കൊല്ലം : കെപിസിസി. വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി. 'ഐ' ഗ്രൂപ്പിലേക്ക്. എകെ ആന്റണിയുടെ മാനസ പുത്രനായാണ് കൊടിക്കുന്നിൽ അറിയപ്പെടുന്നത്. എന്നാൽ ഇപ്പോൾ എ ഗ്രൂപ്പിൽ ആന്റണിക്ക് വലിയ റോളില്ല. ഉമ്മൻ ചാണ്ടിയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. ഇതോടെ ഹൈക്കമാണ്ട് ബന്ധമുള്ള കൊടിക്കുന്നിലിന് ഗ്രൂപ്പിൽ വലിയ സ്ഥാനം ഇല്ലാതെയായി. ഇതോടെയാണ് ഐ ഗ്രൂപ്പിലേക്ക് മാറാൻ കൊടിക്കുന്നിൽ ആലോചിക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായിരുന്നു ബെന്നി ബെഹന്നാൻ. ബെന്നിയും എ ഗ്രൂപ്പുമായി ഇടഞ്ഞു നിൽക്കുകയാണ്.

മൂന്നുവർഷമായി സ്വതന്ത്രനിലപാടിൽ കഴിയുന്ന കൊടിക്കുന്നിലിനോട് രമേശ് ചെന്നിത്തലയടക്കമുള്ള പ്രമുഖ നേതാക്കൾ ആശയവിനിമയം നടത്തിയിട്ടുണ്ട്. 'എ' ഗ്രൂപ്പിൽനിന്നുള്ള അവഗണനമൂലമാണ് മാറിനിന്നതെന്ന് കൊടിക്കുന്നിൽ പറയുന്നു. ഗ്രൂപ്പിലെ ചില നേതാക്കൾ മടങ്ങിവരാൻ ആവശ്യപ്പെടുന്നുണ്ട്. 'ഐ' ഗ്രൂപ്പിൽനിന്ന് ക്ഷണമുണ്ട്. ഏതെങ്കിലും ഒരു ഗ്രൂപ്പിന്റെ ഭാഗമായി നിൽക്കാതെ മുന്നോട്ടുപോകാൻ പ്രയാസമാണ്. തീരുമാനമെടുക്കാൻ ഇനി വൈകില്ലെന്ന് കൊടിക്കുന്നിലുമായി അടുപ്പമുള്ളവർ പറയുന്നു.

ദളിതനെ നേതാവായി അംഗീകരിക്കാനുള്ള മടിയാണ് ഒരുവിഭാഗം 'എ' ഗ്രൂപ്പ് നേതാക്കൾക്ക് തന്നോടുള്ള എതിർപ്പിന് കാരണമെന്നാണ് കൊടിക്കുന്നിലിന്റെ നിലപാട്. കെപിസിസി. ജനറൽ സെക്രട്ടറി രാജേന്ദ്രപ്രസാദ് അടക്കം അദ്ദേഹത്തെ അനുകൂലിക്കുന്ന ഒരുവിഭാഗം പാർട്ടിയിലുണ്ട്. ഇവരെല്ലാം ഐ ഗ്രൂപ്പിലേക്ക് മാറും. മൂന്നുവർഷംമുൻപ് കൊല്ലം ഡി.സി.സി. പ്രസിഡന്റായിരിക്കെയാണ് കൊടിക്കുന്നിൽ എ ഗ്രൂപ്പിൽ നിന്ന് അകലുന്നത്. ആന്റണിയുടെ അതിവിശ്വസ്തൻ അതിന് ശേഷം സ്വതന്ത്ര ബന്ധം പുലർത്തി.

കെപിസിസി. പ്രസിഡന്റായിരുന്ന വി എം.സുധീരനുമായി പുലർത്തിയ അടുപ്പമാണ് ഉമ്മൻ ചാണ്ടിയെ വിഷമിപ്പിച്ചത്. ആന്റണിയുടെ നിർദ്ദേശ പ്രകാരമായിരുന്നു സുധീരനൊപ്പം നിലയുറപ്പിച്ചത്. ഉമ്മൻ ചാണ്ടിയുടെ നേതൃത്വം അംഗീകരിക്കുന്നില്ലെന്നായിരുന്നു കൊടിക്കുന്നിലിനെതിരേ എതിർപക്ഷം ഉയർത്തിയ ആരോപണം. ആന്റണിയിൽ നിന്ന് ഈ ഘട്ടത്തിൽ എ ഗ്രൂപ്പ് പൂർണ്ണമായും ഉമ്മൻ ചാണ്ടിയുടേതായി.

ഈ ഘട്ടത്തിൽ ഉമ്മൻ ചാണ്ടിയെ ചിലർ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്ന് കൊടിക്കുന്നിൽ പക്ഷം പറയുന്നു. തുടർന്ന് 'എ' ഗ്രൂപ്പ് യോഗങ്ങളിൽ കൊടിക്കുന്നിലിനെ വിളിക്കാതായി. അദ്ദേഹത്തോട് അടുപ്പംപുലർത്തിയ ഇപ്പോഴത്തെ കെപിസിസി. സെക്രട്ടറി സൂരജ് രവി അടക്കമുള്ളവരെയും ഗ്രൂപ്പ് യോഗങ്ങളിൽ പങ്കെടുപ്പിച്ചില്ല. കൊടിക്കുന്നിൽ, സൂരജ് രവി, ജോർജ് ഡി.കാട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ ബദൽയോഗങ്ങൾ ചേരുകയും ചെയ്തു.

അതിനിടെ തമ്പാനൂർ രവിയുടെ നേതൃത്വത്തിൽ ജില്ലയിലെ പ്രധാന നേതാക്കളെ പങ്കെടുപ്പിച്ച് നടത്തിയ ചർച്ചയിൽ കൊടിക്കുന്നിലും 'എ' വിഭാഗവുമായി യോജിച്ചുപോകാൻ തീരുമാനിച്ചു. അതിന് അപ്പുറം ഒന്നും സംഭവിച്ചില്ല. ഒപ്പംനിൽക്കുന്നവർക്ക് പാർട്ടി സ്ഥാനങ്ങളും മറ്റും നേടിക്കൊടുക്കാൻ ഏതെങ്കിലും ഗ്രൂപ്പിന്റെ ഭാഗമാകാതെ പ്രയാസമാണെന്ന തിരിച്ചറിവിലാണ് കൊടിക്കുന്നിൽ ഐ ഗ്രൂപ്പുമായി അടുക്കുന്നത്. മുഖ്യമന്ത്രി പദം മോഹിക്കുന്ന ചെന്നിത്തലയ്ക്ക് കൊടിക്കുന്നിലിന്റെ വരവ് ആശ്വാസവുമാണ്.