കൊല്ലം: വഴിത്തർക്കത്തിന്റെ പേരിൽ കൊട്ടാരക്കരയ്ക്ക് സമീപം വെണ്ടാറിൽ നടന്ന കൂട്ടത്തല്ലിന് പിന്നിലെ കഥ അന്വേഷിച്ച് മറുനാടനെത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകളായിരുന്നു. ഇടുങ്ങിയ വഴിയിൽകൂടി സഞ്ചരിക്കുന്നത് ആറു കുടുംബങ്ങളാണ്. കിടപ്പിലായ രോഗികളെ പോലും എടുത്തു കൊണ്ടു പോകാൻ കഴിയാത്തത്ര ഇടുങ്ങിയ വഴി. റോഡിൽ നിന്നും ഒരു കിലോമീറ്ററോളം കുന്നിന് മുകളിലേക്കുള്ള ഈ നടപ്പാത അൽപ്പം കൂടി വീതി കൂട്ടുന്നതിനിടെ നടന്ന സംഘർഷമാണ് കൂട്ടത്തല്ലിലെക്കും നിരവധിപേർക്ക് പരിക്ക് പറ്റാനും ഇടയായത്.

നെടുവത്തൂർ പഞ്ചായത്തിലെ കോട്ടാത്തലവാർഡിലായിരുന്നു സംഭവം നടന്നത്. അരീക്കൽ കനാൽ റോഡിൽ നിന്നും മുകളിലുള്ള ആറോളം കുടുംബങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള നടപ്പാത പ്രദേശ വാസിയായ മൊട്ടക്കുന്നിൽ ബേബി വെട്ടിക്കിളച്ചു കുഴിയാക്കി. പാതി രാത്രിയിൽ ഇതുവഴി ബൈക്കുകൾ പോകുന്നതിൽ പ്രകോപിതനായി ചെയ്തതാണ്. ഇതു വലിയ തർക്കത്തിലേക്ക് പോകുകയും പിന്നീട് പൊലീസ് കേസാവുകയും ചെയ്തു.

പുത്തൂർ പൊലീസ് സ്റ്റേഷനിൽ ഒത്തു തീർപ്പു ചർച്ച വച്ചെങ്കിലും ബേബി തയ്യാറായില്ല. ഇതിനെ തുടർന്നാണ് വഴി ഉപയോഗിക്കുന്ന കുടുംബാംഗങ്ങൾ ചേർന്ന് ബേബി കുഴിച്ചിട്ട സ്ഥലം മാറ്റി നിർത്തി ദാസമ്മ എന്ന വീട്ടമ്മയുടെ പറമ്പിൽ നിന്നും മണ്ണുമാറ്റി വഴി വീതി കൂട്ടിയത്. ഇതോടെ ബേബിയും കുടുംബവും പൊലീസിനെ വിളിച്ചു വരുത്തി. പൊലീസെത്തി കാര്യങ്ങൾ വീക്ഷിച്ചപ്പോൾ ബേബി കുഴിച്ചിടത്തു നിന്നും മാറിയാണ് വഴി വീതി കൂട്ടിയതെന്ന് മനസ്സിലായതിനെ തുടർന്ന് പൊലീസ് മടങ്ങിപ്പോയി. പിന്നീടാണ് സിനിമയെ വെല്ലുന്ന സംഘർഷം ഉണ്ടായത്.

വഴി മുകളിലേക്ക് വെട്ടി പോകുന്നതിനിടെ ബേബിയുടെ മറ്റൊരു പറമ്പിന് അരികെ എത്തിയപ്പോൾ സംഘർഷം ഉണ്ടായി. ബേബിയുടെ പറമ്പിലെ ഒരു ഭാഗത്ത് നിന്നും സ്ഥലം കയ്യേറാതെയാണ് വഴി വെട്ടിയിരുന്നത്. ഈ സമയം ബേബിയും സഹോദരൻ കുഞ്ഞച്ചനും ഭാര്യ സുശീലയും മറ്റു ബന്ധുക്കളും സംഘടിച്ചെത്തുകയും സംഘർഷം അടിപിടിയിലേക്ക് മാറുകയുമായിരുന്നു.

റോഡ് വെട്ടാൻ ഉപയോഗിച്ചിരുന്ന മൺവെട്ടിയും കൂന്താലിയും വടികളുമൊക്കെയായാണ് അക്രമം നടന്നത്. പരസ്പരം വാഗ്വാദം വിളിച്ച് മുട്ടനടിയാണ് അരങ്ങേറിയത്. ഒടുവിൽ ഗുരുതരമായി പലർക്കും പരിക്ക് പറ്റിയതോടെയാണ് സംഘർഷം അവസാനിച്ചത്. സംഘർഷത്തിന്റെ ദൃശ്യങ്ങൾ ഇവരിൽ ഒരാൾ പകർത്തിയത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് കൂട്ടത്തല്ല് പുറത്തറിയുന്നത്.

അടിയുടെ പിന്നാമ്പുറത്തകഥ മർദ്ദനമേറ്റ് കൈ ഒടിഞ്ഞ രേവതി വിലാസത്തിൽ റീന മറുനാടനോട് പറയുന്നു. 'വർഷങ്ങളായി നടന്നു പോകുന്ന വഴിയായിരുന്നു ഇത്. രണ്ട് ബൈക്കുകൾ കടന്നു പോകുന്ന വീതിയുണ്ടായിരുന്നു. എന്നാൽ ഈ വഴി കൈയേറി വീതി മൊട്ടക്കുന്നേൽ ബേബി സ്വന്തമാക്കി. അതിന്റെ ഏറ്റവും വലിയ തെളിവാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്ന കെ.എസ്.ഇ.ബിയുടെ പോസ്റ്റ്. വഴിയുടെ അറ്റത്ത് സ്ഥാപിച്ച പോസ്റ്റ് ഇപ്പോൾ ബേബിയുടെ പറമ്പിലാണ്.

അങ്ങനെയിരിക്കുമ്പോഴാണ് ബേബി വഴിയിൽ കുഴിയുണ്ടാക്കി യാത്രാ തടസം സൃഷ്ടിച്ചത്. പൊലീസിൽ പരാതി നൽകിയെങ്കിലും കുഴി മൂടാൻ അയാൾ തയ്യാറായില്ല. ഇതേ തുടർന്നാണ് ദാസമ്മ എന്ന ചേച്ചിയുടെ സ്ഥലം എടുത്ത് വഴി വീതി കൂട്ടാൻ തുടങ്ങിയത്. ഒരിഞ്ചു പോലും അവരുടെ സ്ഥലം കയ്യേറിയില്ല. എന്നിട്ടും ആവശ്യമില്ലാതെ പ്രശ്നമുണ്ടാക്കി തല്ലു കൂടിയതാണ്. മനഃപൂർവ്വം പ്രശ്നമുണ്ടാക്കാനായി ആളുകളെ സംഘടിപ്പിച്ചെത്തിയതാണവർ. റോഡിൽ ഒരു ആംബുലൻസും തയ്യാറാക്കി നിർത്തിയിരുന്നു.

മർദ്ദനമേറ്റ് കൊട്ടാരക്കര ആശുപത്രിയിൽ ചികിത്സ തേടിയെത്തിപ്പോൾ അവിടെ വച്ചും ബേബിയും കുടുംബാഗങ്ങളും മർദ്ദിച്ചു. ആശുപത്രിയിൽ കിടത്തി ചികിത്സിക്കാൻ ആദ്യം തയ്യാറായില്ല. കാരമം ബേബിയുടെ മകൾ ഇവിട സൈക്യൂരിറ്റി ജീവനക്കാരിയാണ്. വലിയ പ്രശ്നമുണ്ടാക്കിയതോടെയാണ് കിടത്തി ചികിത്സിക്കാൻ ആശുപത്രി അധികൃതർ തയ്യാറായത്.

ബേബിക്കും കുടുംബത്തിനും കൊല്ലം എംഎ‍ൽഎ എം.മുകേഷിന്റെ വഴിവിട്ട സഹായമുണ്ട്. ഒരു ജന പ്രതിനിധി എന്ന നിലയിൽ അദ്ദേഹം ഇത്തരക്കാർക്ക് ഒത്താശ ചെയ്തു കൊടുക്കരുത്. എന്നെ അപമാനിക്കുന്ന പല സംഭവങ്ങളും ഇവരുടെ പക്കൽ നിന്നും ഉണ്ടായിട്ടുണ്ട്. ഒരു മകൾ ഉള്ളതിനാൽ അത്തരം പരാതി നൽകാൻ മനസ്സു വന്നില്ല. എന്നാൽ ഇനി വെറുതെ വിടില്ല. സംഭവിച്ച കാര്യങ്ങൾക്കെല്ലാം പരാതി കൊടുക്കും;- റീന പറഞ്ഞു.

അതേ സമയം മൊട്ടക്കുന്നേൽ ബേബി പറയുന്നത് വെള്ളം ഒഴുകി പോകാനുള്ള ചെറിയ ചാൽ അതിക്രമിച്ച് കയറി വഴിവെട്ടിയതാണെന്നാണ്. നേരത്തെ ഇതു വഴിയല്ലെന്നും തന്റെ പുരയിടത്തിലേക്ക് വെള്ളം ഒഴുകാനുള്ള ചാലായിരുന്നു എന്നും ബേബി പറയുന്നു. മുകളിൽ താമസിക്കുന്നവർ ബൈക്ക് എടുത്തപ്പോൾ വെള്ളം ഒഴുകുന്ന ചാൽ മണ്ണിട്ട് നികത്തി ഉപയോഗിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച തന്റെ പറമ്പിൽ നിന്നിരുന്ന മരങ്ങൾ അവർ മുറിച്ചു മാറ്റി. അതുകൊണ്ടാണ് വഴി കുഴിച്ചതെന്നും ഇതുവഴി ആരും യാത്ര ചെയ്യേണ്ടെന്നും പറഞ്ഞത്-അവർ പറയുന്നു.

എന്നാൽ വഴി നേരെയാക്കിയില്ലെങ്കിൽ പുറത്തു നിന്നും അളെ കൊണ്ടു വന്ന് വഴി വെട്ടുമെന്ന് ഭീഷണിപ്പെടുത്തി. അങ്ങനെയാണ് ശനിയാഴ്ച വഴി വെട്ടുമ്പോൾ ഞങ്ങൾ തടഞ്ഞതും സംഘർഷം ഉണ്ടായതും. നലവിൽ മൂന്ന് മീറ്റർ വഴി ഒരു പഞ്ചായത്ത് കിണറിന്റെ അടുത്തു കൂടിയുണ്ട്. എന്നാൽ അവർക്ക് ആ വഴി വേണ്ട. നിയമ പ്രകാരമല്ലാത്ത വഴി ഞാനെന്തിന് കൊടുക്കണം. വില്ലേജിൽ നിന്നും വന്ന് അളന്ന് തിട്ടപ്പെടുത്തി വഴിയുണ്ടെങ്കിൽ അവർ എടുത്തുകൊള്ളട്ടെ. പക്ഷേ അളക്കാൻ സമ്മതിക്കാത്തത് അവർ തന്നെയാണ്. അപ്പോൾ തന്നെ മനസ്സാലാക്കാമല്ലോ ആരുടെ ഭാഗത്താണ് ശരി;- ബേബി പറയുന്നു.

പൊലീസ് സംഭവത്തിൽ പതിനഞ്ചോളം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കൂട്ടം കൂടിയതിനും മർദ്ദിച്ചതിനുമാണ് കേസ്. പലരും സംഭവത്തിന് ശേഷം ഒളിവിൽ പോയിരിക്കുകയാണ്. പലരും സ്ഥലം വിട്ടു നൽകിയാമ് ഇന്നു കാണുന്ന വലിയ പാതകൾ ഉണ്ടായിട്ടുള്ളത്. ചെറിയ വിട്ടു വീഴ്ചകൾ ചെയ്യുന്നത് സമൂഹത്തിന് ഗുണമാകട്ടെ.