കൊല്ലം: കൊല്ലത്ത് ഇത്തവണ ശ്രദ്ധയേമാകുന്നത് രണ്ട് അട്ടിമറികൾ. കുണ്ടറയിൽ മേഴ്‌സിക്കുട്ടിയമ്മയുടെ പരാജയവും, കരുനാഗപ്പള്ളിയിൽ സിറ്റിങ് എംഎൽഎ ആർ. രാമചന്ദ്രന്റെ പരാജയവും. കഴിഞ്ഞ തവണ മുപ്പതിനായിരത്തിലധികം വോട്ടിന് കുണ്ടറയിൽ ജയിച്ചുകയറിയ ജെ.മേഴ്‌സിക്കുട്ടിയമ്മയെ വിഷണുനാഥ് അട്ടിമറിക്കുമെന്ന് പ്രചാരണ തുടക്കത്തിൽ ആരും കരുതിയില്ല. മാധ്യമങ്ങൾ പറയും പോലൊരു കടുത്ത മത്സരം കുണ്ടറയിൽ താൻ നേരിടുന്നില്ലായിരുന്നു മേഴ്‌സിക്കുട്ടിയമ്മയുടെ ആദ്യപ്രതികരണം. മത്സരമില്ലെന്ന് പറയുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി പി സി വിഷ്ണുനാഥ് തിരിച്ചടിക്കുകയും ചെയ്തു.

മൂന്ന് വട്ടം വിജയ മധുരവും രണ്ട് വട്ടം പരാജയത്തിന്റെ കയ്‌പ്പും മേഴ്‌സിക്കുട്ടിയമ്മ കുണ്ടറയിൽ നുണഞ്ഞിട്ടുണ്ട്. മുതിർന്ന മന്ത്രിമാരിൽ പലരെയും സ്ഥാനാർത്ഥി പട്ടികയ്ക്ക് പുറത്തേക്ക് കടത്തിയിട്ടും സിപിഎം വീണ്ടും അവസരം നൽകിയതോടെ കുണ്ടറയിലിത് മേഴ്‌സിക്കുട്ടിയമ്മയുടെ ആറാം മത്സരമായിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ സംസ്ഥാനമെമ്പാടും യുഡിഎഫ് ഉന്നയിച്ച ആഴക്കടൽ മത്സ്യബന്ധന വിവാദം മേഴ്‌സിക്കുട്ടിയമ്മയ്ക്ക് തിരിച്ചടിയായെന്ന് പറയാം. മന്ത്രിയെ തോൽപിക്കാൻ കച്ചകെട്ടിയിറങ്ങിയ ഇഎംസിസി പ്രസിഡന്റ് ഷിജു വർഗ്ഗീസിന്റെ തിരഞ്ഞെടുപ്പ് നാളിലെ വ്യാജ ആക്രമണ കുപ്രചാരണവും ഒരുപരിധി വരെ ഏറ്റുവെന്ന് സംശയിക്കാം.

ഇത്തിരി വൈകിയാണ് വന്നതെങ്കിലും ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് പ്രചാരണത്തിൽ എൽഡിഎഫിനൊപ്പമെത്താൻ കഴിഞ്ഞതാണ് യുഡിഎഫ് സ്ഥാനാർത്ഥി പി സി വിഷ്ണുനാഥിന്റെ ആത്മവിശ്വാസം ഉയർത്തിയത്. മന്ത്രിക്കെതിരെ രാഷ്ട്രീയ വിമർശനമുന്നയിച്ചാണ് കോൺഗ്രസിന്റെ യുവനേതൃനിരയിലെ പ്രമുഖൻ കുണ്ടറ പിടിച്ചത്.

മൂന്നാം തവണയാണ് നിയമസഭയിലേക്ക് പി.സി. വിഷ്ണുനാഥ് തെരഞ്ഞെടുക്കപ്പെടുന്നത്. 2006 മുതൽ തുടർച്ചയായി മൂന്നുതവണയും ചെങ്ങന്നൂരിൽ നിന്നാണ് മത്സരിച്ചത്. 2006ൽ സജി ചെറിയാനെയും 2011ൽ സി.എം. സുജാതയെയും പരാജയപ്പെടുത്തിയ വിഷ്ണുനാഥ് 2016ൽ മൂന്നാമങ്കത്തിൽ കെ.കെ. രാമചന്ദ്രൻ നായരോട് പരാജയപ്പെട്ടു. ഇത്തവണ കൊല്ലം മണ്ഡലത്തിലേക്ക് ആദ്യം പേരുയർന്നെങ്കിലും അവസാന നിമിഷത്തെ നാടകീയതക്കൊടുവിൽ കുണ്ടറയിലേക്ക് കളം മാറ്റുകയായിരുന്നു.സമയം കുറവായിരുന്നെങ്കിലും മണ്ഡലം നിറഞ്ഞുനിന്ന പ്രചാരണത്തിലൂടെ ജനമനസുകൾ കീഴടക്കിയാണ് പി.സി. വിഷ്ണുനാഥ് വിജയം സ്വന്തമാക്കിയത്.
കരുനാഗപ്പള്ളിയിൽ മഹേഷിന് ജയം

കരുനാഗപ്പള്ളിയിൽ സി.ആർ.മഹേഷിന്റെ അട്ടിമറി വിജയം

കരുനാഗപ്പള്ളിയിൽ സിറ്റിങ് എംഎൽഎ ആർ. രാമചന്ദ്രനെ വീഴ്‌ത്തി കോൺഗ്രസ് സ്ഥാനാർത്ഥി സി. ആർ. മഹേഷിന് വിജയം. 11597 വോട്ടാണ് ഭൂരിപക്ഷം. 2016 ൽ മഹേഷിനെ 1,759 വോട്ടിനു പരാജയപ്പെടുത്തിയാണ് രാമചന്ദ്രൻ ഇവിടെ ജയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പുകളിലേറെയും ഇടതുപക്ഷത്തോടു ചായ്വു കാട്ടിയ മണ്ഡലം 2006 മുതൽ സിപിഐയുടെ കയ്യിലായിരുന്നു. 2006 ലും 2011 ലും സി ദിവാകരനും 2016 ൽ ആർ. രാമചന്ദ്രനും ജയിച്ച മണ്ഡലത്തിൽ ഇത്തവണയും സിപിഐ രാമചന്ദ്രനെത്തന്നെ മൽസരിപ്പിച്ചപ്പോൾ, കോൺഗ്രസും കഴിഞ്ഞ തവണത്തെ സ്ഥാനാർത്ഥി സി.ആർ. മഹേഷിനെത്തന്നെയാണ് രംഗത്തിറക്കിയത്.

സിറ്റിങ് എംഎൽഎ ആർ. രാമചന്ദ്രൻ വികസന നേട്ടങ്ങളവതരിപ്പിച്ച് പ്രചാരണത്തിനിറങ്ങിയപ്പോൾ, 2016 ൽ തോറ്റിട്ടും കഴിഞ്ഞ അഞ്ചുവർഷവും മണ്ഡലത്തിൽ സജീവമായിരുന്ന യുവനേതാവ് സി.ആർ. മഹേഷിൽത്തന്നെ വിശ്വാസമർപ്പിച്ചായിരുന്നു യുഡിഎഫിന്റെ പ്രചാരണം. മഹിളാ മോർച്ച ജില്ലാ അധ്യക്ഷൻ ബിറ്റി സുധീറിനെയാണ് ബിജെപി സ്ഥാനാർത്ഥിയാക്കിയത്.

2016 നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായ ആർ രാമചന്ദ്രന് 69,902 വോട്ടുകളാണ് ലഭിച്ചത്. രണ്ടാമതെത്തിയ കോൺഗ്രസ് സ്ഥാനാർത്ഥി സിആർ മഹേഷിന് 68,143 വോട്ടുകളും ലഭിച്ചു. ബിഡിജെഎസിന്റെ വി സദാശിവന് 19,115 വോട്ടുകളാണ് ലഭിച്ചത്. രണ്ടാമതായിരുന്നു സിആർ മഹേഷ്. ബിഡിജെഎസിന്റെ വി സദാശിവന് 19,115 വോട്ടുകളാണ് ലഭിച്ചത്.