തിരുവനന്തപുരം: കെപിസിസിയുടെ അന്തിമപട്ടിക നാളെ പുറത്തുവരാനിരിക്കെ പൊട്ടിത്തെറികൾ ഒഴിവാക്കാൻ 51 അംഗ സമിതി എന്ന പിടിവാശി വേണ്ടെന്നും മുതിർന്ന നേതാക്കൾ നിർദ്ദേശിക്കുന്ന കുറച്ചുപേരെ കൂടി അധികമായി ഉൾപ്പെടുത്താമെന്നും കെസി വേണുഗോപാൽ. എന്നാൽ 51 എന്ന സംഖ്യയിൽ ഒരു വിട്ടുവീഴ്‌ച്ചയില്ലെന്ന് കെ. സുധാകരനും വിഡി സതീശനും കടുംപിടുത്തം നടത്തിയതോടെ കെ സി പിൻവാങ്ങിയെന്നാണ് സൂചന.

പട്ടികയിൽ അന്തിമചർച്ച നടക്കുമ്പോൾ വേണ്ടപ്പെട്ട പലരേയും ഉൾപ്പെടുത്താൻ കഴിഞ്ഞില്ലെന്ന പരാതി ഇരുഗ്രൂപ്പുകൾക്കുമുണ്ട്. ഇരുഗ്രൂപ്പുകളിലും തനിക്കനുകൂലമായി ചിന്തിക്കുന്നവരെ ഉൾപ്പെടുത്തി അവരെ കൂടുതൽ ചേർത്തുനിർത്തണമെന്ന് കെസി വേണുഗോപാലും കരുതുന്നു. എന്നാൽ അതിനെല്ലാം വെല്ലുവിളി 51 അംഗ സമിതി എന്ന കെ സുധാകരന്റെ പ്രഖ്യാപനമാണ്. ആ സാഹചര്യത്തിലാണ് 51 ആംഗമെന്ന തീരുമാനത്തിൽ വെള്ളം ചേർക്കാമെന്ന കെസി വേണുഗോപാലിന്റെ നിർദ്ദേശമുണ്ടാകുന്നത്. എന്നാൽ ആ അഭിപ്രായത്തെ താരിഖ് അൻവറിന്റെ സാന്നിദ്ധ്യത്തിൽ തന്നെ മുളയിലെ നുള്ളാൻ കെ. സുധാകരനും വിഡി സതീശനും സാധിച്ചതായാണ് റിപ്പോർട്ടുകൾ.

കെപിസിസി പ്രസിഡന്റായ ശേഷം താൻ കേരളത്തിൽ ഉടനീളം നടത്തിയ പര്യടനത്തിൽ പാർട്ടി പ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും നൽകിയ ഉറപ്പാണ് 51 അംഗസമിതി എന്നും, പറഞ്ഞ വാക്കിൽ മാറ്റം വരുത്താൻ തന്നെ കിട്ടില്ലെന്നും സുധാകരൻ തുറന്നടിച്ചു. സുധാകരന് പിന്തുണയുമായി സതീശൻ കൂടി എത്തിയതോടെ കെസി നിശബ്ദനാകുകയായിരുന്നു. ഇത്തരമൊരു അഭിപ്രായം ഉയർന്നുവന്ന സാഹചര്യത്തിലാണ് നാളെ പ്രഖ്യാപിക്കുന്ന പട്ടികയിൽ 51 പേർ തന്നെയായിരിക്കുമെന്ന് താരിഖ് അൻവർ മാധ്യമപ്രവർത്തകരോട് അടിവര ഇട്ട് പറഞ്ഞത്.

ഏറ്റവും അനുയോജ്യരായ 51 പേരെ തലപ്പത്തുകൊണ്ടുവരാനാണ് കെ. സുധാകരന്റെയും വിഡി സതീശന്റെയും ശ്രമം. അങ്ങനെവന്നാൽ തങ്ങൾക്കൊപ്പം നിൽക്കുന്ന പലരെയും കെപിസിസിയിലെത്തിക്കാൻ മുതിർന്ന നേതാക്കൾക്ക് കഴിയില്ല. അതുകൊണ്ട് 51 എന്ന സംഖ്യയിൽ ഇളവ് വരുത്താനാണ് അവർ കെസിയോട് അഭ്യർത്ഥിച്ചത്. ആ അഭ്യർത്ഥന മാനിച്ചുകൊണ്ടായിരുന്നു കെസിയുടെ ആവശ്യം. എന്നാൽ ഇതൊരു കെണിയാണെന്ന് മനസിലാക്കിയ സുധാകരനും സതീശനും ആ അവശ്യം മുളയിലെ നുള്ളുകയായിരുന്നു. താരിഖ് അൻവറും ഇവരെ അനുകൂലിച്ചതായാണ് സൂചന.

അന്തിമ പട്ടിക ഇന്ന് രാത്രിയാണ് ഹൈക്കമാൻഡിന് അയയ്ക്കുക. അതിന് മുമ്പുള്ള അവസാനഘട്ട തിരുത്തലുകളിലാണ് നേതാക്കൾ. ജംബോ പട്ടിക വെട്ടികുറച്ച് 51 ആക്കി നിജപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് അവർ. അതിൽ കയറിക്കൂടാൻ കഴിയുമോ എന്നാണ് പുറത്താക്കപ്പെട്ടവർ നോക്കുന്നത്. മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി ചർച്ച നടത്തുമെന്നും താരിഖ് അൻവർ പറഞ്ഞു. ഇന്നു രാത്രിയോടെ അന്തിമ ഭാരവാഹി പട്ടിക തയ്യാറാകുമെന്നും ഞായറാഴ്ചയോടെ ഭാരവാഹികളെ പ്രഖ്യാപിക്കുമെന്നും താരിഖ് അൻവറുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പറഞ്ഞു.

ഡിസിസി പുനഃസംഘടനയിൽ പാർട്ടിക്കുള്ളിൽ വലിയ എതിർപ്പുകൾ ഉയർന്ന സാഹചര്യത്തിൽ വലിയ വിവാദങ്ങളില്ലാതെ കെപിസിസി ഭാരവാഹിപട്ടിക പുറത്തിറക്കാനാണ് എഐസിസി നേതൃത്വം ആലോചിക്കുന്നത്. ഡിസിസി പുനഃസംഘടനയെ സംബന്ധിച്ച തർക്കങ്ങൾ ഇപ്പോഴും പൂർണമായും പരിഹരിക്കപ്പെടാതെ നിൽക്കുമ്പോഴാണ് കെപിസിസി പുനഃസംഘടന സംബന്ധിച്ച ചർച്ചകൾ കോൺഗ്രസിൽ അവസാന ഘട്ടത്തിൽ എത്തുന്നത്. വനിതാ പ്രാതിനിധ്യം ഉറപ്പ് വരുത്തണം എന്ന ഹൈക്കമാൻഡ് നിർദ്ദേശം ഡിസിസി പുനഃസംഘടന വേളയിൽ പാലിക്കാൻ കേരള പിസിസിക്ക് സാധിച്ചിരുന്നില്ല. ഈ വിഷയത്തിലെ കേന്ദ്ര നേതൃത്വത്തിന്റെ അതൃപ്തി കെപിസിസി പുനഃസംഘടനയിൽ പരിഹരിക്കാൻ ഉള്ള ഫോർമുലയും ഡൽഹിയിൽ എത്തിയ കെ സുധാകരനും വിഡി സതീശനും തയ്യാറാക്കിയിട്ടുണ്ട്.

പത്ത് സ്ത്രീകളെയെങ്കിലും പട്ടികയിൽ ഉൾപ്പെടുത്താനാണ് ശ്രമം. പത്മജ വേണുഗോപാൽ, ഷാനിമോൾ ഉസ്മാൻ എന്നിവരെ വൈസ് പ്രസിഡന്റുമാരായി പരിഗണിക്കുന്നു. ബിന്ദു കൃഷ്ണയെയും പികെ ജയലക്ഷ്മിയേയും സുമ ബാലകൃഷ്ണനെയും ജന. സെക്രട്ടറിമാരായും ജ്യോതി വിജയകുമാർ, ജെബി മേത്തർ, സ്വപ്ന ജോർജ്, ഹരിപ്രിയ, കെഎ ഷീബ എന്നിവരെ നിർവാഹകസമിതിയിലേയ്ക്കും പരിഗണിക്കുന്നുണ്ട്. ദളിത് വിഭാഗത്തിനും അർഹമായ പരിഗണന നൽകുമെന്നാണ് കെ. സുധാകരൻ അറിയിച്ചത്. വിപി സജീന്ദ്രൻ, വിദ്യാധരൻ, കെഎസ് ഗോപകുമാർ തുടങ്ങിയവരെ പരിഗണിക്കും. വനിതാ വിഭാഗത്തിൽ പരിഗണിക്കുന്ന ജയലക്ഷ്മി, കെഎ ഷീബ തുടങ്ങിയവരും ദളിത് വിഭാഗത്തിൽ നിന്നുള്ളവരാണ്.

പിണറായിയെ പരസ്യമായി പിന്തുണച്ച ഗോപിനാഥിനെ ഭാരവാഹിയാക്കരുതെന്ന ആവശ്യം ചില നേതാക്കൾ ഉയർത്തിയിട്ടുണ്ട്. എന്നാൽ ഗോപിനാഥ് കറകളഞ്ഞ കോൺഗ്രസുകാരനാണെന്നും പ്രകോപിപ്പിച്ച് പിണറായിക്ക് അനുകൂലമായി പറയിപ്പിച്ചതാണെന്നും സുധാകരനും പറയുന്നു. അതുകൊണ്ട് തന്നെ ഗോപിനാഥിനെ ഭാരവാഹിയാക്കണമെന്നാണ് സുധാകരന്റെ നിലപാട്. ഇത് ഹൈക്കമാണ്ട് അംഗീകരിച്ചാൽ ഗോപിനാഥും കെപിസിസി ഭാരവാഹിയാകും.

രമേശ് ചെന്നിത്തലയ്ക്കും ഉമ്മൻ ചാണ്ടിക്കും മൂന്ന് പേരെ വീതം കൊടുക്കാനാണ് സാധ്യത. വി എസ് ശിവകുമാർ, കരകുളം കൃഷ്ണപിള്ള, ആർ ചന്ദ്രശേഖരൻ, ജ്യോതികുമാർ ചാമക്കാല, അജയ് മോഹൻ, എഎ ഷുക്കൂർ, അജയ് മോഹൻ, ഫിലിപ്പ് ജോസഫ്, അഡ്വ അശോകൻ, നിലകണ്ഠൻ എന്നിവരെയാണ് ചെന്നിത്തല മുമ്പോട്ട് വയ്ക്കുന്നത്. ഇതിൽ മൂന്ന് പേർക്കാകും നറുക്കു വീഴുക. ഉമ്മൻ ചാണ്ടിയും പരിഗണിക്കേണ്ടവരുടെ പേരുകൾ മുമ്പോട്ട് വച്ചിട്ടുണ്ട്. വർക്കല കഹാർ, ശിവദാസൻ നായർ, ആര്യാടൻ ഷൗക്കത്ത് എന്നിവരാണ് പ്രധാനികൾ. കോട്ടയത്ത് നിന്ന് പി എ സലിമിന്റെ പേരും ചർച്ചകളിലുണ്ട്. തിരുവഞ്ചൂർ രാധാകൃഷ്ണനുമായി അടുപ്പമുള്ള വ്യക്തിയാണ് സലിം.

വി എം സുധീരന്റെ പക്ഷത്തു നിന്നാണ് അനിൽ അക്കരെ ഉൾപ്പെടെയുള്ള പേരുകൾ ചർച്ചയാകുന്നത്. ടോമി കല്യാനിയും സുരജ് രവിയും വി എം സുധീരന്റെ ആളുകളാണ്. ഇവർക്കായും സമ്മർദ്ദമുണ്ട്. ജോൺസൺ എബ്രഹാമിന് വേണ്ടി സുധീരനും എ ഗ്രൂപ്പും രംഗത്തുണ്ട്. എവി ഗോപിനാഥിന് പുറമേ സുമാ ബാലകൃഷ്ണൻ, അജയ് തറയിൽ ഡി സുഗതൻ എന്നിവരുടെ പേരുകളും കെപിസിസി അധ്യക്ഷൻ മുമ്പോട്ട് വയ്ക്കുന്നുണ്ട്. വിശാല ഐ ഗ്രൂപ്പിന് മൃഗീയ ആധിപത്യമുള്ള പുനഃസംഘടനയാകും ഇത്തവണ നടക്കുക. പ്രതിപക്ഷ നേതാവ് വിഡി സതീശനും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും ഈ പട്ടികയിൽ ഇടപെടും. സുധാകരനും സതീശനും കെസിയും ഐ ഗ്രൂപ്പുകാരാണ്. അതാണ് എ ഗ്രൂപ്പിനെ മൊത്തത്തിൽ പുനഃസംഘടന ബാധിക്കാൻ പോകുന്നതിന് കാരണവും.

നിലവിൽ എംഎൽഎ, എംപിമാരായ ജനപ്രതിനിധികളെ പട്ടികയിലേക്ക് പരിഗണിക്കുന്നില്ലെന്നാണ് വിവരം. അതേസമയം ഡിസിസി പ്രസിഡന്റ് പദവി ഒഴിഞ്ഞ ചിലർക്ക് ഇളവുകൾ നൽകാൻ സാധ്യതയുണ്ടെന്നും കോൺഗ്രസ് നേതാക്കൾ സൂചന നൽകുന്നു. 19 ഭാരവാഹികളിൽ ഗ്രൂപ്പുകളുടെ പട്ടികയിൽ നിന്നു പകുതിയിൽ താഴെ പേരെ മാത്രമേ പുതിയ നേതൃത്വം ഉൾപ്പെടുത്താൻ ഇടയുള്ളൂ. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയും ട്രഷററും കെപിസിസി പ്രസിഡന്റിന്റെ നോമിനികളായിരിക്കും. 51 അംഗ നിർവാഹക സമിതിയിൽ 15 ജനറൽ സെക്രട്ടറിമാരും 4 വൈസ് പ്രസിഡന്റുമാരും ഉണ്ടാകും. ഈ 19 ഭാരവാഹികളുടെയും 28 നിർവാഹക സമിതി അംഗങ്ങളുടെയും പേരാണ് ഇപ്പോൾ അന്തിമമാക്കാൻ ശ്രമിക്കുന്നത്. കെപിസിസി സെക്രട്ടറിമാരെ ഈ ഘട്ടത്തിൽ നിയമിക്കുന്നില്ല.