കോട്ടയം: മകന്റെ പതിനാലാം ജന്മദിനം ആഘോഷമാക്കാനിരുന്ന ആ വീടിന്റെ മുറ്റത്ത് അവനുവേണ്ടിയുള്ള തിരച്ചിലിലാണ് ബന്ധുക്കളും നാട്ടുകാരും. കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടൽ സ്ഥലത്ത് അലൻ എന്ന പതിനാല് വയസ്സുകാരന് വേണ്ടിയുള്ള തിരച്ചിൽ ബന്ധുക്കൾ അവന്റെ ജന്മദിവസവും തുടരുകയാണ്.

അലന്റെ പതിനാലാം ജന്മദിനമാണ്. അവനിഷ്ടമുള്ള ബ്ലാക്ക് ഫോറസ്റ്റ് കേക്കും വാങ്ങി പുതിയ വീട്ടിൽ ആഘോഷിക്കാനിരിക്കെയാണ് ആറ്റുചാലിൽ ജോമിയുടെ വീടും പരിസരവും ദുരന്തഭൂമിയായി മാറിയത്.

ഇന്നലെ ദുരന്തസ്ഥലത്ത് നിന്ന് കുട്ടിയുടേതെന്ന് സംശയിച്ച ചില മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചിരുന്നു. അലന്റേതെന്ന് കരുതി പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് അയച്ചിരുന്നെങ്കിലും മൃതദേഹം അലന്റേത് അല്ലെന്ന അറിയിപ്പ് ലഭിച്ചുവെന്ന് അലന്റെ അമ്മാവൻ റെജി പറഞ്ഞു.

കാൽ അടക്കമുള്ള ശരീരഭാഗങ്ങളാണ് അലന്റെതെന്ന് കരുതി ഇന്നലെ ആശുപത്രിയിൽ എത്തിച്ചത്. പോസ്റ്റുമോർട്ടത്തിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് ശരീരഭാഗം കുട്ടിയുടേതല്ലെന്ന സംശയം ഉണ്ടായത്. തുടർന്ന് ശരീരഭാഗം മോർച്ചറിയിലേക്കുമാറ്റി.

ആറ്റുചാലിൽ ജോമിയുടെ മകനാണ് അലൻ. ജോമിയുടെ ഭാര്യ സോണിയയും ദുരന്തത്തിൽ അകപ്പെട്ടിരുന്നു. വീടിനടുത്തുണ്ടായ മണ്ണിടിച്ചലിനെ കുറിച്ച് സമീപത്തെ കടയിലെത്തി സംസാരിക്കുന്നതിനിടെ വീടും പുരയിടവും ഇടിഞ്ഞ് ഇവർ നിന്ന കടയ്ക്ക് മുകളിലേക്ക് പതിക്കുകയായിരുന്നു. അലന്റെ പിതാവ് ജോമി നോക്കിനിൽക്കെയാണ് അപകടമുണ്ടായത്. കടയിലുണ്ടായിരുന്ന സരസമ്മ, അയൽവാസിയായ റോഷ്നി എന്നിവരും മരിച്ചു.

ചെറുതും വലുതുമായ ഇരുപത്തിയഞ്ചോളം ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലുമാണ് കൂട്ടിക്കലിൽ ഉണ്ടായത്. ഒഴുകിയിറങ്ങിയ കട്ടച്ചെളി. നിമിഷം കൊണ്ട് ഉയർന്നു പൊന്തിയ വെള്ളം... മൂന്നു മണിക്കൂറോളം നിർത്താതെ പെയ്ത അതി തീവ്രമഴ ഒരു ഗ്രാമത്തെയാകെ തകർത്തുകളഞ്ഞു.

കോട്ടയം ജില്ലയുടെ അതിർത്തിയിൽ ഇടുക്കി ജില്ലയോട് ചേർന്നു കിടക്കുന്ന മലയോര പഞ്ചായത്തായ കൂട്ടിക്കൽ കണ്ടത് സമാനതകളില്ലാത്ത ദുരന്തമാണ്. നാട്ടുകാരിൽ പ്രായമായവർ പോലും ഇത്തരത്തിൽ ഒരു ദുരിതം നേരിൽ കണ്ടിട്ടില്ല. പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും 10 പേർ കൊല്ലപ്പെട്ട കാവാലിയും പ്ലാപ്പള്ളിയും ഉൾപ്പെടുന്നത്.

ഒക്ടോബർ 16നു, ശനിയാഴ്ച രാവിലെ ഒൻപതോടെയാണു പ്രദേശത്തു മഴ കനത്തത്. അടുത്തു നിൽക്കുന്നവരെപ്പോലും കാണാനാകാത്ത ശക്തമായ മഴ. ഉരുളുകൾ പൊട്ടുമെങ്കിലും കൈത്തോടുകൾ വഴി വെള്ളവും കല്ലും മണ്ണും കടന്നു പോകുന്നതായിരുന്നു പതിവെന്നു നാട്ടുകാർ പറയുന്നു. ഈ വിശ്വാസമാണ് അതി തീവ്ര മഴയിൽ തകർന്നത്. വീടുകൾ ഇരിക്കുന്ന പ്രദേശത്തു കൂടി കല്ലും മണ്ണും പാഞ്ഞു.

കൊടുങ്ങ- ഇളംകാട് റോഡ്, മുക്കുളം തുടങ്ങിയ പ്രദേശങ്ങളിലും വലിയ തോതിൽ ഉരുളുപൊട്ടി. ഇതു കൂടാതെ ചെറിയ ഉരുളുകൾ പഞ്ചായത്തിലാകെ പൊട്ടി. ഇതോടെ പഞ്ചായത്തിലൂടെ ഒഴുകുന്ന പുല്ലകയാർ നിമിഷനേരംകൊണ്ട് നിറഞ്ഞു കവിഞ്ഞു. 16നു രാവിലെ പത്തരയോടെ കൂട്ടിക്കൽ ടൗൺ മുങ്ങാൻ തുടങ്ങി. വ്യാപാരികളും വീട്ടുകാരും കയ്യിൽ കിട്ടിയതുകൊണ്ട് ഉയരമുള്ള പ്രദേശങ്ങളിലേക്ക് ഓടി.

എന്താണെന്ന് മനസ്സിലാകും മുൻപ് ചെളിവെള്ളം കൂട്ടിക്കൽ ടൗണിനെ മുക്കിക്കളഞ്ഞു. വാഹനങ്ങൾ ഒഴുകി നീങ്ങി. കടകളിലും വീടുകളിലും ചെളി നിറഞ്ഞു. കൂട്ടിക്കൽ ചപ്പാത്തിന് അടുത്തുള്ള ചില വീടുകൾ നിലം പൊത്തി. വെള്ളം മൂന്നു മണിക്കൂറോളം ടൗണിൽ നിറഞ്ഞു നിന്നതോടെ എല്ലാം നഷ്ടപ്പെട്ടുവെന്ന നിരാശയിലേക്ക് വ്യാപാരികളും വീട്ടുകാരും എത്തി. ഇതിനിടെ ഒന്നരയോടെ കാവാലിയിൽ മണ്ണിടിഞ്ഞ് ഒരു കുടുംബത്തിലെ ആറു പേർ പെട്ടു. പിന്നാലെ പ്ലാപ്പള്ളിയിൽ ഉരുൾ പൊട്ടി നാലുപേരെ കാണാതായി. സഹായത്തിനുള്ള വിളികൾ പല വഴിക്ക് പാഞ്ഞെങ്കിലും എത്തിപ്പെടാനാകാത്ത അകലത്തിലേക്ക് കൂട്ടിക്കൽ അപ്പോഴേക്കും പതിച്ചിരുന്നു.

പഞ്ചായത്തിനുള്ളിലൂടെ കടന്നു പോകുന്ന പ്രധാന പാതകളായ മുണ്ടക്കയം -കൂട്ടിക്കൽ- ഇളംകാട് വാഗമൺ റോഡ്, കൊക്കയാർ- കൂട്ടിക്കൽ റോഡ്, കൂട്ടിക്കൽ- പാതാമ്പുഴ- പൂഞ്ഞാർ റോഡ്, ഏന്തയാർ- കൈപ്പള്ളി-പൂഞ്ഞാർ റോഡ് എന്നിവ ഗതാഗത യോഗ്യമല്ലാതായതോടെ കൂട്ടിക്കൽ ഒറ്റപ്പെട്ടു. റോഡിൽ പലയിടങ്ങളിലും കല്ലും മണ്ണും നിറഞ്ഞതോടെ വലിയ വാഹനങ്ങൾക്കു പോലും കടന്നെത്താനായില്ല. 16നു രാത്രിയോടെയാണു കൂട്ടിക്കൽ ചപ്പാത്ത് വരെ വാഹനങ്ങൾ എത്താനുള്ള ക്രമീകരണങ്ങളുണ്ടായത്.

കവാലിയിലും പ്ലാപ്പള്ളിയിൽനിന്ന് ഉരുൾപൊട്ടലിൽ പെട്ടവർ ഒലിച്ചെത്തിയ താളുങ്കലിലും ജീവന്റ കണികയുണ്ടോ എന്നു രക്ഷാപ്രവർത്തകർ തിരഞ്ഞപ്പോൾ തകർന്നു പോയ വീടുകളുടെയും കടകളുടെയും ഇടയിലൂടെ ബാക്കി എന്തെങ്കിലുമുണ്ടോ എന്ന തിരച്ചിലിലായിരുന്നു നാട്ടുകാർ. കരസേനയുടെ മദ്രാസ് റെജിമെന്റിൽ നിന്നുള്ള സൈനികർ, പൊലീസ്, അഗ്‌നിരക്ഷാസേന, ദേശീയ ദുരന്ത പ്രതികരണ സേന എന്നീ വിഭാഗങ്ങൾക്കൊപ്പം നാട്ടുകാരും തിരച്ചിലിനിറങ്ങി.

17നു രാവിലെ എട്ടോടെ ദുരന്തമുഖങ്ങളിൽ തിരച്ചിൽ ശക്തമാക്കി. രക്ഷാദൗത്യത്തിന് ഒരു വിധത്തിലും തടസ്സമുണ്ടാക്കാതെ നാട്ടുകാരും സഹായങ്ങളുമായി ഒപ്പം നിന്നു. പ്ലാപ്പള്ളി, കാവാലി എന്നിവിടങ്ങളിൽ നിന്ന് ഏതാണ്ട് ഒരേ സമയത്തുതന്നെ മൃതദേഹങ്ങൾ കണ്ടെത്തി. ദുരന്തത്തിന്റെ വ്യാപ്തി മന്സ്സിലാക്കിയവരുടെ മനസ്സിൽ അവസാനിച്ച പ്രതീക്ഷകൾ പോലെ കാണാതായവരിൽ ആരെയും ജീവനോടെ കണ്ടെത്താനായില്ല. എല്ലാവരെയും കണ്ടെത്തിയതോടെ രക്ഷാ ദൗത്യത്തിൽനിന്ന് മറ്റു പ്രവർത്തനങ്ങളിലേക്ക് ഉദ്യോഗസ്ഥ സംഘങ്ങൾ നീങ്ങി.

ടൗണിലെ എല്ലാ വ്യാപാരസ്ഥാപനങ്ങളും തകർന്നിരിക്കുകയാണ്. ചെളി കയറി നിറഞ്ഞ അവസ്ഥയിലാണ് വീടുകൾ ഉൾപ്പെടെ എല്ലാ സ്ഥലങ്ങളും. ടൗണിലെ എസ്‌ബിഐ ബാങ്കിലും വെള്ളം കയറി. എടിഎമ്മിൽ ചെളി നിറഞ്ഞു. വീടുകളിൽനിന്നു ചെളി കോരി മാറ്റുകയായിരുന്നു ഞായറാഴ്ച പ്രധാനമായും എല്ലാവരും ചെയ്തത്. റോഡിൽ നിറഞ്ഞ ചെളി ഇരു വശത്തേക്കും കോരി മാറ്റി വച്ചു.

ചപ്പാത്തിന് സമീപം റോഡിലെ ടാർ ഒഴുകി നീങ്ങി. ഈ ഭാഗത്തെ തകർന്ന വീടുകളിലുള്ളവർ ക്യാംപുകളിലേക്കും ബന്ധു വീടുകളിലേക്കും മാറി. പഞ്ചായത്തിലെ 5 ക്യാംപുകളിലായി അഞ്ഞൂറോളം പേർ ഞായറാഴ്ചയുണ്ടായിരുന്നു. കൂട്ടിക്കൽ സെന്റ് ജോർജ് സ്‌കൂൾ കൺട്രോൾൾ റൂം ആക്കിയാണു പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.