കൊല്ലം: കഴുത്തറുക്കുന്ന നിരക്കുകളുമായി കൊല്ലം ജില്ലാ ആശുപത്രിയിൽ ലാബിൽ രോഗികളെ പിഴിയുന്നു. ഈ കോവിഡ് കാലത്തും അവിടെയെത്തുന്ന രോഗികളിൽ നിന്നും കൂടിയ നിരക്കാണ് ഓരോ ടെസ്റ്റുകൾക്കും ഈടാക്കുന്നത്. ഈ നിരക്കുകൾ കൊല്ലം പബ്ലിക് ഹെൽത്ത് ലാബിൽ ഈടാക്കുന്ന നിരക്കിനേക്കാൾ ഇരട്ടിയും സ്വകാര്യ ലാബുകൾ ഈടാക്കുന്ന നിരക്കിന് സമാനവുമാണെന്ന പരാതി ഉയർന്നുകഴിഞ്ഞു.

പ്രമേഹപരിശോധനയ്ക്ക് പബ്ലിക് ഹെൽത്ത് ലാബിൽ 25 രൂപ മാത്രം ഇടാക്കുമ്പോൾ ജില്ലാ ആശുപത്രിയിൽ അത് 40 രൂപയാണ്. ക്രിയാറ്റിൻ ടെസ്റ്റ്, യൂറിക് ആസിഡ് ടെസ്റ്റ് എന്നിവയ്ക്ക് പബ്ലിക് ഹെൽത്ത് ലാബിൽ 25 രൂപ വീതവും ജില്ലാ ആശുപത്രിയിൽ 50 രൂപ വീതവുമാണ് ഈടാക്കുന്നത്. യൂറിയ ടെസ്റ്റിന് പബ്ലിക് ഹെൽത്ത് ലാബിൽ 25 രൂപയും ജില്ലാ ആശുപത്രിയിൽ 40 രൂപയുമാണ് നിരക്ക്.

തൈറോയിഡ് ഫങ്ഷണൽ ടെസ്റ്റിന് പബ്ലിക് ഹെൽത്ത് ലാബിൽ 175 രൂപ ഈടാക്കുമ്പോൾ ജില്ലാ ആശുപത്രിയിൽ ജനറൽ വിഭാഗത്തിന് 400 രൂപയും മുൻഗണന വിഭാഗത്തിന് 300 രൂപയും ഈടാക്കുന്നു. ടിഎസ്എച്ച് പരിശോധനയ്ക്ക് പബ്ലിക് ഹെൽത്ത് ലാബിൽ വെറും 60 രൂപ മാത്രമാണ് നിരക്ക്. അതേസമയം ജില്ലാ ആശുപത്രിയിൽ ജനറൽ വിഭാഗത്തിന് 200 രൂപയും മുൻഗണനാ വിഭാഗത്തിന് 150 രൂപയും ഈടാക്കും.

ഇത് ജില്ലാ അശുപത്രിയുടെ ലാബിൽ നടക്കുന്ന കൊള്ളയ്ക്ക് ഒരു ഉദാഹരണം മാത്രം. എല്ലാ ടെസ്റ്റുകൾക്കും പബ്ലിക് ഹെൽത്ത് ലാബിൽ ഈടാക്കുന്ന നിരക്കിന്റെ ഇരട്ടിയോ അതിലധികമോ ആണ് ജില്ലാ ആശുപത്രിയിലെ നിരക്ക്. ജില്ലാ ആശുപത്രിയിൽ ചികിൽസയ്ക്കെത്തുന്ന രോഗികളിൽ അധികവും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരായിരിക്കെയാണ് സർക്കാർ ആശുപത്രി ഈ പകൽകൊള്ള നടത്തുന്നത്. ഇതിനെതിരെ രാഷ്ട്രീയപാർട്ടികളും യുവജനസംഘടനകളും പ്രതികരണവുമായി എത്തിയിട്ടുണ്ടെങ്കിലും ഈ കോവിഡ് കാലത്ത് പരസ്യമായി പ്രതിഷേധിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. ജില്ലാ പഞ്ചായത്തിന് കീഴിലാണ് ജില്ലാ ആശുപത്രിയിലെ ലാബിന്റെ പ്രവർത്തനം.

ജില്ലാ ആശുപത്രിയിലെ അമിതനിരക്ക് പിൻവലിക്കണമെന്നും ജില്ലാ ആശുപത്രിയിലെ നിരക്കുകൾ കൊല്ലം പബ്ലിക് ഹെൽത്ത് ലാബിൽ നിരക്കുമായി ഏകീകരിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് മന്ത്രിക്ക് പരാതി നൽകിയിരുന്നു. ജില്ലാ ആശുപത്രിയിലെ ലാബിലെ നിരക്കുകൾ സ്വകാര്യ ലാബുകളെ സഹായിക്കുന്നതിനായാണ് ജില്ലാ പഞ്ചായത്ത് ഇത്തരത്തിൽ നിശ്ചയിച്ചിട്ടുള്ളതെന്നാണ് അവർ ആരോപിക്കുന്നത്.