കോട്ടയം: താലൂക്ക് ഓഫീസിൽ പരിശോധനയ്ക്കായി കൊണ്ടുവന്ന പിസ്റ്റൾ കൈയിലിരുന്ന് പൊട്ടി. കോട്ടയം താലൂക്ക് ഓഫീസിലാണ് സംഭവം. വ്യവസായി തെള്ളകം മാടപ്പാട്ട് ബോബൻ തോമസിന്റെ കൈയിലിരുന്ന തോക്കാണ് പൊട്ടിയത്. തോക്കിന്റെ ലൈസൻസ് പുതുക്കുന്നതിന്റെ ഭാഗമായുള്ള പരിശോധനയ്ക്ക് കൊണ്ടുവന്നതായിരുന്നു തോക്ക്. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ലൈസൻസ് പുതുക്കുന്നതിന് മുമ്പ് പൊലീസും തഹസീൽദാറും പരിശോധിക്കണം. തഹസിൽദാരുടെ ഓഫീസിലേക്ക് പരിശോധനയ്ക്കായി കൊണ്ടു പോകുന്നതിനിടെയാണ് തോക്ക് പൊട്ടിയത്. ബോബൻ തോമസിനൊപ്പമുണ്ടായിരുന്ന ജീവനക്കാരൻ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. വെടിയുണ്ട തൂണിലേക്ക് ഇടിച്ച് എതിർവശത്തേക്ക് തെറിച്ചു പോയി. അബദ്ധം പറ്റിയെന്നായിരുന്നു ഉടമയുടെ വിശദീകരണം. തോക്ക് പരിശോധനയ്ക്ക് കൊണ്ടു വരുമ്പോൾ വെടിയുണ്ട വേണ്ടെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. തോക്ക് ഉപയോഗിക്കാൻ ഉടമക്ക് യോഗ്യതയില്ലെന്നാണ് തഹസീൽദാറുടെ റിപ്പോർട്ട്.