കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയേയും ആൺകുട്ടികളേയും നിർബന്ധിപ്പിച്ച് മദ്യം കഴിപ്പിച്ചതിന് രണ്ട് യുവതികളും ഒരു യുവാവും അറസ്റ്റിൽ. ഈയം കുന്ന് സ്വദേശി അഖിൽ, എഴുകോൺ സ്വദേശികളായ അതുല്യ, ശരണ്യ എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഓടനാവട്ടം മുട്ടറ മരുതിമലയിൽ മൂന്ന് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളും ബർത്ത്ഡേ ആഘോഷിക്കാനെത്തിയത്. പ്രായപൂർത്തിയാകാത്ത ആൺകുട്ടികളിൽ ഒരാളുടേതായിരുന്നു ജന്മദിനം. ഇതിന്റെ ഭാഗമായി കേക്ക് മുറിക്കുകയും പിന്നീട് ഇവിടെ ഇരുന്ന് മദ്യം കഴിക്കുകയുമായിരുന്നു.

ഉച്ച കഴിഞ്ഞ് 3.30 ന് എത്തിയ സംഘം സന്ധ്യമയങ്ങിയതോടെയാണ് മലയിറങ്ങി താഴെ എത്തിയത്. പെൺകുട്ടികൾ മദ്യപിച്ച് ലക്കു കെട്ടതിനാൽ നടക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു. സമീപത്ത് നിന്നും ഓട്ടോറിക്ഷ വിളിച്ച് മടങ്ങാൻ ശ്രമിക്കവേ പെൺകുട്ടികൾ ഛർദ്ദിക്കാൻ തുടങ്ങി. ഇതോടെ ഓട്ടോ റിക്ഷാ തൊഴിലാളിലകൾ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

കൊട്ടാരക്കര പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പെൺകുട്ടികളും യുവാക്കളും അവശരായിരുന്നു. ഉടൻ തന്നെ ഇവരെ കൊട്ടാരക്കര താലൂക്കാശുപത്രിയിലെത്തിച്ച് വൈദ്യ സഹായം നൽകി. തുടർന്ന് വിവരം അന്വേഷിച്ചപ്പോഴാണ് പെൺകുട്ടികലിൽ ഒരാൾക്കും ആൺകുട്ടികളിൽ രണ്ടു പേർക്കും പ്രായപൂർത്തിയായിട്ടില്ല എന്ന് അറിയുന്നത്.

ഇതോടെ പൊലീസ് ഇവരെ കൂടുതൽ ചോദ്യം ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടി തന്നെ നിർബന്ധിപ്പിച്ചാണ് മദ്യം കഴിപ്പിച്ചതെന്ന് മൊഴി നൽകി. സമാന മൊഴി തന്നെയാണ് ആൺകുട്ടികളും നൽകിയത്. ഇതോടെ പ്രായപൂർത്തിയാവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പൊലീസ് കേസെടുത്തു. പ്രായൂർത്തിയാകാത്ത മൂന്നു പേരെ രക്ഷിതാക്കളെ വിളിച്ചു വരുത്തി വിട്ടയച്ചു.

അതുല്യയും ശരണ്യയും കൊട്ടാരക്കരയിലെ ഒരു ബാറിലെ ജീവനക്കാരാണ്. ഇവിടെ ജോലി ചെയ്തിരുന്ന അഖിലുമായി ഇരുവർക്കും സൗഹൃദമുണ്ടായിരുന്നു. ഇതിനിടയിലാണ് അഖിലിന്റെ സുഹൃത്തിന്റെ ജന്മദിനം ആഘോഷിക്കാൻ ഇവർ തീരുമാനിച്ചത്. അങ്ങനെ യുവതികൾ അവരുടെ സുഹൃത്തായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും ഒപ്പം കൂട്ടുകയായിരുന്നു.

ബിയർ മാത്രമാണ് കഴിച്ചതെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. സംഭവ സ്ഥലത്ത് നിന്നും ബിയർകുപ്പി പൊലീസ് കണ്ടെടുത്തു. മരുതിമല വിജനമായ ഒരു പ്രദേശമാണ്. ഇവിടെ ആരും അധികം എത്തിപ്പെടുന്ന സ്ഥലമല്ല. ഇത് മനസ്സിലാക്കിയാണ് ഇവർ ഇവിടെ ആഘോഷം നടത്താമെന്ന് തീരുമാനിച്ചത്.

ഇവിടെ വച്ച് മറ്റെന്തെങ്കിലും അതിക്രമം ഉണ്ടായിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അറസ്റ്റിലായ പ്രതികളെ ഇന്ന് പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.