കണ്ണൂർ: കൂത്തുപറമ്പ് നഗരസഭയ്ക്കടുത്ത മാങ്ങാട്ടിടം പഞ്ചായത്തിൽ ഒരു കുടുംബത്തിലെ 21 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചത് ആരോഗ്യ പ്രവർത്തകരെ ഞെട്ടിച്ചു. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ പഞ്ചായത്തിലെ മുപ്പതിലധികം പേർക്ക് രോഗം കണ്ടെത്തി.

പ്രദേശത്ത് കോവിഡ് ബാധിതയായി മരിച്ച വൃദ്ധയുടെ മൃതദേഹം പ്രോട്ടോകോൾ പാലിക്കാതെ സംസ്‌കാരം നടത്തിയതുമായി ബന്ധപ്പെട്ടാണ് രോഗവ്യാപനം വർധിച്ചതെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്. കണ്ടേരിയിൽ കോവിഡ് ബാധിച്ച് മരിച്ച വൃദ്ധയുടെ മൃതദേഹം വീട്ടുകാർ ആരോഗ്യ പ്രവർത്തകരെയോ പൊലീസിനെയോ പഞ്ചായത്തിലോ അറിയിക്കാതെ സംസ്‌കരിച്ചിരുന്നു. ഇതിനെ തുടർന്ന് ആരോഗ്യ വകുപ്പിന്റെ പരാതി പ്രകാരം ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.

വാർധക്യ സഹജമായ രോഗം കാരണം കഴിഞ്ഞ 11ന് കൂത്തുപറമ്പിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് പോയപ്പോൾ നടത്തിയ പരിശോധനയിൽ വൃദ്ധയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇക്കാര്യം അധികൃതരെ അറിയിക്കാതെ രോഗിയുമായി വീട്ടിലേക്ക് മടങ്ങുകയുമായിരുന്നു. വീട്ടിൽ നിരീക്ഷണത്തിലിരിക്കെ ഇവർ 12ന് മരിച്ചു. മരണശേഷവും കോവിഡ് ബാധിച്ചാണ് മരിച്ചത് എന്ന വിവരം നാട്ടുകാരെയോ അധികൃതരെയോ അറിയിക്കാതെ ചടങ്ങുകൾ നടത്തി സംസ്‌കരിക്കുകയായിരുന്നു.

സംസ്‌കാര ചടങ്ങുകൾ കഴിഞ്ഞതിന് ശേഷമാണ് ജില്ലാ സെന്റർ വഴി ആരോഗ്യ വകുപ്പിന് കോവിഡ് ബാധിതയുടെ വിവരങ്ങൾ ലഭിക്കുന്നത്. ഉടൻ തന്നെ ചടങ്ങിൽ പങ്കെടുത്തവരെ മുഴുവൻ നിരീക്ഷണത്തിലേക്ക് അധികൃതർ മാറ്റിയിരുന്നു. അതിൽ 75പേരെ കഴിഞ്ഞ ദിവസം കോവിഡ് ടെസ്റ്റ് നടത്തിയപ്പോൾ 34 പേർക്ക് പോസിറ്റീവാണെന്ന് കണ്ടെത്തി.

ഇവരിൽ 32 പേരും കണ്ടേരി വാർഡിലുള്ളവരാണ്. രണ്ടുപേർ വട്ടിപ്രം വാർഡിലുള്ളവരും. കൂടാതെ പോസിറ്റീവ് ആയ 34പേരിൽ 21 പേർ ഒരു കുടുംബത്തിലുള്ളവരാണ്. ഈ സാഹചര്യത്തിൽ രണ്ടാം വാർഡായ കണ്ടേരി മുഴുവനായും കൂത്തുപറമ്പ് പൊലീസ് അടച്ചിട്ടു.പഞ്ചായത്ത് പരിധിക്കുള്ളിൽ പൊലീസിന്റെ ശക്തമായ പരിശോധനയും നടക്കുന്നുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് കൂത്തുപറമ്പ്‌പോ ലീസ് ഇൻസ്പെക്ടർ എൻ. സുനിൽകുമാർ അറിയിച്ചു.

ഇന്നു മുതൽ പഞ്ചായത്ത് പരിധിയിലെ മുഴുവൻ കടകളും ഉച്ചയ്ക്ക് രണ്ട് വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂവെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.സി.ഗംഗാധരൻ അറിയിച്ചു. കടകൾക്ക് ഉച്ചവരെ തുറക്കാമെങ്കിലും വോളണ്ടിയർമാർ മുഖേന മാത്രമേ വിൽപന ഉണ്ടാവുകയുള്ളൂ. പഞ്ചായത്തിലെ 2,4,7,10 തുടങ്ങിയ വാർഡുകളിലും കോവിഡ് രോഗികളുടെ എണ്ണം കൂടുതലാണ്.പഞ്ചായത്തിൽ 368 പേർ കോവിഡ് ചികിത്സയിലുണ്ട്. കുത്തുപറമ്പ് നഗരസഭയ്ക്ക് തൊട്ടടുത്തുള്ള ഗ്രാമ പഞ്ചായത്താണ് മാങ്ങാട്ടിടം.