കണ്ണൂർ: ക്യാപ്റ്റൻ എന്ന വിശേഷണം പാർട്ടി ആർക്കും നൽകിയിട്ടില്ലെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ. വ്യക്തികൾ നൽകുന്ന വിശേഷണം മാത്രമാണ് അതെന്നും കോടിയേരി പറഞ്ഞു. സിപിഎമ്മിന്റെ പ്രസിദ്ധീകരണത്തിൽ അങ്ങനെ ഒരു വാചകം ഉപയോഗിച്ചിട്ടുണ്ടോ?. പാർട്ടിയെ സംബന്ധിച്ചിടത്തോളം എല്ലാവരും സഖാക്കന്മാരാണ്. മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റൻ എന്നു വിശേഷിപ്പിച്ചുകൊണ്ട് നടക്കുന്ന പ്രചാരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി കോടിയേരി പറഞ്ഞു.

ഇടതുമുന്നണിയുടെ ആത്മവിശ്വാസം വർധിച്ചിരിക്കുകയാണ്. തുടർച്ചയായി പത്തുവർഷം ഭരിക്കാൻ അവസരം കിട്ടുന്ന ഫലമാണ് വരാനിരിക്കുന്നത്. ഇടതുസർക്കാർ നാലുവർഷം പൂർത്തീകരിച്ചപ്പോൾ ഒരു പ്രമുഖ ടെലിവിഷൻ ചാനലാണ് തുടർഭരണ സാധ്യത ആദ്യം പ്രവചിച്ചത്. ഇത് യുഡിഎഫ് ക്യാമ്പിനെയും ബിജെപിയെയും ജാഗരൂകരാക്കി. അതിന് ശേഷം ഇടതുമുന്നണിക്ക് അത്തരമൊരു സാധ്യത ഉണ്ടാകാതിരിക്കണമെന്ന നിലയിൽ കൊണ്ടുപിടിച്ച ശ്രമങ്ങളാണ് യുഡിഎഫും ബിജെപിയും നടത്തി വന്നതെന്ന് കോടിയേരി ആരോപിച്ചു.

ഇനി മൽസരിക്കാനില്ല എന്ന ഇപി ജയരാജന്റെ പ്രസ്താവനയെയും കോടിയേരി തള്ളി. ജയരാജന്റേത് വെറും അഭിപ്രായപ്രകടനം മാത്രമാണെന്ന് കോടിയേരി പറഞ്ഞു. ഏതൊരു സഖാവിനും പറയാനുള്ളത് പാർട്ടി കേൾക്കുമല്ലോ. എതൊരാളുടെയും അഭിപ്രായം കേട്ടശേഷമായിരിക്കും പാർട്ടി തീരുമാനമെടുക്കുക. തീരുമാനം എടുത്തുകഴിഞ്ഞാൽ എല്ലാവർക്കും അത് ബാധകമായിരിക്കും.