ദുബായ്: ഐസിസി ടി20 റാങ്കിംഗിൽ ഇന്ത്യയുടെ മുൻ നായകൻ വിരാട് കോലിക്ക് കനത്ത തിരിച്ചടി. കോലി ബാറ്റർമാരുടെ റാങ്കിംഗിലെ ആദ്യ പത്തിൽ നിന്ന് പുറത്തായി.കഴിഞ്ഞ ഒന്നര വർഷത്തിനിടെ ആദ്യമായാണ് കോലി ബാറ്റർമാരുടെ ആദ്യ പത്തിൽ നിന്ന് പുറത്താവുന്നത്. ഏറ്റവും പുതിയ റാങ്കിംഗിൽ പതിനൊന്നാം സ്ഥാനത്താണ് കോലി.

അതേസമയം, ഇന്ത്യയുടെ പുതിയ ടി20 നായകനായി ചുമതലയേറ്റ രോഹിത് ശർമ ന്യൂസിലൻഡിനെതിരായ രണ്ട് അർധസെഞ്ചുറി പ്രകടനങ്ങളോട് രണ്ട് സ്ഥാനം മെച്ചപ്പെടുത്തി പതിമൂന്നാം സ്ഥാന്തത്തേക്ക് ഉയർന്നപ്പോൾ കെ എൽ രാഹുൽ ഒരു സ്ഥാനം ഉയർന്ന് അഞ്ചാം സ്ഥാനത്തെത്തി. കെ എൽ രാഹുൽ മാത്രമാണ് ആദ്യ പത്തിലെ ഏക ഇന്ത്യൻ ബാറ്റർ. ഓൾ റൗണ്ടർമാരിലോ ബൗളർമാരിലോ ആദ്യ പത്തിൽ ഇന്ത്യൻ സാന്നിധ്യമില്ല.

അതേസമയം, ഇന്ത്യക്കെതിരായ പരമ്പരയിൽ തിളങ്ങിയ ന്യൂസിലൻഡ് ഓപ്പണർ മാർട്ടിൻ ഗപ്ടിൽ മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി പത്താം സ്ഥാനത്തേക്ക് ഉയർന്നു. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിൽ നിരാശപ്പെടുത്തിയെങ്കിലും പാക്കിസ്ഥാൻ നായകൻ ബാബർ അസം തന്നെയാണ് ബാറ്റർമാരുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത്. പാക് വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാൻ ഒരു സ്ഥാനം ഉയർന്ന് നാലാം സ്ഥാനത്തെത്തി.

ബൗളർമാരുടെ റാങ്കിംഗിൽ കിവീസ് സ്പിന്നർ മിച്ചൽ സാന്റനർ 10 സ്ഥാനങ്ങൾ ഉയർന്ന് പതിമൂന്നാം സ്ഥാനത്തെത്തി. ഇന്ത്യൻ പേസർ ഭുവനേശ്വർ കുമാർ അഞ്ച് സ്ഥാനങ്ങൾ ഉയർന്ന് പത്തൊമ്പാതാം സ്ഥാനത്തെത്തിയപ്പോൾ ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ 129 സ്ഥാനങ്ങൾ ഉയർന്ന് 92ാം സ്ഥാനത്തെത്തി. നാലു വർഷത്തെ ഇടവേളക്കുശേഷം ടി20 ലോകകപ്പിലൂടെയാണ് അശ്വിൻ ടി20 ടീമിൽ തിരിച്ചെത്തിയത്.

ബാറ്റർമാരുടെ റാങ്കിംഗിൽ ഇംഗ്ലണ്ടിന്റെ ഡേവിഡ് മലൻ രണ്ടാമതും ദക്ഷിണാഫ്രിക്കയുടെ ഏയ്ഡൻ മാർക്രം മൂന്നാമതുമുണ്ട്. ബൗളർമാരിൽ ശ്രീലങ്കയുടെ വാനിന്ദു ഹസരങ്ക തന്നെയാണ് ഒന്നാം സ്ഥാനത്ത്. തബ്രൈസ് ഷംസ് രണ്ടാമതും ആദം സാംപ മൂന്നാമതുമാണ്.