കൊടുവള്ളി: സ്വർണ്ണക്കടത്തിൽ ആരോപണ വിധേയനായ കാരാട്ട് ഫൈസലിനുവേണ്ടി പാർട്ടി വോട്ടുകൾ മൊത്തമായി മറിച്ചുകൊടുത്ത സംഭവത്തിൽ സിപിഎം നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി കൊടുവള്ളി നഗരസഭയിലെ സിപിഎമ്മിന്റെ ചുണ്ടപ്പുറം ബ്രാഞ്ച് പിരിച്ചുവിട്ടു. കാരാട്ട് ഫൈസൽ മത്സരിച്ച കൊടുവള്ളി നഗരസഭയിലെ ചുണ്ടപ്പുറം ഡിവിഷൻ ഉൾപ്പെടുന്ന ബ്രാഞ്ചാണിത്. ഇവിടെ മത്സരിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥി ഐ.എൻ.എൽ. നേതാവും കൊടുവള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ ഒ.പി. റഷീദിന് പൂജ്യം വോട്ടായിരുന്നു ലഭിച്ചത്. ഇതിനേ തുടർന്നാണ് പാർട്ടി നടപടി.

നേരത്തെ കൊടുവള്ളിയിൽ നടന്ന എൽ.ഡി.എഫ്. കൺവെൻഷനിൽ പി.ടി.എ. റഹീം എംഎ‍ൽഎ. ആയിരുന്നു കാരാട്ട് ഫൈസലിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. പ്രഖ്യാപനം നടന്ന ശേഷം കാരാട്ട് ഫൈസലിനെയും കൊണ്ട് സിപിഎം. ഉൾപ്പെടെയുള്ള എൽ.ഡി.എഫ്. പ്രവർത്തകർ രണ്ട് റൗണ്ട് വീടുകളിൽ കയറി വോട്ടഭ്യർഥനയും നടത്തി. ഇതിനു ശേഷമാണ് എൽ.ഡി.എഫ്. കാരാട്ട് ഫൈസലിനുള്ള പിന്തുണ പിൻവലിച്ച് ഒ.പി. റഷീദിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.

നഗരസഭാ 15-ാം ഡിവിഷനിൽ നിന്ന് മത്സരിച്ച ഫൈസലിന് 73 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. തൊട്ടടുത്ത യു.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ ഖാദറിന് 495 വോട്ടും ലഭിച്ചു. ഫൈസലിന്റെ അപരനായി മത്സരിച്ച കെ.ഫൈസലിന് പോലും ഏഴ് വോട്ട് കിട്ടിയപ്പോഴായിരുന്നു ഒ.പി റഷീദിന് പൂജ്യം വോട്ട് ലഭിച്ചത്. എൽ.ഡി.എഫ്. സ്ഥാനാർത്ഥിക്ക് 'പൂജ്യം' വോട്ട് ലഭിക്കാനിടയായത് അണികൾക്ക് കാരാട്ട് ഫൈസലിനുവേണ്ടി വോട്ട് ചെയ്യണമെന്ന രഹസ്യ നിർദ്ദേശത്തെ തുടർന്നെന്ന് സൂചനകളും പുറത്തുവന്നിരുന്നു. പ്രചാരണ പ്രവർത്തനങ്ങളിലെല്ലാം മുന്നിട്ട് നിന്നത് കാരാട്ട് ഫൈസലായിരുന്നു. ഫൈസലിന് പ്രദേശത്തെ ഇടത് അണികളുടെ വലിയ പിന്തുണയും ഉണ്ടെന്ന് നേരത്തെ ആരോപണം വന്നിരുന്നു. ഇതിന് പുറമെ ഒ.പി റഷീദ് ഡമ്മി സ്ഥാനാർത്ഥി മാത്രമാണെന്നും ഫൈസലാണ് ഇവിടേയുള്ള യഥാർഥ സ്ഥാനാർത്ഥിയെന്നും കോൺഗ്രസും ബിജെപിയും ആരോപിക്കുകയും ചെയ്തിരുന്നു. ഇത് ശരിവെക്കുന്നതായി ഫൈസലിന്റെ വിജയം.

വിഷയത്തിൽ നടപടിയുണ്ടാകുമെന്ന് ജില്ലാ സെക്രട്ടറി മോഹനനൻ മാസ്റ്റർ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ ജില്ലാ സെക്രട്ടറിയേറ്റ് ചേരുകയും തീരുമാനം ഇന്ന് ജില്ലാ കമ്മറ്റിയിൽ റിപ്പോർട്ട് ചെയ്യുകയുമായിരുന്നു. സ്ഥാനാർത്ഥിയായ റഷീദിന് മറ്റൊരു വാർഡിലായിരുന്നു വോട്ട്. എന്നാൽ പാർട്ടി ബ്രാഞ്ച് സെക്രട്ടറിയോ പ്രവർത്തകരോ വോട്ട് ചെയ്തില്ല എന്നത് സിപിഎമ്മിന്റെ സംഘടനാ തീരുമാനത്തെ വെല്ലുവിളിക്കുന്നതാണ് എന്ന പൊതു വിലയിരുത്തലാണുള്ളത്.