കൊല്ലം: കൊല്ലം ജില്ലയിലെ കിളികൊല്ലൂരിൽ ഇന്നലെ നടന്നത് സിനിമാക്കഥയെ വെല്ലുന്നൊരൂ കല്ല്യാണം അലസൽ കഥ. താലികെട്ടാൻ ഒരുങ്ങവേ വധു കല്യാണ മണ്ഡപത്തിൽ നിന്നും ഇറങ്ങി ഓടിയതാണ് പ്രശ്‌നങ്ങൾക്ക് ഇടയാക്കിയത്. മണ്ഡപത്തിൽ നിന്നും ഇറങ്ങിയോടിയ വധു ഗ്രീൻ റൂമിൽ കയറി ഒളിച്ചിരിക്കയായിരുന്നു. മറ്റൊരു യുവാവുമായി യുവതിക്ക് അടുപ്പമുണ്ടായതാണ് തർക്കങ്ങൾക്ക് കാരണമായത്.

കുടുംബത്തിൽത്തന്നെയുള്ള മറ്റൊരു യുവാവുമായായിരുന്നു യുവതിക്ക് അടുപ്പം. ഇതോടെ യുവതി താലികെട്ടിന് വിസമ്മതിക്കുകയായിരുന്നു. ഇതോടെ വിവാഹം മുടങ്ങുകയും വരന്റെയും വധുവിന്റെയും ബന്ധുക്കൾ തമ്മിൽ കൈയാങ്കളിയാകുകയും ചെയ്തു. കിളികൊല്ലൂർ പൊലീസ് ഇടപെട്ടാണ് സംഘർഷാവസ്ഥ ഒഴിവാക്കിയത്. ഇരുകൂട്ടരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. വരന്റെ വീട്ടുകാർക്ക് വധുവിന്റെ കുടുംബം നഷ്ടപരിഹാരം നൽകാമെന്ന ഉറപ്പിൽ ഇരുകൂട്ടരെയും വിട്ടയയ്ക്കുകയായിരുന്നു.

ഇവിടുത്തെ ഒരു ക്ഷേത്ര ഓഡിറ്റോറിയത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മൺറോത്തുരുത്ത് സ്വദേശിയായ യുവാവും കല്ലുംതാഴം സ്വദേശിനിയായ യുവതിയും തമ്മിൽ ഞായറാഴ്ച 11 കഴിഞ്ഞുള്ള മുഹൂർത്തത്തിലായിരുന്നു താലികെട്ട് നടക്കേണ്ടിയിരുന്നത്. ചടങ്ങുകൾക്കായി വരനും വധുവും മണ്ഡപത്തിലെത്തി. ഇരുവരുടെയും ബന്ധുക്കളും വേദിയിലുണ്ടായിരുന്നു. രണ്ടു കൂട്ടരുടെയും ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ ക്ഷണിച്ചുവരുത്തിയ ഒട്ടേറെ ആളുകളും വിവാഹത്തിനെത്തിയിരുന്നു.

എന്നാൽ താലികെട്ടിനുതൊട്ടുമുമ്പ് മാലയിടുമ്പോഴാണ് യുവതി മാലയിടാൻ സമ്മതിക്കാതെ മണ്ഡപത്തിൽനിന്നിറങ്ങി ഓടി. ഇതോടെ വിവാഹത്തിന് എത്തിയവരെല്ലാം അമ്പരന്നു. മണ്ഡപത്തിനുസമീപത്തുള്ള ഗ്രീൻ റൂമിലേക്കാണ് വധു ഓടിക്കയറിയത്. ഉടൻതന്നെ വാതിൽ അകത്തുനിന്ന് അടയ്ക്കുകയും ചെയ്തു.

തുടർന്ന് മാതാപിതാക്കൾ ഉൾപ്പെടെ സംസാരിച്ചിട്ടും വധു വാതിൽ തുറക്കാൻ തയ്യാറായില്ല. വിവാഹത്തിനുതാത്പര്യമില്ലെന്ന് വധു ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു. ഇതിനിടെ വധുവിനെ അനുനയിപ്പിക്കാൻ ബന്ധുക്കൾ നടത്തിയ ശ്രമങ്ങൾ വിഫലമായതോടെ വരന്റെ കൂട്ടർ വിവാഹത്തിൽനിന്ന് പിന്മാറി. ഇതിനുപിന്നാലെ വരന്റെയും വധുവിന്റെയും ബന്ധുക്കൾ തമ്മിൽ വാക്കുതർക്കമുണ്ടായി. വധുവിന് മറ്റൊരു ബന്ധമുണ്ടെന്ന കാര്യം മറച്ചുവെച്ചുവെന്ന് അടക്കം പറഞ്ഞാണ് കല്യാണം കയ്യാങ്കളിയിലെത്തിയത്. ഇതോടെ സമീപത്തുണ്ടായിരുന്നവരാണ് കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചത്.