തിരുവനന്തപുരം: കെപിസിസി ഭാരവാഹി പട്ടിക എന്നും വിവാ​ദങ്ങൾ നിറഞ്ഞതായിരുന്നു. ഇക്കുറിയും അത് അങ്ങനെ തന്നെ ആയതിൽ അത്ഭുതവുമില്ല. എന്നാൽ, മുൻ കാലങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി കഴിവ് മാത്രം മാനദണ്ഡമാക്കി കുറച്ച് പുതുമുഖങ്ങൾ പട്ടികയിൽ ഇടംപിടിച്ചു എന്നതാണ്. പതിവു പോലെ പരസ്യമായ വിഴുപ്പലക്കൽ ഇക്കുറി കുറഞ്ഞു എന്നും വേണമെങ്കിൽ പറയാം. ജംബോ പട്ടികയിൽ ​ഗ്രൂപ്പ് സമവാക്യങ്ങൾ ശരിയായതാണോ അതോ സംസ്ഥാന സർക്കാരിനെതിരായ പ്രക്ഷോഭത്തിന്റെ തിരക്ക് മൂലമാണോ എന്ന കാര്യത്തിൽ തർക്കമുണ്ട് എന്ന് കോൺ​ഗ്രസുകാർ തന്നെ സമ്മതിക്കുന്നു. പട്ടികയിൽ ഇടംപിടിച്ചാലും ഇല്ലെങ്കിലും സംസ്ഥാന സർക്കാരിനെ താഴെ ഇറക്കുന്നതിന്റെ ക്രെഡിറ്റ് ഒപ്പം നിൽക്കുന്ന മുസ്ലിം ലീ​ഗോ അപ്പുറം നിൽക്കുന്ന ബിജെപിയോ കൊണ്ടുപോകരുത് എന്ന് ഓരോ കോൺ​ഗ്രസുകാരനും നിർബന്ധമുള്ള സമയത്താണ് ഭാരവാഹി പട്ടിക പുറത്ത് വിട്ടതെന്ന് ഏവരും സമ്മതിക്കുന്നു.

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തെത്തിയിട്ടും പട്ടിക പുതുക്കി നല്കാത്തത് മനഃപൂർവമാണന്ന് ചിലർ ദേശീയ നേതൃത്വത്തോട് പരാതിപ്പെട്ടതോടെയാണ് വീണ്ടും ചർച്ച നടന്നത്. ഒടുവിൽ തിരക്കിട്ട് പട്ടിക പ്രസിദ്ധീകരിച്ചത് എഐസിസി പുനഃസംഘടനക്ക് പിന്നാലെയും. കെപിസിസി ജനറൽ സെക്രട്ടറിമാരുടെയും വൈസ് പ്രസിഡന്റുമാരുടെയും പട്ടിക ജനുവരിയിൽ പുറത്തുവന്നപ്പോൾ സെക്രട്ടറിമാരുടേതു തൊട്ടുപിന്നാലെ വരുമെന്നാണു പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, 7 മാസത്തോളം പട്ടിക പലവുരു കറങ്ങിയും ചർച്ചകൾ നടത്തിയുമാണ് അന്തിമ രൂപമായത്. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ചേർന്നു തർക്കങ്ങളെല്ലാം പരിഹരിച്ചു കെ.സി. വേണുഗോപാലുമായി കൂടി ആലോചിച്ച് അന്തിമമാക്കാനായി നിർദ്ദേശം. നേതാക്കൾ ഇതിനായി ഒരുമിച്ചിരിക്കുന്നതു നീണ്ടുപോയി. ഒടുവിൽ കേരളത്തിന്റെ ചുമതലയുള്ള മുകുൾ വാസ്നിക് മധ്യപ്രദേശിന്റെ ചുമതലയിലേക്കു മാറുന്നുവെന്നു കൂടി വന്നതോടെ അവസാനരൂപം കൊടുക്കാൻ നേതാക്കൾ തയാറാകുകയായിരുന്നു.

രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി വാർത്തകളിൽ നിറഞ്ഞ ജ്യോതി വിജയകുമാർ, മുൻ മന്ത്രി പി.കെ.ജയലക്ഷ്മി, വി എസ് ജോയി തുടങ്ങി യുവനിരയിലെ നേതാക്കൾക്കും കെപിസിസി ഭാരവാഹിപട്ടികയിൽ ഇടംകിട്ടി. സൈബർ ഇടങ്ങളിലും ഏറെ സജീവമായി നിറയുന്ന വ്യക്തികളും പുതിയ പട്ടികയിൽ ഇടം കണ്ടെത്തിയിട്ടുണ്ട്. പത്ത് ജനറൽസെക്രട്ടറിമാരെ കൂടി ഉൾപ്പെടുത്തിയതാണ് പുതിയ പട്ടിക. വി.ജെ.പൗലോസ്, ഇ.മുഹമ്മദ് കുഞ്ഞി, പി.കെ.ജയലക്ഷ്മി, വി.എ.നാരായണൻ, ബി.ബാബുപ്രസാദ്, ദീപ്തി മേരി വർഗീസ്, വി എസ്.ജോയി, വിജയൻ തോമസ്, മാർട്ടിൻ ജോർജ്, സോണി തോമസ് എന്നിവരാണ് പുതുതായി നിയമിക്കപ്പെട്ട ജനറൽസെക്രട്ടറിമാർ. പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ ജനറൽ സെക്രട്ടറിയാണ് വി എസ്.ജോയി. കെഎസ്‌‌യു പ്രസിഡന്റ് എന്ന നിലയിൽ മികച്ച പ്രകടനമായിരുന്നു ജോയിയുടെ കാലയളവിൽ.

പുതുതായി 10 പേരെ കൂടി ഉൾക്കൊള്ളിച്ചതോടെ പാർട്ടിക്ക് മൊത്തം 44 ജനറൽ സെക്രട്ടറിമാരായി. ഇതിൽ കെ. സുരേന്ദ്രൻ അന്തരിച്ചതിനാൽ ഇപ്പോൾ 43 പേരാണ് കെപിസിസിയുടെ ജനറൽ സെക്രട്ടറിമാർ. രണ്ടു വർക്കിങ് പ്രസിഡന്റുമാർ, 12 വൈസ് പ്രസിഡന്റുമാർ, ഒരു ട്രഷറർ എന്നിവർ നിലവിലുണ്ട്. ഭാരവാഹികളടക്കം 175 അംഗ കെപിസിസി നിർവാഹക സമിതി പട്ടികയും എഐസിസി അംഗീകരിച്ചു.

ഇതിനു പുറമേ, രാഷ്ട്രീയകാര്യ സമിതിയിലെ അംഗങ്ങൾ, എംപിമാർ, ഡിസിസി പ്രസിഡന്റുമാർ, മുൻ ഡിസിസി പ്രസിഡന്റുമാർ, യൂത്ത് കോൺഗ്രസ്, കെഎസ്‌യു, മഹിളാ കോൺഗ്രസ്, സേവാദൾ പ്രസിഡന്റുമാർ എന്നിവർ നിർവാഹക സമിതിയിലെ എക്സ് ഒഫീഷ്യോ അംഗങ്ങളായിരിക്കും. എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് കേരളത്തിന്റെ ചുമതലയിൽ നിന്ന് ഔദ്യോഗികമായി ഒഴിയുന്നതിനു തൊട്ടുമുൻപാണു ഭാരവാഹിപ്പട്ടിക നേതൃത്വം അംഗീകരിച്ചത്. താരിഖ് അൻവറിനാണ് ഇനി കേരളത്തിന്റെ ചുമതല.

96 സെക്രട്ടറിമാരെയും നിയമിച്ചു. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും എ.കെ.ആന്റണിയും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുൻ കെപിസിസി അധ്യക്ഷന്മാരും ഭാരവാഹികളും ഉൾപ്പെടുന്ന 175 പേരുള്ള നിർവാഹക സമിതിയും എഐസിസി പ്രഖ്യാപിച്ചു. യുഡിഎഫ് കൺവീനർ ബെന്നി ബഹ്‍നാന്റെ പേര് പട്ടികയിൽ ഉൾപ്പെടുത്താത്തത് വിവാദമായി.

കെപിസിസി സെക്രട്ടറിമാരായി നിയമിക്കപ്പെട്ട 96 പേർ:

ടി.യു. രാധാകൃഷ്ണൻ, ചാൾസ് ഡയസ്, ആർ. വത്സലൻ, പി.എ.സലിം, പി.ടി.അജയ്മോഹൻ, കെ.പി. ശ്രീകുമാർ, ഐ.കെ.രാജു, പി.എസ്. പ്രശാന്ത്, നാട്ടകം സുരേഷ്, കെ.നീലകണ്ഠൻ, കെ.പി. അബ്ദുൽ മജീദ്, കെ.കെ.ഏബ്രഹാം, ഫിലിപ് ജോസഫ്, സതീഷ് കൊച്ചുപറമ്പിൽ, ജ്യോതി വിജയകുമാർ, ആശ സനൽ, രമണി പി.നായർ, ഡോ.കെ.വി. ഫിലോമിന, സുധാ കുര്യൻ, അൻസജിത റസൽ, പി.ഉഷാദേവി, എം.ജെ.ജോബ്, എൽ.കെ. ശ്രീദേവി, ബിന്ദു ജയൻ, ബി.ആർ.എം. ഷഫീർ, സുബ്ബയ്യറായ്, എ. ത്രിവിക്രമൻ തമ്പി, എം.എസ്. വിശ്വനാഥൻ, ഷാജി കോടങ്കണ്ടത്ത്, പി. ഹരി ഗോവിന്ദൻ, ഇ.സമീർ, വി. ബാബുരാജ്, എം.എ.ലത്തീഫ്, കെ.എസ്.ഗോപകുമാർ, പി.ജർമിയാസ്, വി എസ്. ഹരീന്ദ്രനാഥ്, തോമസ് രാജൻ, ജി.വി. ഹരി, എം.ആർ. അഭിലാഷ്, ഐ.മൂസ, നടുക്കുന്നിൽ വിജയൻ, വി.എൻ.ജയരാജ്, ജി. സുബോധൻ, വിനോദ് കൃഷ്ണ, പെരിയ ബാലകൃഷ്ണൻ, കെ.ശശിധരൻ, കെ.ബേബിസൺ, കെ.പി. നൗഷാദ് അലി, സി.ആർ.പ്രാണകുമാർ, പി.വി.രാജേഷ്, ബി.ബൈജു, റിങ്കു ചെറിയാൻ, കറ്റാനം ഷാജി, കുഞ്ഞു ഇല്ലമ്പള്ളി, എം.എൻ.ഗോപി, കെ.എം.സലിം, സുനിൽ പി. ഉമ്മൻ, സത്യൻ കടിയങ്ങാട്, എസ്. ശരത്, തമ്പി സുബ്രഹ്മണ്യം, പി.എസ്. രഘുറാം, ടി.ജെ.ഐസക്ക്, ആർ.വി. രാജേഷ്, അട്ടിപ്പാറ അനിൽ, മരിയാപുരം ശ്രീകുമാർ, വി എം. ചന്ദ്രൻ, എംപി. മുരളി, എബി കുര്യാക്കോസ്, സൈമൺ അലക്സ്, അനീഷ് വരിക്കണ്ണമല, മുടവന്മുകൾ രവി, എ.പ്രസാദ്, സുനിൽ അന്തിക്കാട്, ടി.ജെ.സനീഷ് കുമാർ, പി.ബാലഗോപാൽ, ചന്ദ്രൻ തില്ലങ്കേരി, ആർ.രാജശേഖരൻ, സി.എസ്. ശ്രീനിവാസൻ, ജോൺ ഡാനിയേൽ, കെ.ബാലകൃഷ്ണൻ കിടാവ്, എൻ.കെ. വർഗീസ്, ടോണി ചമ്മണി, ജോസ് വള്ളൂർ, സുനിൽ മടപ്പള്ളി, സി.സി.ശ്രീകുമാർ, രാജേന്ദ്രൻ അരങ്ങത്ത്, സൂരജ് രവി, മോളി ജേക്കബ്, കെ.ബി.ശശികുമാർ, തൊടിയൂർ രാമചന്ദ്രൻ, എൻ.രവി, എം.അസൈനാർ, എൻ.ഷൈലാജ്, ജെബി മേത്തർ, എസ്.കെ.അശോക് കുമാർ, ജോൺ വിനിഷ്യസ്.നേരത്തേ കെപിസിസി സമർപ്പിച്ച 115 അംഗ പട്ടിക എണ്ണം കൂടുതലാണെന്നും സംവരണതത്വം പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടി ഹൈക്കമാൻഡ് തിരിച്ചയച്ചിരുന്നു. സംസ്ഥാന നേതാക്കളുടെ കൂടിയാലോചനയ്ക്കു ശേഷം ചില പേരുകൾ ഒഴിവാക്കിയപ്പോൾ വേറെ കുറേ ചേർത്തു.

​ഗ്രൂപ്പ് സമവാക്യങ്ങൾ ഇങ്ങനെ..

10 ജനറൽ സെക്രട്ടറിമാരിൽ എ–ഐ ഗ്രൂപ്പുകൾക്ക് 4 വീതം. കെ.സി.വേണുഗോപാലിന്റെ നോമിനികളായി 2 പേരും. മുൻ ഡിസിസി പ്രസിഡന്റുമാരെന്ന നിലയിൽ കൂടിയാണു വി.ജെ.പൗലോസും (എറണാകുളം) ഇ.മുഹമ്മദ് കുഞ്ഞിയും (മലപ്പുറം) വരുന്നത്. വനിതാപ്രാതിനിധ്യം ആദ്യപട്ടികയിൽ കുറവാണെന്ന വിമർശനം ജയലക്ഷ്മിക്കും ദീപ്തി മേരി വർഗീസിനും തുണയായി. കെ.സുരേന്ദ്രൻ (കണ്ണൂർ) അന്തരിച്ച ഒഴിവിൽ കെ.സുധാകരൻ നിർബന്ധം പിടിച്ചാണു കണ്ണൂർ ഡിസിസി ഭാരവാഹിയായ മാർട്ടിൻ ജോർജിനെ കെപിസിസി ഭാരവാഹിയാക്കിയത്. കെഎസ്‌യു മുൻ പ്രസിഡന്റ് വി എസ്.ജോയിയെ തഴയുന്നുവെന്ന ആക്ഷേപത്തിനും പരിഹാരമായി.

അതേസമയം ലോക്സഭാ സ്ഥാനാർത്ഥിത്വത്തിൽ നിന്നു തഴയപ്പെട്ട കെ.വി.തോമസിന്റെ കാര്യത്തിൽ അന്തിമ തീരുമാനമായില്ല. വൈസ് പ്രസിഡന്റാകാനില്ലെന്നു വ്യക്തമാക്കിയ അദ്ദേഹം വർക്കിങ് പ്രസിഡന്റ് പദം ആഗ്രഹിച്ചു. തോമസിന്റെ പദവി സംബന്ധിച്ചു സോണിയ ഗാന്ധി തീരുമാനമെടുക്കണമെന്ന പ്രത്യേക കുറിപ്പോടെയാണു പട്ടിക ഡൽഹിക്ക് അയച്ചത്. 40–50 പേരെന്നു നേതൃത്വം ആദ്യം കണക്കുകൂട്ടിയ കെപിസിസി സെക്രട്ടറിമാരുടെ പട്ടികയാണ് 96 ൽ എത്തിയത്. എ–ഐ ഗ്രൂപ്പുകൾ ഏതാണ്ട് 40 വീതം പങ്കിട്ടു. എ.കെ.ആന്റണിയും തെന്നല ബാലകൃഷ്ണപിള്ളയും ഒഴിച്ചുള്ള മുൻ കെപിസിസി പ്രസിഡന്റുമാരെല്ലാം പേരുകൾ നൽകിയിരുന്നു. എംപിമാർ, മുതിർ‍ന്ന നേതാക്കൾ എന്നിവരുടെ സമ്മർദവും ശക്തമായി. എണ്ണം പരിമിതപ്പെടുത്താനായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ശ്രമിച്ചെങ്കിലും സമ്മർദങ്ങളാണു വിജയം കണ്ടത്. പ്രതിപക്ഷത്തായിരിക്കെ, പരമാവധി പേർക്കു പദവികൾ നൽകുന്നതിനും അങ്ങനെ പരാതികൾ ഒഴിവാക്കുന്നതിനുമായി ഗ്രൂപ്പുകളുടെ മുൻഗണന. കെപിസിസി നിർവാഹകസമിതിയിൽ പ്രധാനപ്പെട്ട നേതാക്കളെല്ലാം ഇടംപിടിച്ചു.