തിരുവനന്തപുരം: ഏഷ്യാനെറ്റിലെ മാധ്യമ പ്രവർത്തക പ്രേക്ഷകനോട് അപമര്യാദയായി സംസാരിച്ചുവെന്ന വിവാദത്തിൽ പ്രതികരിച്ച് ഹിന്ദു ഐക്യവേദി. ഏഷ്യാനെറ്റിനോട് നിസ്സഹകരിക്കണം എന്ന് ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല ആഹ്വാനം ചെയ്തു. വിവാദത്തിൽ ഏഷ്യാനെറ്റ് എടുത്തത് മൃദുസമീപനമാണെന്നാണ് ഹിന്ദു ഐക്യവേദിയുടെ വാദം.

രാജ്യ വിരുദ്ധ സന്ദേശം നൽകിയ ഏഷ്യാനെറ്റിനോട് നിസ്സഹകരിക്കുക. വിവാദ പരാമർശത്തോട് ഏഷ്യാനെറ്റ് അധികൃതർ സ്വീകരിച്ച മൃദുസമീപനത്തിൽ പ്രതിഷേധിച്ച് ഏഷ്യാനെറ്റിനെ സമ്പൂർണ്ണമായി നിസ്സഹകരിക്കണമെന്ന് ഹിന്ദു ഐക്യവേദി എല്ലാ ജനാധിപത്യ വിശ്വാസികളോടും അഭ്യർത്ഥിക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.

പ്രസ്താവനയുടെ പൂർണ്ണ രൂപം:

ഹിന്ദു ഐക്യവേദി .

കൊച്ചി : ബംഗാൾ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ജീവനക്കാരി നടത്തിയ അങ്ങേയറ്റം മനുഷ്യത്വരഹിതവും, ദേശവിരുദ്ധവും ആയ പരാമർശത്തോട് ഏഷ്യാനെറ്റ് അധികൃതർ സ്വീകരിച്ച മൃദുസമീപനത്തിൽ പ്രതിഷേധിച്ച് ഏഷ്യാനെറ്റിനെ സമ്പൂർണ്ണമായി നിസ്സഹകരിക്കണമെന്ന് ഹിന്ദു ഐക്യവേദി എല്ലാ ജനാധിപത്യ വിശ്വാസികളോടും അഭ്യർത്ഥിക്കുന്നു.

ദേശീയ പ്രസ്ഥാനങ്ങളോടും സർവ്വോപരി ഹിന്ദു സമൂഹത്തോടുമുള്ള ഏഷ്യാനെറ്റിന്റെ കാലങ്ങളായി തുടരുന്ന നീചവും , നിന്ദ്യവും ആയ മനോഭാവമാണ് പ്രസ്തുത ജീവനക്കാരിയിലൂടെ പുറത്തു വന്നത് എന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല പറഞ്ഞു. പ്രസ്തുത ജീവനക്കാരിക്കെതിരെ നടപടിയെടുത്തു എന്ന് പറഞ്ഞ് ഏഷ്യാനെറ്റ് സത്യത്തിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ്. മാത്രമല്ല അവർ ജനാധിപത്യ സമൂഹത്തെ വെല്ലുവിളിക്കുകയും ചെയ്യുന്നു.ഡൽഹി കലാപ കാലത്ത് മതസ്പർദ്ധ വളർത്തി കലാപം സൃഷ്ടിക്കാൻ ശ്രമിച്ചതിന് കേന്ദ്ര സർക്കാരിന്റെ നിരോധനം നേരിട്ട ഏഷ്യാനെറ്റ് മാധ്യമ ധർമ്മത്തിന്റെ എല്ലാ അതിർവരമ്പുകളും ലംഘിച്ചവരാണ്.

ഏഷ്യാനെറ്റ് ന്യൂസിന്റെ രാജ്യവിരുദ്ധവും മനുഷ്യത്വരഹിതവുമായ പരാമർശത്തിൽ പ്രതിഷേധിച്ച് ഈ വരുന്ന മെയ് 12 ബുധനാഴ്ച വൈകീട്ട് 6 മണിക്ക് വീടുകൾ കേന്ദീകരിച്ച് പ്രതിഷേധദിനമായി ആചരിക്കും. 'ഞങ്ങൾ ഹിന്ദുക്കൾ കൊല്ലപ്പടേണ്ടവരാണോ 'എന്ന ചോദ്യമാണ് പ്രതിഷേധദിനത്തിൽ ഉയർത്തുന്നത്. അക്രമിക്കപ്പെടുന്ന ഹിന്ദുക്കൾ സംഘികളാണെന്നും, അവർ കൊല്ലപ്പെടേണ്ടവരാണെന്നും, തന്നെയുമല്ല അവർ പാക്കിസ്ഥാനികളുമാണെന്ന പരാമർശത്തിനെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണമെന്നും ശശികല ആവശ്യപെട്ടു.

കെ.പി. ശശികല
സംസ്ഥാന അദ്ധ്യക്ഷ
ഹിന്ദു ഐക്യവേദി