തിരുവനന്തപുരം: ബിജെപിയെ എതിർക്കാനുള്ള ശക്തി കോൺ​ഗ്രസിനില്ലെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ. മുപ്പത്തിയഞ്ച് സീറ്റ് കിട്ടിയാൽ ഭരിക്കുമെന്ന് ബിജെപി പറഞ്ഞത് കോൺഗ്രസ് എംഎൽഎമാരെ ലക്ഷ്യമിട്ടാണെന്നും കോടിയേരി പറഞ്ഞു. ഇന്നും നാളെയുമായി കൂടുതൽ പേർ കോൺഗ്രസ് വിടുമെന്നും അദ്ദേഹം പറഞ്ഞു. ഇടത് മുന്നണിയുടെ വട്ടിയൂർക്കാവ് നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണൻ.

കോൺഗ്രസിന് ബിജെപിയുടെ ബദലാകാൻ കഴിയില്ല. ബിജെപിക്ക് ബദൽ ഇടത്പക്ഷം മാത്രമാണ്. ട്രാക്ടർ ഓടിച്ചും കടലിൽ ചാടിയുമാണോ രാഹുൽ ഗാന്ധി ബിജെപിയെ തുരത്താൻ പോകുന്നതെന്നും കോടിയേരി പരിഹസിച്ചു. സംസ്ഥാനത്ത് തുടർഭരണം അസാധ്യമല്ലെന്ന് പറഞ്ഞ കോടിയേരി പെൻഷൻ കിട്ടാത്തവർക്കെല്ലാം അറുപത് വയസ് കഴിഞ്ഞാൽ പെൻഷൻ നൽകുമെന്നും പ്രഖ്യാപിച്ചു.

ഹിന്ദുരാഷ്ട്രമെന്ന് പ്രചരിപ്പിച്ച് കൊണ്ട് ആർഎസ്എസ് ഭരണം സ്ഥാപിക്കാനാണ് നീക്കം. ഇന്ത്യയിലെ മഹാഭൂരിപക്ഷം ഹിന്ദുക്കൾ പാവപ്പെട്ടവരാണ് അവർക്ക് എന്ത് ഗുണമാണ് നരേന്ദ്ര മോദിയുടെ ഭരണം കൊണ്ടുട്ടായിട്ടുള്ളതെന്ന് കോടിയേരി ചോദിക്കുന്നു. അയോധ്യയിൽ ക്ഷേത്രത്തിന് തറക്കല്ലിടാൻ മോദി പോയപ്പോൾ അതിനെ എതിർക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്നും ഞങ്ങളെ വിളിച്ചില്ലെന്നായിരുന്നു പരാതിയെന്നും സിപിഎം നേതാവ് ഓർമ്മിപ്പിച്ചു.