തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിയേറ്റിലുണ്ടായ തീപിടുത്തത്തിൽ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയ പ്രതിപക്ഷത്തെ വിമർശിച്ചു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ സെക്ഷനിലുണ്ടായ തീപ്പിടുത്ത സംഭവത്തെ ഉപയോഗിച്ച് ബിജെപിയും കോൺഗ്രസ്സും കലാപത്തിന് ഇറങ്ങിപുറപ്പെട്ടിരിക്കുകയാണെന്ന് കോടിയേരി കുറ്റപ്പെടുത്തി.

നിയമസഭയിൽ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം ദയനീയമായി പരാജയപ്പെടുകയും യു.ഡി.എഫിനകത്ത് വിള്ളൽവീഴുകയും ചെയ്തതിന്റെ ജാള്യം മറച്ചുവെക്കാനാണ് കലാപത്തിന് ഇറങ്ങിയിരിക്കുന്നത്. സെക്രട്ടേറിയറ്റിലെ പ്രധാനപ്പെട്ട ഫയലുകളെല്ലാം ഇ-ഫയൽ സംവിധാനത്തിലായതുകൊണ്ട് ഏതെങ്കിലും ചില കടലാസുകൾ കത്തിയാൽ പോലും സുപ്രധാനമായ ഒരു രേഖയും നഷ്ടപ്പെടുകയില്ല. ഈ കാര്യം അറിഞ്ഞുകൊണ്ടുതന്നെയാണ് നുണപ്രചരണത്തിനും കലാപത്തിനും വേണ്ടി പ്രതിപക്ഷം ഇറങ്ങി തിരിച്ചിട്ടുള്ളതെന്നും കോടിയേരി ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

പോസ്റ്റിന്റെ പൂർണ്ണരൂപം:

നിയമസഭയിൽ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം ദയനീയമായി പരാജയപ്പെടുകയും യു.ഡി.എഫിനകത്ത് വിള്ളൽവീഴുകയും ചെയ്തതിന്റെ ജാള്യം മറച്ചുവെക്കാനാണ്, സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ സെക്ഷനിലുണ്ടായ തീപ്പിടുത്ത സംഭവത്തെ ഉപയോഗിച്ച് ബിജെപിയും കോൺഗ്രസ്സും കലാപത്തിന് ഇറങ്ങിപുറപ്പെട്ടിരിക്കുന്നത്.

സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ ഓഫീസിലുണ്ടായ അഗ്നിബാധയെ തുടർന്ന് ബിജെപിയും കോൺഗ്രസും സംയുക്തമായി കലാപത്തിന് വേണ്ടി ശ്രമിക്കുന്നുവെന്നത് ഗൗരവമുള്ള കാര്യമാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വളരെ പെട്ടെന്ന് തന്നെ അവിടെ എത്തിച്ചേരുകയും കലാപമുണ്ടാക്കാൻ ശ്രമിക്കുകയുമാണ് ചെയ്തത്.

പ്രോട്ടോക്കോൾ ഓഫീസിലെ തീപ്പിടുത്തത്തിൽ ഏതാനും പേപ്പറുകൾ മാത്രമാണ് ഭാഗികമായി കത്തിപ്പോയതെന്ന് വ്യക്തമായിട്ടും കള്ളക്കഥ മെനഞ്ഞെടുക്കാനാണ് ഇവർ ചില മാധ്യമങ്ങളുടെ സഹായത്തോടെ ശ്രമിച്ചത്. ഇപ്പോൾ സെക്രട്ടേറിയറ്റിലെ പ്രധാനപ്പെട്ട ഫയലുകളെല്ലാം ഇ-ഫയൽ സംവിധാനത്തിലായതുകൊണ്ട് ഏതെങ്കിലും ചില കടലാസുകൾ കത്തിയാൽ പോലും സുപ്രധാനമായ ഒരു രേഖയും നഷ്ടപ്പെടുകയില്ല. ഈ കാര്യം അറിഞ്ഞുകൊണ്ടുതന്നെയാണ് നുണപ്രചരണത്തിനും കലാപത്തിനും വേണ്ടി പ്രതിപക്ഷം ഇറങ്ങി തിരിച്ചിട്ടുള്ളത്.

ഇത് സംബന്ധിച്ച് അന്വേഷിക്കാൻ ഉന്നതതലത്തിലുള്ള വിവിധ സംഘങ്ങളെ ഗവൺമെന്റ് തന്നെ നിയോഗിച്ചു കഴിഞ്ഞു. കോൺഗ്രസിന്റെയും ബിജെപിയുടെയും നേതാക്കന്മാർ വാർത്ത പുറത്തുവന്ന നിമിഷം തന്നെ സംഭവസ്ഥലത്ത് എത്തിചേർന്നത് സംശയാസ്പദമാണ്.
ഇത്തരത്തിലുള്ള ഏത് സംഭവത്തെ ഉപയോഗിച്ചുകൊണ്ടും കലാപം സൃഷ്ടിക്കുക എന്നതാണ് യു ഡി എഫിന്റെയും ബിജെപിയുടേയും ലക്ഷ്യം. കോവിഡ് മാനദണ്ഡങ്ങളെല്ലാം ലംഘിച്ചുകൊണ്ടാണ് ഇവർ ഒത്തുചേർന്ന് ആക്രമണങ്ങൾ നടത്തുന്നത്.

ഈ സംഭവത്തെ കുറിച്ച് അന്വേഷിക്കുമ്പോൾ കോൺഗ്രസിന്റെയും ബിജെപി നേതാക്കളുടെയും ഇടപെടൽ സംബന്ധിച്ചുകൂടി പരിശോധിക്കണം. സെക്രട്ടേറിയറ്റിൽ കയറി ആക്രമണം നടത്തിയവർക്കെതിരെ കർശനമായ നിയമ നടപടി സ്വീകരിക്കണം. നിയമസഭയിൽ പരാജയപ്പെട്ടതിന്റെ രോഷം തീർക്കാൻ ഇത്തരം നിലപാടുകൾ സ്വീകരിക്കുന്നത് ജനാധിപത്യത്തിന് തന്നെ വെല്ലുവിളിയാണ്. ഇത്തരം ശ്രമങ്ങൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണം.