തിരുവനന്തപുരം: ബിനീഷ് കോടിയേരി എന്തെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കാമെന്നും ആരും സംരക്ഷിക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ബെംഗളൂരു ലഹരിമരുന്നു കേസിൽ കേന്ദ്ര നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ പിടിയിലായ കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദും തന്റെ മകൻ ബിനീഷ് കോടിയേരിയും തമ്മിൽ ബന്ധമുണ്ടെന്ന വാർത്തകളോടെ പ്രതികരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണൻ. ബിനീഷ് തെറ്റുകാരനെങ്കിൽ സംരക്ഷിക്കില്ലെന്ന് കോടിയേരി വ്യക്തമാക്കി. ആരോപണങ്ങളുടെ വിശദാംശങ്ങൾ തനിക്കറിയില്ല. പുകമറ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്ക് അൽപായുസ് മാത്രമേ ഉണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു.

ബിനീഷ് കോടിയേരി തെറ്റുകാരനെങ്കിൽ നിയമനടപടി സ്വീകരിക്കട്ട. ശിക്ഷിക്കപ്പെടേണ്ടതാണെങ്കിൽ ശിക്ഷിക്കട്ടെ. തൂക്കിക്കൊല്ലേണ്ട കുറ്റമാണെങ്കിൽ തൂക്കിക്കൊല്ലട്ടെ. തന്നെ മാനസികമായി തകർക്കാനാണ് ശ്രമമെങ്കിൽ അത് നടക്കില്ല. ഇതെല്ലാം നേരിടാൻ തയ്യാറായിട്ടാണ് ഒരു കമ്യൂണിസ്റ്റുകാരനായി ജീവിക്കുന്നത്. ഒരു കമ്യൂണിസ്റ്റുകാരൻ പല തരത്തിലുമുള്ള ആക്രമണം നേരിടേണ്ടി വരും. കേന്ദ്ര ഏജൻസികൾ എല്ലാ കാര്യവും അന്വേഷിക്കട്ടെയെന്ന് കോടിയേരി പറഞ്ഞു. തെളിവുണ്ടെങ്കിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അന്വേഷണ ഏജൻസികൾക്ക് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സർക്കാരിനു കീഴിൽ ക്രമസമാധാന നില ഭദ്രമാണ്. കേരളത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാൻ ശ്രമം നടക്കുകയാണെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.

അന്വേഷണ ഏജൻസി കാര്യങ്ങൾ സ്വതന്ത്രമായി അന്വേഷിച്ച് കണ്ടെത്തട്ടെ. ബിനീഷ് വല്ല കുറ്റവും ചെയ്‌തെങ്കിൽ അവനെ ശിക്ഷിക്കട്ടെ, തൂക്കിക്കൊല്ലണ്ടതാണെങ്കിൽ തൂക്കിക്കൊല്ലട്ടെ. ആരും സംരക്ഷിക്കാൻ പോകുന്നില്ല- കോടിയേരി പറഞ്ഞു. കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഉപതിരഞ്ഞെടുപ്പ് എപ്പോൾ നടത്തിയാലും നേരിടാൻ ഇടതുപക്ഷ മുന്നണി സജ്ജമാണ്. ജോസ്.കെ.മാണിയോട് നിഷേധാത്മകമായ നിലപാടല്ല ഇടതുപക്ഷത്തിനുള്ളതെന്നും ജോസ് കെ മാണി ഒരു നിലപാട് സ്വീകരിച്ചതിന് ശേഷം ഇക്കാര്യം ചർച്ച ചെയ്യുമെന്നും കോടിയേരി പറഞ്ഞു.

കഴിഞ്ഞ മാസം 21 നാണ് അനൂപ് അറസ്റ്റിലാകുന്നത്. പൊലീസ് പിടിയിലാകുന്നതിന് രണ്ട് ദിവസം മുൻപും അനൂപ്, ബിനീഷ് കോടിയേരിയുമായി സംസാരിച്ചു. ഓഗസ്റ്റ് 19 ന് മാത്രം അഞ്ച് തവണയാണ് വിളിച്ചത്. ഓഗസ്റ്റ് പതിമൂന്നിന് എട്ട് മിനിട്ടിലേറെ ഇരുവരും സംസാരിച്ചു. ഇത് വ്യക്തമാക്കുന്നതാണ് ഫോൺ രേഖ. ബാംഗളൂരവിൽ അറസ്റ്റിലായ മയക്കുമരുന്ന് മാഫിയയുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്ന ആരോപണവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസാണ് രംഗത്തെത്തിയത്. മയക്കുമരുന്ന് മാഫിയക്ക് വേണ്ടി പണം മുടക്കിയത് ബിനീഷ് കോടിയേരിയാണെന്നും കച്ചവട കേന്ദ്രമായി പ്രവർത്തിച്ച ഹോട്ടലിൽ ബിനീഷ് കോടിയേരി നിത്യ സന്ദർശകനായിരുന്നുവെന്നും ഫിറോസ് ആരോപിച്ചിരുന്നു.

ആരോപണങ്ങൾക്ക് മറുപടിയുമായി ബിനീഷ് കോടിയേരിയും രംഗത്തെത്തിയിരുന്നു. അനൂപ് മുഹമ്മദിനെ വർഷങ്ങളായി അറിയാമെന്നും എന്നാൽ ഇത്തരത്തിലൊരു വ്യക്തിയാണ് അനൂപ് എന്ന് അറിയില്ലായിരുന്നുവെന്നുമായിരുന്നു ബിനീഷിന്റെ പ്രതികരണം. ലഹരിക്കടത്തു കേസിൽ പിടിയിലായ അനൂപ് മുഹമ്മദിനെ കാണാൻ ബിനീഷ് കോടിയേരി വന്നിട്ടുണ്ടെന്ന് പിതാവ് മുഹമ്മദ് ബഷീർ പറഞ്ഞു. അനൂപിന്റെ വെണ്ണലയിലെ വീട്ടിലാണ് ബിനീഷ് വന്നതെന്നും അനൂപ് മുഹമ്മദിന്റെ പിതാവ് പറഞ്ഞു. മകന് ബംഗളൂരുവിൽ ബിസിനസ് ആണെന്നാണ് പറഞ്ഞിരുന്നത്. ബിസിനസിൽ മകനെ സുഹൃത്തുക്കൾ സഹായിച്ചിരുന്നുവെന്നും മുഹമ്മദ് ബഷീർ പറഞ്ഞു. അതേസമയം മയക്കുമരുന്നു ഇടപാടിനെ കുറിച്ച് ഒന്നും അറിയില്ല. ബി എ പഠനത്തിന് ശേഷമാണ് അനൂപ് മുഹമ്മദ് ബംഗളൂരുവിലേക്ക് പോകുന്നത്. സുഹൃത്തുക്കളുടെ സഹായത്തോടെ അവിടെ ഹോട്ടൽ ആരംഭിച്ചു. വീട്ടിൽ നിന്നു ഒരു സാമ്പത്തിക സഹായവും നൽകിയിട്ടില്ലെന്നും പിതാവ് മുഹമ്മദ് ബഷീർ പറയുന്നു.

ജനുവരിയിലാണ് മകൻ അവസാനമായി വീട്ടിൽ വന്നിട്ട് പോകുന്നത്. മാധ്യമങ്ങളിലൂടെയാണ് മകനെ പറ്റിയുള്ള വാർത്തകൾ അറിഞ്ഞത്. തനിക്കും കുടുംബത്തിനും മകന്റെ ഇത്തരം പ്രവൃർത്തികളെ കുറിച്ചു ഒന്നും അറിയില്ലെന്നും മുഹമ്മദ് ബഷീർ പറഞ്ഞു. ലഹരിക്കടത്ത് കേസ് പ്രതി അനൂപ് മുഹമ്മദിന്റെ ഫോൺ രേഖ പുറത്ത്. ബിനീഷ് കോടിയേരിയുമായി അനൂപ് നിരവധി തവണ വിളിച്ചത് ഫോൺ രേഖയിലുണ്ട്. കഴിഞ്ഞ മാസം ഒന്നാം തീയതിക്കും പത്തൊൻപതാം തീയതിക്കുമിടയിൽ എട്ട് തവണയാണ് ബിനീഷ് കോടിയേരിയെ വിളിച്ചത്. കഴിഞ്ഞ മാസം 1,13,19 തീയതികളിൽ സംസാരിച്ചതിന്റെ ഫോൺ രേഖയാണ് പുറത്തുവന്നിരിക്കുന്നത്.