കോഴിക്കോട്; കൊടുവള്ളിയിൽ യുഡിഎഫിനുള്ളിൽ കലഹം തുടങ്ങി. നഗരസഭയിൽ ഭരണം നഷ്ടമായാൽ ഉത്തരവാദിത്വം ലീഗിനായിരിക്കുമെന്ന് കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി ജനറൽ സെക്രട്ടറി പിടി അസ്സയിൽ കുട്ടി പറഞ്ഞു. നഗരസഭയിലേക്ക് യുഡിഎഫ് സ്ഥാനാർത്ഥികളായി കോൺഗ്രസ് മത്സരിക്കുന്ന രണ്ട് ഡിവിഷനുകളിൽ ലീഗിന്റെ റിബൽ സ്ഥാനാർത്ഥികളും രംഗത്തുണ്ട്.

അവരെ ലീഗിൽ നിന്നും പുറത്താക്കിയിട്ടില്ല. മുസ്ലിം ലീഗ് ജില്ല നേതൃത്വത്തിന് ഇത് സംബന്ധിച്ച് പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ല. റിബലുകൾ ജയിച്ചാൽ അവരെ പാർട്ടിയിൽ ചേർക്കുകയാണ് ലീഗിന്റെ പതിവ്. കഴിഞ്ഞ തവണയും ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടായിരുന്നു. ഒരു ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ ഭീഷണിപ്പെടുത്തി സ്ഥാനാർത്ഥിത്വം പിൻവലിപ്പിച്ചാണ് വിമതനെ ഔദ്യോഗിക സ്ഥാനാർത്ഥിയാക്കിയത്. ഇതെല്ലാം തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പ്രതികൂലമായി ബാധിക്കും.

യുഡിഎഫ് സംസ്ഥാന നേതൃത്വത്തിന്റെയും മുസ്ലിം ലീഗിന്റെ ഉന്നത നേതൃത്വത്തിന്റെയും തീരുമാനത്തിന് വിരുദ്ധമായാണ് മുസ്ലിം ലീഗ് മുനിസിപ്പൽ നേതൃത്വം പ്രവർത്തിക്കുന്നത്. നഗരസഭ ഒന്നാം ഡിവിഷനിൽ ജില്ല ലീഗ് നേതൃത്വം പുറത്താക്കിയ എപി മജീദ് മാസ്റ്ററെയാണ് ലീഗ് സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. ഇത് കോൺഗ്രസ് അംഗീകരിക്കില്ല. ഇദ്ദേഹത്തെ യുഡിഎഫ് സ്ഥാനാർത്ഥിയായാണ് അവതരിപ്പിച്ചിരിക്കുന്നത്. യുഡിഎഫ് സ്ഥാനാർത്ഥിയായാണ് അദ്ദേഹം പ്രചരണം നടത്തുന്നതും.

ഇത് അംഗീകരിക്കാനാകില്ല. കോൺഗ്രസ് അദ്ദേഹത്തിന്റെ പ്രചരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കില്ല. ഇവിടെ യുഡിഎഫ് പരാജയപ്പെട്ടാൽ ഉത്തരവാദിത്വം പൂർണ്ണമായും ലീഗിനായിരിക്കും. ഇത്തരം പ്രശ്നങ്ങളുടെ അലയൊലികൾ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കും. ലീഗ് വലിയ വില നൽകേണ്ടി വരുമെന്നും കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി പിടി അസ്സയിൽ കുട്ടി പറഞ്ഞു.

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് വിവാദങ്ങളിൽ നിറഞ്ഞുനിന്ന പ്രദേശമാണ് കൊടുവള്ളി. നഗരസഭയിൽ ഭരണം പിടിക്കാൻ ഇടതുമുന്നണി കഠിനപരിശ്രമത്തിലാണ്. എൽഡിഎഫ് എംഎൽഎാരായ കാരാട്ട് റസാഖും, പിടിഎ റഹീമും നേരിട്ട് കുടുംബയോഗങ്ങളിൽ പങ്കെടുത്ത് പ്രചരണം നടത്തുന്നുണ്ട്. നേരത്തെ ചുണ്ടപ്പുറം ഡിവിഷനിലേക്ക് ഇടതു സ്വതന്ത്രനായി പ്രഖ്യാപിച്ചിരുന്ന ഫൈസൽ കാരാട്ടിന്റെ സ്ഥാനാർത്ഥിത്വം ഇടതുമുന്നണി പിൻവലിച്ചിരുന്നു. പകരം സ്ഥാനാർത്ഥിയായി ഐൻഎൻഎൽ നേതാവിനെ നിർത്തുകയും ചെയ്തിരുന്നു.

എന്നാൽ ഫൈസൽ കാരാട്ട് സ്വതന്ത്രനായി മത്സര രംഗത്തുണ്ട്. ഇവിടെ സിപിഎം അടക്കമുള്ള ഇടതുപാർട്ടികളുടെ പിന്തുണ സ്വർണ്ണക്കടത്ത് കേസിൽ ചോദ്യം ചെയ്യലിന് വിധേയമായ ഫൈസൽ കാരാട്ടിനാണ്.