കൊല്ലം: ആവശ്യപ്പെട്ട പണം നൽകാത്തതിനെ തുടർന്ന് പിടിച്ച പാമ്പിനെ വഴിയിൽ ഉപേക്ഷിച്ച് പാമ്പുപിടുത്തക്കാരൻ. കൊല്ലം ജില്ലയിലെ കടപ്പാക്കടക്ക് സമീപമാണ് സംഭവം. പാമ്പുപിടുത്തക്കാരൻ ഉപേക്ഷിച്ച പാമ്പിനെ ഒടുവിൽ മുൻ കൗൺസിലറും സുഹൃത്തും കൂടി വനംവകുപ്പ് ഓഫീസിൽ എത്തിക്കുകയായിരുന്നു.

ഇന്നലെ ഉച്ചയോടെയാണ് സംഭവങ്ങളുടെ തുടക്കം. പ്രതിഭ ജംക്‌ഷൻ കുന്നേൽ മുക്കിനു സമീപത്തെ പുരയിടത്തിൽ രണ്ട് അണലികളെ കണ്ട നാട്ടുകാർ മുൻ കൗൺസിലർ എൻ.മോഹനനെ വിവരം അറിയിച്ചു. തുടർന്ന് ഇദ്ദേഹം സ്ഥലത്ത് എത്തി വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ഇവർ നൽകിയ ഫോൺ നമ്പറിൽ വിളിച്ചു പാമ്പുപിടുത്തക്കാരനെ വിളിച്ചു വരുത്തി. ഇയാൾ എത്തി ഒരു പാമ്പിനെ പിടികൂടിയപ്പോഴേക്കും ഒരെണ്ണം രക്ഷപ്പെട്ടു. പാമ്പുപിടുത്തക്കാരനു വണ്ടിക്കൂലിയായി മുൻ കൗൺസിലർ 500 രൂപ നൽകി. എന്നാൽ, ഈ തുക പോരാ, 1500 രൂപ വേണമെന്നായി പാമ്പുപിടുത്തക്കാരൻ. തർക്കം രൂക്ഷമായതോടെ പിടികൂടിയ പാമ്പിനെ തുറന്നു വിടുമെന്നായി ഇയാൾ.

ഒടുവിൽ രണ്ട് പാമ്പിനെയും പിടികൂടിയാൽ 1000 രൂപ നൽകാമെന്നു പറഞ്ഞെങ്കിലും ഇതിനു വഴങ്ങാതെ പിടികൂടിയ പാമ്പിനെ കുപ്പിയോടെ സ്ഥലത്ത് ഉപേക്ഷിച്ച് ഇയാൾ പോയി. ഇതോടെ കൗൺസിലറും നാട്ടുകാരും വെട്ടിലായി. ഒടുവിൽ സമീപത്തെ വീട്ടിൽനിന്ന് ഒരു ചാക്ക് സംഘടിപ്പിച്ചു പാമ്പിനെ കുപ്പിയോടെ ഇതിനുള്ളിലാക്കി മുൻ കൗൺസിലറും സുഹൃത്തും കൂടി വനം വകുപ്പ് ഓഫിസിൽ എത്തിച്ചു. ഇതിനിടെ എൻടിവി നഗറിലെ വീട്ടിൽ‌ നിന്ന് ഒരു പാമ്പിനെയും കൂടി ഇന്നലെ ഉച്ചയോടെ പിടികൂടി.