കോട്ടയം: മെഡിക്കൽ കോളേജിൽ നിന്നും നവജാത ശിശുവിനെ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ നീതുവിന്റെ കാമുകൻ ഇബ്രാഹിം ബാദുഷ അറസ്റ്റിൽ. നീതുവിന്റെ കുട്ടിയെ മർദ്ദിച്ചതിന് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും പണം തട്ടിയതിന് വഞ്ചനാ കുറ്റം ചുമത്തിയും സ്ത്രീയെ മർദ്ദിച്ചതിനുമാണ് പൊലീസ് കേസെടുത്തത്. പണം നൽകാതായതോടെ നീതുവിനെയും നീതുവിന്റെ പ്രായപൂർത്തിയാകാത്ത മകനെയും ഇയാൾ മർദ്ദിച്ചിരുന്നതായി വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ്. ഇബ്രാഹിം ബാദുഷയെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.

ഇന്നലെ ഉച്ചയോടെയാണ് കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് നവജാത ശിശുവിനെ ആരോഗ്യപ്രവർത്തകയുടെ വസ്ത്രം ധരിച്ചെത്തി നീതു തട്ടിയെടുത്തത്. ഇടുക്കി സ്വദേശികളുടെ മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് നീതു മോഷ്ടിച്ചത്. പൊലീസിന്റെ സമയോജിതമായ ഇടപെടലിലൂടെയാണ് കുഞ്ഞിനെ ഒരു മണിക്കൂറിനുള്ളിൽ കണ്ടെത്തി അമ്മയ്ക്ക് മടക്കി നൽകിയത്.

കാമുകനായ ഇബ്രാഹിം ബാദുഷയുമായുള്ള ബന്ധം നഷ്ടപ്പെടാതിരിക്കാനാണ് എംബിഎ ബിരുദധാരിയായ നീതു ഈ കടുംകൈ ചെയ്തതെന്ന് വ്യക്തമായിരുന്നു. ഇബ്രാഹിമിന്റെ കുട്ടിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ബന്ധം തുടരാനായിരുന്നു നീക്കം. കുട്ടിയെ തട്ടിയെടുത്ത് ഹോട്ടലിലെത്തിയ നീതു കുട്ടിക്കൊപ്പമുള്ള ഫോട്ടോ കാമുകന് അയയ്ക്കുകയും ചെയ്തു. കൂടാതെ വീഡിയോ കോളിലും സംസാരിച്ചു.

ടിക് ടോക്കിൽ പരിചയപ്പെട്ട കളമശ്ശേരി സ്വദേശിയായ ഇബ്രാഹിമുമായി രണ്ട് വർഷമായി നീതു ബന്ധത്തിലായിരുന്നു. ഒരു വർഷമായി ഇരുവരും ഒരുമിച്ചായിരുന്നു താമസം. ഇതിനിടെ നീതു ഗർഭിണിയായി. എന്നാൽ മാസങ്ങൾക്ക് മുൻപു ഗർഭം അലസി. ഈ വിവരം ഇബ്രാഹിമിൽനിന്ന് മറച്ചുവച്ചു. പറഞ്ഞാൽ അയാൾ തന്നെ വിട്ടുപോകും എന്നായിരുന്നു നീതുവിന്റെ ഭയം. വിവാഹ മോചിതയാണെന്നാണ് നീതു കാമുകനെ അറിയിച്ചിരുന്നത്.

ഇബ്രാഹിമിന്റെ വീട്ടുകാരുമായും നീതു പരിചയത്തിൽ ആയിരുന്നു. ഇബ്രാഹിമും വീട്ടുകാരും നിരന്തരം പ്രസവകാര്യം തിരക്കിയപ്പോൾ കുട്ടിയെ തട്ടി എടുക്കാമെന്ന തന്ത്രമൊരുക്കി. ഡോക്ടറുടെ വസ്ത്രങ്ങളും സ്റ്റെതസ്‌കോപ്പും ധരിച്ചായിരുന്നു പ്രസവ വാർഡിലെത്തി കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

ഇബ്രാഹിം മറ്റൊരു വിവാഹത്തിന് തയാറായതും കൃത്യത്തിന് പ്രേരിപ്പിച്ചു. മെഡിക്കൽ കോളജിന് സമീപത്തെ കടയിൽ നിന്നാണ് നഴ്‌സിന്റെ കോട്ട് വാങ്ങിയത്. കാമുകൻ പിരിയാതിരിക്കാനാണ് കോട്ടയം മെഡിക്കൽ കോളജിലെ പ്രസവ വാർഡിൽനിന്ന് നീതു കുട്ടിയെ തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞിരുന്നു. കാമുകൻ ഇബ്രാഹിം ബാദുഷയുടെ കുഞ്ഞിനെ പ്രസവിച്ചെന്ന് വരുത്തിതീർക്കുകയായിരുന്നു ലക്ഷ്യം. ഏഴുവയസ്സുള്ള മകനെ ഉപദ്രവിച്ചിരുന്നതായും നീതു പരാതിയിൽ പറയുന്നുണ്ട്. ഇബ്രാഹിം ബാദുഷ ലഹരിക്കടിമയാണെന്ന് പൊലീസ് പറഞ്ഞു.

അതേ സമയം മെഡിക്കൽ കോളജിൽനിന്നു നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ നീതു രാജിനെ കോടതി റിമാൻഡ് ചെയ്തു. ഏറ്റുമാനൂർ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ഈ മാസം 21 വരെയാണ് റിമാൻഡ് കാലാവധി. നീതുവിനെ കോട്ടയത്തെ വനിതാ ജയിലിലേക്ക് മാറ്റി. ആശുപത്രിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും.