കൊല്ലം: ശാസ്താംകോട്ടയിൽ ഭർതൃഗൃഹത്തിൽ വിസ്മയ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ അറസ്റ്റ് ചെയ്ത ഭർത്താവ് കിരൺ കുമാറിനെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. ശാസ്താംകോട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്റ് ചെയ്തത്. പ്രതിയെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റും.

വിസ്മയയുടെ വീട്ടുകാർ നൽകിയ കാറിനെച്ചൊല്ലി തർക്കമുണ്ടായിരുന്നതായി ഭർത്താവ് കിരൺകുമാർ പൊലീസിനു മൊഴി നൽകിയിരുന്നു. ഇതിന്റെ പേരിൽ പലതവണ തർക്കമുണ്ടായെന്നും വിസ്മയയെ മുൻപു മർദ്ദിച്ചിട്ടുണ്ടെന്നും കിരൺ പൊലീസിനോടു സമ്മതിച്ചു. എന്നാൽ മരിക്കുന്നതിന്റെ തലേന്നു മർദിച്ചിട്ടില്ല. ഞായറാഴ്ച രാത്രി വഴക്കുണ്ടായി.

തിങ്കളാഴ്ച പുലർച്ചെയും വിസ്മയയുമായി വഴക്കിട്ടിരുന്നു. വഴക്കിന് ശേഷം വീട്ടിൽപോകണമെന്ന് വിസ്മയ പറഞ്ഞു. പിന്നീട് മാതാപിതാക്കൾ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ഇതിനുശേഷമാണ് വിസ്മയ ജീവനൊടുക്കിയതെന്നും കിരൺകുമാർ പൊലീസിനോട് പറഞ്ഞു. വഴക്കിന് ശേഷം ശൗചാലയത്തിൽപോയ വിസ്മയ ഏറെനേരം കഴിഞ്ഞിട്ടും പുറത്തുവന്നില്ല.

20 മിനിറ്റ് കഴിഞ്ഞിട്ടും ഭാര്യ പുറത്തുവരാതിരുന്നതിനാൽ വാതിൽ ചവിട്ടിത്തുറന്നെന്നും അപ്പോഴാണ് ജീവനൊടുക്കിയ നിലയിൽ കണ്ടതെന്നും കിരൺ മൊഴി നൽകിയിട്ടുണ്ട്.

മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം ചൊവ്വാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വിസ്മയയെ താൻ മുമ്പ് മർദിച്ചിട്ടുണ്ടെന്നും വിസ്മയ അയച്ചചിത്രങ്ങളിലുള്ളത് മുമ്പ് മർദിച്ചതിന്റെ പാടുകളാണെന്നും ഇയാൾ മൊഴി നൽകിയിരുന്നു.

ഗാർഹിക പീഡനം, സ്ത്രീധന പീഡനമരണം എന്നീ വകുപ്പുകൾ ചുമത്തിയാണ് കിരൺ കുമാറിനെതിരെ ചുമത്തിയത്. കിരണിന്റെ ബന്ധുക്കളെയും ചോദ്യംചെയ്യുമെന്നു പൊലീസ് അറിയിച്ചു. തിങ്കളാഴ്ച രാത്രിയാണ് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറായ കിരൺ കുമാറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

അതേസമയം, കേസിൽ കിരണിന്റെ ബന്ധുക്കളെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. നേരത്തെ കിരണിന്റെ അമ്മ വിസ്മയയെ മർദിച്ചതായി വിസ്മയയുടെ മാതാപിതാക്കൾ ആരോപണം ഉന്നയിച്ചിരുന്നു

തിങ്കളാഴ്ച പുലർച്ചെയാണ് ഭർത്താവ് കിരണിന്റെ വീട്ടിലെ രണ്ടാം നിലയിലെ കിടപ്പുമുറിയോട് ചേർന്ന ശുചിമുറിയുടെ വെന്റിലേഷനിൽ വിസ്മയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കേസ് അന്വേഷണത്തിന്റെ മേൽനോട്ടം ഐ.ജി. ഹർഷിത അട്ടല്ലൂരിയെ ഏൽപ്പിച്ചതായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും അറിയിച്ചു. ഇതുസംബന്ധിച്ച് ഐ.ജിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പഴുതടച്ചുള്ള അന്വേഷണമുണ്ടാകുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ വ്യക്തമാക്കിയിട്ടുണ്ട്. വിസ്മയയുടെ മരണത്തിന് പിന്നിൽ നേരിട്ടോ അല്ലാതെയോ ഉൾപ്പെട്ട എല്ലാവരെയും പ്രതികളാക്കും. സത്രീ സുരക്ഷയ്ക്കായി പുതിയ പദ്ധതികൾ തുടങ്ങുമെന്നും ഡിജിപി അറിയിച്ചു.

കിരൺ കുമാറിനെ സർക്കാർ സർവീസിൽ നിന്ന് ഇന്ന് സസ്‌പെന്റ് ചെയ്തിരുന്നു. കൊല്ലം ജില്ലാ എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറാണ് ഇയാൾ. പ്രതിയെ സർവീസിൽ നിന്ന് സസ്‌പെന്റ് ചെയ്തതായി ഗതാഗത മന്ത്രി ആന്റണി രാജുവാണ് വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കിയത്.അന്വേഷണ വിധേയമായി ആറ് മാസത്തേക്കാണ് കിരൺ കുമാറിനെ സസ്‌പെന്റ് ചെയ്തത്.

കേസിലെ കണ്ടെത്തൽ അനുസരിച്ച് കിരൺ കുമാറിനെതിരെ കൂടുതൽ നടപടികൾ ഉണ്ടാകും. സംസ്ഥാനത്തെമ്പാടും ചർച്ച ചെയ്യപ്പെട്ട സംഭവമാണ് വിസ്മയയുടെ മരണം. സംഭവം പുറത്തായപ്പോൾ തന്നെ മോട്ടോർ വാഹന വകുപ്പിൽ നിന്ന് മന്ത്രി റിപ്പോർട്ട് തേടിയിരുന്നു.