കച്ചനെ വീണ്ടും ചോദ്യം ചെയ്യും.

കൊച്ചിയിൽ മുൻ മിസ് കേരള അൻസി കബീറും റണ്ണറപ് അഞ്ജന ഷാജനും മരിച്ചതിൽ അന്വേഷണം തുടരുന്ന പൊലീസ്, ഡിജെ പാർട്ടി നടന്ന ഹോട്ടലിലെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് മരണത്തിൽ ദുരൂഹതയില്ലെന്ന നിഗമനത്തിലേക്ക് എത്തുന്നത്. ഡിജെ പാർട്ടിയിൽ പെൺകുട്ടികൾ പങ്കെടുക്കുന്നതിന്റെയും സംസാരിക്കുന്നതിന്റെയും ദൃശ്യങ്ങൾ ലഭിച്ചു. പാർട്ടി കഴിഞ്ഞ് ഹോട്ടലിൽനിന്ന് സന്തോഷത്തോടെ മടങ്ങുന്നതിന്റെ ദൃശ്യങ്ങളും ഉണ്ടെന്നാണു പൊലീസ് വ്യക്തമാക്കുന്നത്.

എന്നാൽ ചില സിസിടിവി ദൃശ്യങ്ങൾ അടങ്ങുന്ന ഹാർഡ് ഡിസ്‌ക് ഹോട്ടലുടമ എന്തിന് നശിപ്പിച്ചു എന്നതിൽ ഇതുവരെ ഉത്തരമില്ല. കായലിൽ എറിഞ്ഞെന്ന് ജീവനക്കാർ വെളിപ്പെടുത്തിയ ഹാർഡ് ഡിസ്‌ക്കിനായി ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിനടുത്ത് മുങ്ങൽ വിദഗ്ദ്ധർ തിരച്ചിൽ നടത്തി. ചെളി നിറഞ്ഞ കായലിൽനിന്ന് ഒന്നും കണ്ടെത്തിയില്ല. അടുത്ത ദിവസം അത്യാധുനിക സംവിധാനം ഉപയോഗിച്ചുള്ള തിരച്ചിലിനാണ് പൊലീസ് തീരുമാനം.

ഊരിമാറ്റിയ ഹാർഡ് ഡിസ്‌ക് കണ്ടെത്താൻ പൊലീസ് തേവര കണ്ണങ്കാട്ട് പാലത്തിന് സമീപം കായലിലാണ് തിരച്ചിൽ നടത്തിയത്. അഗ്‌നിശമന സേനയിലെ മുങ്ങൽ വിദഗ്ധരെ ഉപയോഗിച്ചായിരുന്നു തിരച്ചിൽ നടത്തിയത്. കേസിലെ രണ്ട് പ്രതികളുമായി നടത്തിയ തിരച്ചിലിൽ ഒന്നും കണ്ടെത്താനായില്ല

ഡിജെപാർട്ടി നടന്ന നന്പര് 18 ഹോട്ടലിലെ ജീവനക്കാർ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു കായലിലെ തിരച്ചിൽ. 12 മണിയോടെ കേസിലെ മൂന്നും നാലും പ്രതികളായ വിഷ്ണു കുമാർ , മെൽവിന് എന്നിവരുടമായി അന്വേഷണം സഘം പാലത്തിലെത്തി. തുടർന്ന പ്രതികൾ ചൂണ്ടിക്കാട്ടിയ സ്ഥലം പ്രത്യേകം മാർക്ക് ചെയ്തു. തുടർന്ന് ഫയർ ആൻഡ് റസ്‌ക്യൂ സർവ്വീസസിലെ ആറ് മുങ്ങൽ വിദ്ഗധർ കായലിലിറങ്ങി.

വൈകിട്ട് വരെ തിരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടില്ല. ശക്തമായ അടിയൊഴുക്കുള്ള മേഖലയിലാണ്. അതു കൊണ്ട് തന്നെ ഹാർഡ് ഡിസ്‌ക വീണ്ടെടുക്കുക പ്രയാസമാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. മിസ് കേരള അടക്കം മൂന്ന് പേർ മരിച്ച അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളും പൊലീസ് അന്വേഷിക്കന്നുണ്ട്.

ഹോട്ടലിലെ ഡിജെ പാർട്ടിക്കിടെ ഹോട്ടലൽ ഉടമ റോയി വയലാട്ട്, ഇവരുടെ കാർ ചേസ് ചെയ്ത സൈജു എന്നിവർ യുവതികളുമായി തർക്കത്തിൽ ഏർപ്പെട്ടതായി പൊലീസിന് വിവരമാണ് നേരത്തെ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.

എന്നാൽ പാർട്ടി നടന്ന റൂഫ് ടോപ്പിലെയും പാർക്കിങ് ഏരിയയിലെയും സിസിടിവി ക്യാമറകളുടെ ഹാർഡ് ഡിസ്‌ക് ഊരി മാറ്റി, ബ്ലാങ്ക് ഡിസ്‌ക് ഘടിപ്പിച്ച നിലയിലായിരന്നു. അപകടം നടന്നതിന് തൊട്ടുപിന്നാലെ റോയി വയലാട്ടിന്റെ നിർദ്ദേശപ്രകാരം കായലിൽ വലിച്ചെറിഞ്ഞെന്നായിരുന്നു ജീവനക്കാരായ വിഷ്ണു കുമാറിന്റെയും മെൽവിന്റെയും മൊഴി. എന്നാൽ ഈ മൊഴികൾ പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല.

നമ്പർ 18 ഹോട്ടൽ ഉടമയ്‌ക്കെതിരെ വിശദമായ അന്വേഷണമാണ് മരിച്ച പെൺകുട്ടികളുടെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. റോയി വയലാട്ടിലിനെതിരെയും ഇവരുടെ വാഹനത്തെ പിന്തുടർന്ന സൈജുവിനെതിരെയും വിശദമായ അന്വേഷണം വേണമെന്ന് മരിച്ച അഞ്ജനാ ഷാജന്റെ കുടുംബം ആവശ്യപ്പെട്ടു. കാണാതായ ഹാർഡ് ഡിസ്‌ക് കണ്ടെത്തി സംഭവത്തിലെ ദുരൂഹത അവസാനിപ്പിക്കണമെന്നാണ് മരിച്ച അൻസി കബീറിന്റെ കുടുംബത്തിന്റെ നിലപാട്. ഇതിനിടെ മരിച്ച പെൺകുട്ടികളുടെ വാഹനത്തെ മുൻപും അരെങ്കിലും പിന്തുടർന്നിരുന്നോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.