തിരുവനന്തപുരം: ശംഖുമുഖം ബീച്ചിന് പിന്നാലെ കോവളത്തിനും കടലാക്രമണ ഭീഷണി.ആശങ്കയ്ക്ക് ആക്കം കൂട്ടി ശക്തമായ കടലാക്രമണത്തിൽ കോവളം ലൈറ്റ് ഹൗസ് ബീച്ചിൽ നടപ്പാത തകർന്നു.ഇതേ രീതിയിൽ തിരയടി തുടർന്നാൽ കൂടുതൽ ഭാഗത്തേക്ക് കടൽ കയറുമെന്ന ആശങ്കയും പ്രദേശവാസികൾ പങ്കുവെക്കുന്നു. ഇതോടെ ശംഖുമുത്തിന് പുറമെ കേരളത്തിലെ തന്നെ സുപ്രധാന വിനോദസഞ്ചാര ബീച്ചായ കോവളവും വൻ ഭീഷണി നേരിടുകയാണ്.

തീരത്തെ ഹോട്ടൽ, റസ്റ്ററന്റ് കെട്ടിടങ്ങളിലേക്കും കടൽ ഇരച്ചു കയറും എന്നും ആശങ്കയുണ്ട്. 10 വർഷം മുൻപാണ് തീരത്ത് നടപ്പാത ഉൾപ്പെടെ നവീകരണം നടത്തിയത്. അതിനുശേഷ്ം പ്രദേശത്ത് കാര്യമായ പ്രവർത്തനങ്ങൾ ഒന്നും തന്നെ നടന്നിട്ടില്ല. കാലവർഷത്തിന് മുന്നെ താൽക്കാലികമായി തീര സംരക്ഷണത്തിനു നടപടി എടുക്കും എന്ന പ്രഖ്യാപനവും എങ്ങും എത്തിയില്ല.

നടപ്പാത, ഇരുമ്പു കൈവരി എന്നിവ അടക്കം എല്ലാം തകർന്ന നിലയിലാണ്. നിർമ്മാണത്തിന്റെ തകർന്ന ശേഷിപ്പുകൾ സഞ്ചാരികൾക്ക് അപകട ഭീഷണിയും ആണ്. ഗാബിയോൺ വലകളിൽ കല്ലു നിറച്ചുള്ള സംരക്ഷണഭിത്തിക്കു മുകളിലാണ് നടപ്പാത പണിതത്. ഇതുകൊണ്ടും ഫലമുണ്ടായില്ല. ലൈറ്റ് ഹൗസ് ബീച്ചിന്റെ മധ്യഭാഗം ആണ് ഏറ്റവും തകർന്നത്. ഇവിടെ 10 മീറ്ററിലേറെ കരയിലേക്ക് കടൽ കയറി.

അതേസമയം ലൈറ്റ് ഹൗസ് തീരത്ത് പ്രതിരോധത്തിന് പുതിയ പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. മണൽ നിറച്ചു നിക്ഷേപിക്കുന്ന ജിയോ ട്യൂബ് സ്ഥാപിക്കൽ, സമുദ്ര ബീച്ചിൽ കടലിലേക്ക് കരിങ്കല്ല് അടുക്കൽ എന്നിവ ഉൾപ്പെട്ടതാണ് പദ്ധതി. തീരസംരക്ഷണത്തിനു ഹാർബർ എൻജിനീയറിങ് വകുപ്പാണ് പദ്ധതി തയ്യാറാക്കിയത്. തീരത്ത് നേരത്തേ ആവിഷ്‌കരിച്ച 20 കോടി രൂപയുടെ വികസന പദ്ധതി നടപ്പാക്കാൻ ബീച്ച് തകർച്ച തടസ്സം ആണെന്ന കണ്ടെത്തലിനെ തുടർന്നാണ് ടൂറിസം അധികൃതരുടെ ആവശ്യാനുസരണം ഹാർബർ എൻജിനീയറിങ് പുതിയ പദ്ധതി നിർദേശിച്ചത്.