തിരുവനന്തപുരം: 'മീ ടു' മൂവ്മെന്റിനെ അവഹേളിക്കുന്ന പ്രസ്താവന നടത്തിയ നടി കെ.പി.എ.സി ലളിതക്കെതിരെ വ്യാപക പ്രതിഷേധം. ചെറുപ്പത്തിൽ ഡാൻസ് പഠിക്കാൻ ചേർന്നതിനെയും അതിനോട് സമൂഹം മോശമായി പ്രതികരിക്കുന്നതിനെയും കുറിച്ച് പറഞ്ഞുകൊണ്ടാണ് മീ ടു വെളിപ്പെടുത്തലുകൾ നടത്തുന്നവർക്കെതിരെ കെ.പി.എ.സി ലളിത സംസാരിച്ചത്.

'അച്ഛൻ എന്നെ ഡാൻസ് ക്ലാസിൽ ചേർത്തപ്പോൾ കുടുംബക്കാരും അയൽവാസികളും തട്ടിക്കയറി. പെൺകുട്ടികളുണ്ടെങ്കിൽ സിനിമയിൽ അഴിഞ്ഞാടാൻ വിടുന്നതിനേക്കാൾ കടലിൽ കൊണ്ടുപോയി കെട്ടിതാഴ്‌ത്ത് എന്നാണ് പറഞ്ഞത്. കലാഹൃദയനായിരുന്ന അച്ഛൻ അനുകൂലിച്ചതു കൊണ്ടു മാത്രമാണ് ഞാനൊരു കലാകാരിയായത്,' കെ.പി.എ.സി ലളിത പറയുന്നു.

മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് പലരും സോഷ്യൽ മീഡിയയിലൂടെ വിമർശനമുന്നയിക്കുന്നത്. സ്ത്രീയായതിന്റെ പേരിൽ മാത്രം ജീവിതത്തിൽ അനുഭവിച്ച ദുരനുഭവങ്ങൾ പങ്കുവെക്കുമ്പോൾ എങ്ങനെയാണ് മീ ടു വെളിപ്പെടുത്തലുകളെ അവഹേളിക്കാൻ സാധിക്കുന്നതാണ് പലരും ചോദിക്കുന്നത്. നിങ്ങളുടെ സാഹചര്യങ്ങളെ, നിങ്ങളുടെ അനുഭവങ്ങളെ ആരാണ് ഇവിടെ റദ്ദ് ചെയ്തത്? അവഹേളിച്ചത്? നിങ്ങൾ ഇങ്ങനെ പ്രസ്താവന നടത്തിയത് അപമാനകരമാണ്, എന്നാണ് ഒരു വിമർശനത്തൽ പറയുന്നത്.

ലോകമെമ്പാടുള്ള, സമൂഹത്തിന്റെ വിവിധ തുറകളിൽ പെട്ട സ്ത്രീകൾ തങ്ങൾക്ക് നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ച് തുറന്നുപറഞ്ഞുകൊണ്ട് രംഗത്തുവന്നതിന് പിന്നാലെയാണ് മീ ടു എന്ന മൂവ്മെന്റ് ആരംഭിക്കുന്നത്. പീഡകരായ പലരെയും നിയമത്തിന് മുൻപിൽ കൊണ്ടുവരാനും സ്ത്രീകൾക്ക് കൂടുതൽ സുരക്ഷിതമായ തൊഴിൽ സാഹചര്യങ്ങളൊരുക്കുന്നതിനുള്ള ചർച്ചകൾക്ക് ശക്തി പകരാനും ഈ മൂവ്മെന്റ് സഹായിച്ചിരുന്നു.

ഇത്തരത്തിൽ വലിയ മാറ്റങ്ങൾക്ക് വഴി തുറന്ന ഒരു മൂവ്മെന്റിനെയും ലൈംഗികപീഡനം അനുഭവിച്ച സ്ത്രീകളെയും അപമാനിക്കുന്ന പ്രസ്താവന അംഗീകരിക്കാനാവില്ലെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രതികരണങ്ങൾ.