തിരുവനന്തപുരം. വിധി കേട്ട് കോടതി വളപ്പിൽ പൊട്ടിക്കരഞ്ഞ സിസ്റ്റർ സെഫി അട്ടക്കുളങ്ങര ജയിലിൽ എത്തിയപ്പോഴും കരച്ചിൽ നിർത്തിയിരുന്നില്ല. ജയിലിൽ എത്തിയപ്പോൾ കുടിക്കാൻ വെള്ളം ആവിശ്യപ്പെട്ടു. വെള്ളം കുടിച്ച ശേഷം പ്രവേശന നടപടികൾ പൂർത്തിയായതോടെ സെഫിയെ ജയിൽ സെല്ലിലേക്ക് കൊണ്ടു പോയി. ഒറ്റക്കൊരു സെല്ലിലായിരുന്നു സെഫിയെ പ്രവേശിപ്പിച്ചത്.

രണ്ടു വനിത തടവുകാരെ സെഫിക്കു വേണ്ടി മാത്രം ജയിൽ അധികൃതർ കാവലും ഏർപ്പെടുത്തി. സെല്ലിനുള്ളിൽ കരച്ചിലും പ്രാർത്ഥനയുമായി തന്നെ സെഫി കഴിഞ്ഞു. രാത്രി ഭക്ഷണം എത്തിച്ചുവെങ്കിലും കഴിച്ചില്ല ജയിൽ അധികൃതരെ കഴിച്ചുവെന്ന് ബോധ്യപ്പെടുത്തിയശേഷം സെഫി പ്രാർത്ഥനയിൽ മുഴുകി. കിടക്കാൻ പായ നല്കിയെങ്കിലും കിടന്നില്ല ഇരുന്ന് നേരം വെളുപ്പിച്ച സെഫി പ്രാർത്ഥനക്കിടെ വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു.

ഫാദർ തോമസ് കോട്ടൂരാനെ തിരുവനന്തപുരം സെന്ററൽ ജയിലിലാണ് എത്തിച്ചത്. ഇരുവരെയും കോവിഡ് പരിശോധകൾ പൂർത്തിയാക്കിയ ശേഷമാണ് ജയിലുകളിലേക്ക് കൊണ്ടു പോയത്. ആദ്യം സി എഫ് ടി എൽ സെന്ററിലേക്ക് മാറ്റാൻ തീരുമാനിച്ചെങ്കിലും പിന്നീട് പ്രത്യേക സുരക്ഷ കണക്കിലെടുത്താണ് പ്രതികളെ ജയിലിലേക്ക് മാറ്റിയത്. സെന്ററൽ ജയിലിലെ അതീവ സുരക്ഷ മേഖലയിലെ എട്ടാം ബ്ലോക്കിലാണ് കോട്ടൂരാനെ എത്തിച്ചത്.

ജയിലിൽ കിടക്കാൻ തയ്യാറായി വസ്ത്രങ്ങളുമായി തന്നെയാണ് ഫാ. തോമസ് കോട്ടൂരാൻ എത്തിയത്. മുഖത്ത് യാതൊരു കൂസലുമില്ലാതെ സെല്ല് തുറന്ന ഉടൻ ചാടി സെല്ലിൽ കയറി. ആരോഗ്യ സംബന്ധിയായ ചില പ്രശ്നങ്ങൾ ഒഴിച്ചാൽ സെല്ലിലും കോട്ടൂരാൻ ഹാപ്പി തന്നെയായിരുന്നു. രാത്രി എത്തിച്ച ഊണും സാമ്പാറും വയറു നിറച്ച് കഴിച്ചു പിന്നീട് കുറച്ച് സമയം സെല്ലിനുള്ളിൽ ഉലാത്തി ഇതിനിടെ ഇൻസുലിൻ എടുത്തു. ജീവിതചര്യ രോഗങ്ങളും അർബുദവും ഉള്ളതിനാൽ ചില ഗുളികകളും വിഴുങ്ങി.

തുടർന്ന് സെല്ലിനുള്ളിൽ വെച്ചിരുന്ന പായ് എടുത്ത് നിലത്ത് വിരിച്ചുയ ഒറ്റ കിടപ്പ്. സെല്ലിനു മുന്നിൽ കാവൽ നിന്ന വാർഡന്മാരോടു ഒന്ന് ചിരിച്ചതല്ലാതെ ചങ്ങാത്ത കൂടാനൊന്നും പോയില്ല. രാത്രി കൊതുക് ശല്യം ഉണ്ടായിട്ടും അതു പോലും അറിയാതെയായിരുന്നു കോട്ടൂരാന്റെ ഉറക്കം. രാവിലെ തന്നെ ഉണർന്നു പ്രഭാത കൃത്യത്തിന് ശേഷം സമയം പോകാത്തതിലുള്ള അക്ഷമ മുഖത്ത് പ്രകടമായിരുന്നു.

സിസ്റ്റർ സെഫി രാവിലെയും കൊന്ത വെച്ച് പ്രാർത്ഥനയിലായിരുന്നു. ഇതിനിടെ കോടതിയിലേക്ക് കൊണ്ടു പോകാൻ പൊലീസ് വരുമെന്ന അറിയിപ്പ് സെല്ലിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജയിൽ വാർഡൻ അറിയിച്ചു. തുടർന്ന് സെഫി പ്രഭാത ഭക്ഷണം കഴിച്ചതിന് ശേഷം അവരെ സൂപ്രണ്ടിന്റെ റൂമിലേക്ക് കൂട്ടി കൊണ്ടു വന്നു. കോവിഡ് പ്രോട്ടോക്കാൾ പ്രകാരമാണ് രണ്ടു പേരെയും ഏകാന്ത തടവിൽ പ്രാർപ്പിച്ചത്. ഇന്നലെയാണ് ഫാ.തോമസ് കോട്ടൂരുംസിസ്റ്റർ സെഫിയും കുറ്റക്കാരെന്ന് കോടതി വിധിച്ചത്.

28 വർഷത്തിനു ശേഷമാണ് കേരളം കാത്തിരുന്ന കേസിൽ വിധി വന്നത്. ഒരു വർഷവും മൂന്നര മാസവും കൊണ്ടു വിചാരണ പൂർത്തിയാക്കിയാണ് സിബിഐ കോടതി ഇന്നു ശിക്ഷ വിധിക്കുന്നത്. പ്രതികൾ ലൈംഗിക ബന്ധത്തിലേർപ്പെട്ടത് കണ്ട അഭയയെ തലയ്ക്ക് കോടാലി കൊണ്ടു അടിച്ചു കൊലപ്പെടുത്തി മൃതദേഹം കിണറ്റിൽ തള്ളിയെന്നാണ് സിബിഐ അന്വേഷണത്തിൽ കണ്ടെത്തിയത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്നു എഴുതി തള്ളിയ കേസിൽ 1993 മാർച്ച് 23നാണ് കോടതി ഉത്തരവിനെ തുടർന്ന് കേസിൽ സിബിഐ എത്തിയത്. മൂന്നു തവണ സിബിഐ റിപ്പോർട്ട് തള്ളി പുനരന്വേഷണത്തിനു ഉത്തരവിട്ടു.

2008 നവംബർ 19 ന് ഫാ.തോമസ് കോട്ടൂർ, സിസ്റ്റർ സെഫി, ഫാ.ജോസ് പുതുക്കയിൽ എന്നിവരെ അറസ്റ്റു ചെയ്തു. പിന്നീട് വിടുതൽ ഹർജി പരിഗണിച്ച് തെളിവില്ലെന്നു കാട്ടി ജോസ് പുതൃക്കയലിനെ കേസിൽ നിന്നു ഒഴിവാക്കി. തെളിവു നശിപ്പിച്ചെന്ന പേരിൽ പ്രതി ചേർന്ന ക്രൈംബ്രാഞ്ച് എസ്‌പി ,കെ .ടി. മൈക്കിളിനെയും വിചാരണ ഘട്ടത്തിൽ തെളിവു ലഭിച്ചാൽ പ്രതിചേർക്കാമെന്ന ഉപാധിയോടെ ഹൈക്കോടതി ഒഴിവാക്കി.

അഭയ കൊല്ലപ്പെട്ട ദിവസം പുലർച്ചെ കോൺവെന്റിൽ മോഷണത്തിനെത്തിയപ്പോൾ പ്രതികളെ കണ്ടെന്ന അടയക്കാരാജുവിന്റെ മൊഴിയും കന്യാകത്വം തെളിയിക്കാൻ സിസ്റ്റർ സെഫി ശസ്ത്രക്രിയ നടത്തിയെന്ന ഫോറൻസിക് സർജന്മാരുടെ മൊഴിയും നിർണായകമായി. 49 സാക്ഷിമൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്.