കൊച്ചി: കേരളത്തിൽ കത്തപ്പടർന്ന മെഡിക്കൽ കോളജ് കോഴ വിവാദത്തിന് ശേഷം ബിജെപിയെ വെട്ടിലാക്കാൻ പോന്ന വിവാദമാണ് കൊടകരയിലെ കുഴൽപ്പണ കേസ് മോഷണമെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇതിന് പിന്നിൽ പരിവാർ നേതാക്കളാണെന്ന് പൊലീസ് സൂചന നൽകുന്നു. എന്നാൽ ഇക്കാര്യം ബിജെപി നിഷേധിക്കുകയാണ്. അവർക്ക് ഇതിൽ പങ്കില്ലെന്നും പറയുന്നു. അതിനിടെ പാർട്ടിയിലെ സഹപ്രവർത്തകയ്ക്ക് അശ്ലീലദൃശ്യങ്ങളും സന്ദേശങ്ങളും അയച്ച സംഭവത്തിൽ കുടുങ്ങിയ നേതാവും ഈ സംഭവത്തിൽ പ്രതിസ്ഥാനത്താണ്.

ഒരുകാലത്ത് വി മുരളീധര പക്ഷത്തെ പ്രമുഖനായിരുന്നു ഇയാൾ. പിന്നീട് ഗ്രൂപ്പുമാറി. പാലക്കാട് മുതൽ കോട്ടയം വരെ ജില്ലകളുടെ ചുമതലയുള്ള വ്യക്തിയായിരുന്നു അന്ന് ഇദ്ദേഹം. ഭാര്യക്ക് മൊബൈൽ ഫോണിൽ സന്ദേശമയച്ചതായി മഹിള മോർച്ച നേതാവായ യുവതിയുടെ ഭർത്താവ് അന്ന് ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായിരുന്ന കുമ്മനം രാജശേഖരൻ ഉൾപ്പെടെയുള്ളവർക്കും ആർഎസ്എസ് നേതാക്കൾക്കും പരാതി നൽകിയിരുന്നു. പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലായിരുന്നു പാർട്ടി നടപടി. പിന്നീട് കുമ്മനം മാറിയതോടെ വീണ്ടും പാർട്ടിയിൽ സജീവമായി. ഇപ്പോഴും ചുമതലകളുണ്ട്.

ബിജെപി വിജയപ്രതീക്ഷ വച്ചു പുലർത്തുന്ന ഒരു നിമയസഭാ മണ്ഡലത്തിലെ ചുമതലയും ഇയാൾക്കുണ്ടായിരുന്നു. മെഡിക്കൽ കോളജ് കോഴ റിപ്പോർട്ട് ചോർച്ചയുമായി ബന്ധപ്പെട്ട് നടന്ന തെളിവെടുപ്പിൽ ഇയാൾ മുരളിപക്ഷത്തെ പ്രമുഖനെതിരെ മൊഴി നൽകിയിരുന്നു. ഇതും ഏറെ വിവാദമായിരുന്നു. ഇതിന് ശേഷമാണ് മുരളീധര പക്ഷത്തു നിന്നുള്ള അകൽച്ച തുടങ്ങിയത്. എന്നാൽ കെ സുരേന്ദ്രൻ വന്നതോടെ പതിയെ വീണ്ടും സംഘടനയിൽ സജീവമായി. ബിജെപിയിലെ മറ്റൊരു പ്രബല ഗ്രൂപ്പും ആ ഘട്ടത്തിൽ ഇയാളെ പിന്തുണച്ചിരുന്നു. വിദ്യാർത്ഥി സംഘടനയിലെ പ്രവർത്തന മികവുമായി ബിജെപിയിൽ എത്തിയ നേതാവാണ് ഇയാൾ.

കൊടകരയിൽ കുഴൽപ്പണം കവർന്ന സംഭവത്തിൽ പത്ത് പ്രതികളെ തിരിച്ചറിഞ്ഞു. ഇവർ തൃശ്ശൂർ, കണ്ണൂർ, ബെംഗളൂരു സ്വദേശികളാണെന്നാണ് വിവരം. ഇവർക്കായി തിരച്ചിൽ തുടങ്ങിയിട്ടുണ്ടെന്ന് തൃശ്ശൂർ റൂറൽ പൊലീസ് സൂപ്രണ്ട് ജി പൂങ്കുഴലി പറഞ്ഞു. ചാലക്കുടി ഡിവൈഎസ്‌പി ജിജിമോന് അന്വേഷണ ചുമതല കൈമാറി. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിച്ച് കേസ് അന്വേഷിക്കും. തിരിച്ചറിഞ്ഞവർക്ക് ആർഎസ്എസ് ബന്ധമുണ്ടെന്നാണ് സൂചന. മുൻ എബിവിപി നേതാവിന് ഈ ഓപ്പറേഷനെ കുറിച്ച് അറിയാമെന്നും പൊലീസ് വിലയിരുത്തുന്നു. ഇയാളാണോ പണം തട്ടലിന് പിന്നിലെന്ന് അറിയണമെങ്കിൽ ഓപ്പറേഷനിൽ നേരിട്ട് പങ്കെടുത്തവരെ പിടികൂടേണ്ടതുണ്ട്.

പൂങ്കുഴലി നേരിട്ടാണ് അന്വേഷണത്തിന് ചുക്കാൻ പിടിക്കുന്നത്. അതിനിടെ കണ്ണൂരിലെ ബലിദാനികളുടെ കുടുംബങ്ങൾക്ക് ആശ്വാസമെത്തിക്കാനായി നടത്തിയ ഓപ്പറേഷനാണ് ഇതെന്ന ചർച്ചകളും സജീവമാണ്. എന്നാൽ ഈ പണവുമായി യാതൊരു ബന്ധവുമില്ലെന്ന് നിലപാട് എടുക്കാൻ തന്നെയാണ് ബിജെപിയുടെ തീരുമാനം. അതിനിടെ കേന്ദ്ര ഏജൻസികളും ഇക്കാര്യത്തിൽ പരിശോധന നടത്തുന്നുണ്ട്. ഇഡിയും വിഷയത്തിൽ കേസെടുക്കാൻ സാധ്യത ഏറെയാണ്.

തിരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ എത്തിച്ച മൂന്നരക്കോടി രൂപ പാർട്ടി നേതാക്കൾ തട്ടിയെടുത്തത് ഗുണ്ടയെ ഉപയോഗിച്ചാണെന്ന് പൊലീസിനു വിവരം. കണ്ണൂർ കല്യാശ്ശേരിയിൽനിന്നു വന്ന ഗുണ്ട തൃശ്ശൂരിൽ എത്തുന്നതുവരെ പണം കൊണ്ടുവന്ന വാഹനം തൃശ്ശൂരിലെ രണ്ടു നേതാക്കൾ ഇവിടെ പിടിച്ചുനിർത്തുകയായിരുന്നെന്നാണ് പൊലീസ് കരുതുന്നത്. രാത്രിയാത്ര അപകടകരമാണെന്നു പറഞ്ഞാണ് ജില്ലാ നേതൃത്വത്തിലുള്ള വ്യക്തി എം.ജി. റോഡിലെ ലോഡ്ജിൽ ഡ്രൈവർക്ക് മുറിയെടുത്തു കൊടുത്തത്.

ഏപ്രിൽ രണ്ടിനു വൈകീട്ട് ഏഴോടെയാണ് പണവുമായി കാർ എത്തിയത്. അപ്പോൾത്തന്നെ കൊച്ചിയിലേക്കു പോകാനായിരുന്നു പദ്ധതി. ഈ വാഹനം തടഞ്ഞുനിർത്തി നേതാക്കൾ കണ്ണൂരിലെ ഗുണ്ടയെ ബന്ധപ്പെട്ടു. രണ്ടരയോടെ ഗുണ്ട കാറിൽ തൃശ്ശൂരിലെത്തി. ഇരിങ്ങാലക്കുടയിൽ താമസിക്കുന്ന തലശ്ശേരി സ്വദേശിയായ മറ്റൊരു ഗുണ്ടയെയും വിളിച്ചുവരുത്തി. മറ്റു രണ്ട് കാറുകളും സംഘടിപ്പിച്ചു. വിശ്വസ്തരായ നാലുപേരെയും കൂട്ടി. പണവുമായി എത്തിയ കാറിന്റെ ഡ്രൈവറെ വെളുപ്പിന് നാലുമണിക്ക് പോകാൻ അനുവദിച്ചു. മൂന്ന് കാറുകളിൽ ഗുണ്ടാസംഘം പിന്തുടർന്നു. കൊടകര മേൽപ്പാലം കഴിഞ്ഞപ്പോൾ കാറിനെ ഗുണ്ടാസംഘത്തിന്റെ ഒരു കാർ മറികടന്നു നിർത്തി. മറ്റു രണ്ട് കാറുകൾ പണം കൊണ്ടുപോയ കാറിൽ ഇടിച്ചു. ഡ്രൈവർ പുറത്തിറങ്ങിയതോടെ, പണവുമായി വന്ന കാർ ഗുണ്ടാ സംഘം തട്ടിക്കൊണ്ടുപോയി.

പണവുമായി എത്തിയ കാറിന്റെ ഡ്രൈവർ കോഴിക്കോട് ചേളന്നൂർ കണ്ണങ്കര എ.കെ. വീട്ടിൽ ഷംജീർ ആണ് കൊടകര പൊലീസിൽ പരാതി നൽകിയത്. അരമണിക്കൂറിനുള്ളിൽ പദ്ധതി ആസൂത്രകനായ പാർട്ടി നേതാവ് സ്റ്റേഷനിലെത്തി ഒത്തുതീർപ്പിനു ശ്രമിച്ചു. വൻതട്ടിപ്പ് നടക്കുന്നെന്ന സൂചന കിട്ടിയ പാർട്ടിയിലെ മറ്റുചില നേതാക്കളാണ് സംഭവം കുത്തിപ്പൊക്കിയത്. സംഭവത്തെപ്പറ്റി പാർട്ടിയും പാർട്ടിയെ നയിക്കുന്ന സംഘടനയും അന്വേഷണം നടത്തുന്നുണ്ട്. തൃശ്ശൂരിൽ കടക്കെണിയിലായ ഒരു നേതാവ് ഈയിടെ വൻതുകയുടെ കടം വീട്ടിയതും പാർട്ടി അന്വേഷിക്കുന്നുണ്ട്.