കൊൽക്കത്ത: ട്യൂഷൻ എടുക്കുന്ന അദ്ധ്യാപകൻ പതിനാറ് വയസുകാരിയായ വിദ്യാർത്ഥിയെ പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ബയോളജി അദ്ധ്യാപകനായ 40കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊൽക്കത്ത എക്പാൽബോറ പ്രദേശത്താണ് സംഭവം.

ട്യൂഷന് വേണ്ടി അദ്ധ്യാപകന്റെ വീട്ടിലെത്തിയ സമയത്താണ് പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. പെൺകുട്ടിയുടെ പിതാവാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.

പരീക്ഷക്ക് മുന്നോടിയായാണ് കുട്ടി അദ്ധ്യാപകന്റെ അടുത്ത് ബയോളജി ക്ലാസിന് പോയത്. മജിസ്ട്രേറ്റിന് മുന്നിൽ പെൺകുട്ടി രഹസ്യ മൊഴി നൽകി. പോക്സോ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

പെൺകുട്ടിയെ ഇയാൾ ബലം പ്രയോഗിച്ച് ചുംബിക്കാൻ ശ്രമിച്ചെന്നും ഉപദ്രവിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. ഇയാളുടെ വീട്ടിൽ നിന്ന് കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു.