മലപ്പുറം: സംസ്ഥാനത്ത് കോവിഡ് വാക്‌സിൻ സ്വീകരിക്കുന്ന ആദ്യ രാഷ്ട്രീയ നേതാവായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്. മലപ്പുറം ജില്ല സഹകരണ ആശുപത്രിയുടെ പ്രസിഡണ്ടെന്ന നിലയിലാണ് അദ്ദേഹം വാക്‌സിൻ സ്വീകരിച്ചത്. ആരോഗ്യപ്രവർത്തകർക്കാണ് വാക്‌സിൻ ലഭിക്കുന്നതിൽ മുൻഗണനയെങ്കിലും സഹകരണ ആശുപത്രിയുടെ പ്രസിഡണ്ടെന്ന നിലയിൽ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ആളെന്ന പരിഗണന നൽകിയാണ് കെപിഎ മജീദിന് വാക്‌സിൻ നൽകിയത്.

ഇന്നലെ മലപ്പുറം താലൂക്ക് ആശുപത്രിയിൽ വച്ചാണ് കെപിഎ മജീദ് വാക്‌സിൻ സ്വീകരിച്ചത്. വാക്‌സിനേഷനിൽ യാതൊരു ആശങ്കയും ആവശ്യമില്ലെന്ന് കെപിഎ മജീദ് പറഞ്ഞു.മലപ്പുറം താലൂക്ക് ആശുപത്രിയിലെത്തിയാണ് കോവിഡ് വാക്സിൻ സ്വീകരിച്ചത്. മുൻഗണനാ പട്ടികയിൽ ആരോഗ്യ പ്രവർത്തകർ ആണെങ്കിലും മലപ്പുറം ജില്ലാ സഹകരണ ആശുപത്രിയുടെ പ്രസിഡന്റ് എന്ന നിലയിലാണ് വാക്സിൻ സ്വീകരിക്കാനുള്ള അവസരം ലഭിച്ചത്. യാതൊരു പാർശ്വഫലങ്ങളുമില്ലാത്ത വളരെ ഫലപ്രദമായ വാക്സിനാണിതെന്നാണ് ആരോഗ്യ രംഗത്തുള്ളവരുടെ വിലയിരുത്തൽ.

എല്ലാവരും ആരോഗ്യ പ്രവർത്തകരുമായി സഹകരിച്ച് വാക്സിൻ സ്വീകരിക്കുകയും മഹാമാരിയെ ചെറുക്കാനുള്ള യജ്ഞത്തിൽ പങ്കാളികളാവുകയും വേണമെന്നും വാക്‌സിനേഷൻ സ്വീകരിച്ചതിന് ശേഷം കെപിഎ മജീദ് പറഞ്ഞു. അതിനടിയിൽ രാഷ്ട്രീയ നേതാവിന് മുൻഗണന മറികടന്ന് വാക്‌സിൻ നൽകിയതിൽ പ്രതിഷേധവുമായി ഒരു വിഭാഗം രംഗത്ത് വന്നു. ആരോഗ്യ പ്രവർത്തകർക്ക് പോലും പൂർണ്ണമായും വാക്‌സിൻ ലഭിക്കുന്നതിന് മുമ്പ് നേരിട്ട് ആശുപത്രി രംഗത്തോ ചികിത്സ രംഗത്തോ പ്രവർത്തിക്കാത്ത ആശുപത്രി പ്രസിഡണ്ടിന് കോവിഡ് വാക്‌സിൻ നൽകിയത് ശരിയായ തീരുമാനല്ലെന്നും ആശുപത്രി പ്രസിഡണ്ടും സെക്രട്ടറിയുമെല്ലാം എങ്ങനെയാണ് ആരോഗ്യ പ്രവർത്തകരാകുന്നത് എന്നുമാണ് ഇവർ ചോദിക്കുന്നത്. എന്നാൽ വാക്‌സിനേഷനെതിരെ മുൻകാലങ്ങളിൽ വലിയ പ്രതിഷേധങ്ങളുണ്ടായ ജില്ല എന്ന നിലയിൽ ജില്ലയിലെ പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ പാർട്ടിയുടെ മുതിർന്ന നേതാവ് തന്നെ വാക്‌സിൻ സ്വീകരിച്ച് മാതൃകയായിരിക്കുകയാണ് എന്നാണ് പൊതുവായ വിലയിരുത്തൽ.