തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയിൽ വെട്ടും തിരുത്തും അവസാനിച്ചു എത്തിയപ്പോഴും ജംബോ പട്ടിക തന്നെ. 115 ഭാരവാഹികളിൽ നിന്നും 90ലേക്ക് പട്ടിക ചുരുങ്ങിയെങ്കിലും ഈ ചുരുക്കൽ കൊണ്ടും ഭാരവാഹികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായിട്ടില്ല. ഹൈക്കമാൻഡ് അംഗീകരിച്ച കെപിസിസി സെക്രട്ടറിമാരുടെ പുതിയ പട്ടിക ഹൈക്കമാൻഡ് അംഗീകരിച്ചു. നിർവാഹക സമിതി അംഗങ്ങളും സെക്രട്ടറിമാരും ജനറൽ സെക്രട്ടറിമാരും അടങ്ങുന്നതാണ് പട്ടിക. 10 ജനറൽ സെക്രട്ടറിമാരുടെ പട്ടികയിൽ മുൻ മന്ത്രി പി.കെ. ജയലക്ഷ്മിയെയും ഉൾപ്പെടുത്തി. കെപിസിസി നിർവാഹക സമിതി അംഗങ്ങളുടെ പട്ടകയിൽ യുഡിഎഫ് കൺവീനർ ബെന്നി ബഹനാനെ ഒഴിവാക്കി. ഏഴ് എംപിമാരെയാണ് നിർവാഹക സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സെക്രട്ടറിമാരും നിർവാഹക സമിതി അംഗങ്ങളും ഉൾപ്പെടെ 96 പേരാണ് പട്ടികയിലുള്ളത്.

രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി വാർത്തകളിൽ നിറഞ്ഞ ജ്യോതി വിജയകുമാർ, മുൻ മന്ത്രി പി.കെ.ജയലക്ഷ്മി, കൂട്ടത്തിൽ ഏറ്റവും ചെറുപ്പമായി വി എസ് ജോയി. കെപിസിസി ഭാരവാഹിപട്ടികയിൽ യുവനിരയിലെ നേതാക്കൾക്കും ഇടം കിട്ടി. കോൺഗ്രസിനൊപ്പം നിൽക്കുകയും സൈബർ ഇടങ്ങളിലും ഏറെ സജീവമായി നിറയുന്ന വ്യക്തികളും പുതിയ പട്ടികയിൽ ഇടം കണ്ടെത്തിയിട്ടുണ്ട്. നേരത്തെ സമർപ്പിച്ച പട്ടിക സംവരണ തത്വങ്ങൾ പാലിച്ചുള്ളതല്ലെന്നും എണ്ണം കൂടുതലാണെന്നും ചൂണ്ടിക്കാണിച്ചായിരുന്നു ഹൈക്കമാൻഡ് നേരത്തെ പട്ടിക തള്ളിയത്. രമേശ് ചെന്നിത്തലയുമായും ഉമ്മൻ ചാണ്ടിയുമായും ചർച്ച ചെയ്താണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പട്ടിക പുതുക്കിയതെന്നാണ് റിപ്പോർട്ട്.

മുൻ മന്ത്രി പികെ ജയലക്ഷ്മിയെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നിർദ്ദേശിച്ചാണ് പുതിയ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. കെപിസിസി സെക്രട്ടറിമാർക്കും ജനറൽ സെക്രട്ടറിമാർക്കും പുറമെ നിർവാഹക സമിതിയിലേക്കുള്ള പേരുകളും നിർദ്ദേശിച്ചിട്ടുണ്ട്. ആദ്യം ഹൈക്കമാൻഡിന് സമർപ്പിച്ച പട്ടികയിൽ എംപിമാരുടെ നിർദ്ദേശങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിയിരുന്നു. എന്നാൽ പലരുടെയും പേരുകൾ വെട്ടിയും വനിത-ദളിത് സംവരണം ഉറപ്പാക്കിയുമാണ് പുതിയ പട്ടിക.

പി.കെ. ജയലക്ഷ്മിക്കു പുറമേ മുൻ ഡിസിസി പ്രസിഡന്റുമാരായ വി.ജെ. പൗലോസ്, മുഹമ്മദ് കുഞ്ഞി, കെപിസിസി സെക്രട്ടറിമാരായിരുന്ന വിജയൻ തോമസ്, ദീപ്തി മേരി വർഗീസ്, കെഎസ്‌യു മുൻ സംസ്ഥാന പ്രസിഡന്റ് വി എസ്. ജോയി, ഡി. ബാബു പ്രസാദ്, സോണി സെബാസ്റ്റ്യൻ, വി.എ. നാരായണൻ, മാർട്ടിൻ ജോർജ് എന്നിവരാണ് ജനറൽ സെക്രട്ടറിമാരുടെ പട്ടികയിലുള്ളത്. 96 പേരെയാണ് പുതിയ സെക്രട്ടറിമാരായി നിയമിച്ചിരിക്കുന്നത്. കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ 175 അംഗങ്ങളാണ് ഉള്ളത്. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് പുതിയ ഭാരവാഹികളെ നിയമിച്ചത്.

പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ ജനറൽ സെക്രട്ടറിയാണ് വി എസ്.ജോയി. കെഎസ്‌യു പ്രസിഡന്റ് എന്ന നിലയിൽ മികച്ച പ്രകടനമായിരുന്നു ജോയിയുടെ കാലയളവിൽ. അതേസമയം യു.ഡി.എഫ് കൺവീനർ ബെന്നി ബഹ്‌നാന്റെ പേര് പട്ടികയിൽ ഉൾപ്പെടുത്താത്തത് വിവാദമായി. കെപിസിസി നിർവ്വാഹക സമിതിയിൽ നിന്നാണ് യുഡിഎഫ് കൺവീനറായ ബെന്നി ബഹനാനെ ഒഴിവാക്കിയത്. എംപിമാരുമായുള്ള തർക്കത്തെത്തുടർന്ന് പട്ടിക പുതുക്കാൻ കെപിസിസി തയ്യാറായിരുന്നില്ല. തുടർന്ന് ദേശീയ നേതൃത്വത്തിന്റെ ഇടപെടലിലൂടെയാണ് പട്ടിക തയ്യാറാക്കിയത്. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് കേരളത്തിന്റെ ചുമതലയിൽ നിന്നും ഒഴിയുന്നതിന് മുമ്പ് പട്ടികയ്ക്ക് അംഗീകാരം നേടിയെടുക്കുകയായിരുന്നു.

അർഹതക്കുള്ള അംഗീകാരമായി ജ്യോതി വിജയകുമാറിന്റെ പദവി

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കേരളത്തിലെത്തിയപ്പോൾ നടത്തിയ പ്രസംഗങ്ങൾ പരിഭാഷപ്പെടുത്തിയതിലൂടെ കേരളമാകെ ശ്രദ്ധിച്ച ജ്യോതി വിജയകുമാർ ഇനി കെപിസിസി സെക്രട്ടറി. കെപിസിസി പ്രഖ്യാപിച്ച പുതിയ സെക്രട്ടറിമാരുടെ പട്ടികയിലാണ് ജ്യോതി ഇടം നേടിയത്. പത്തനാപുരത്ത് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം ജ്യോതി പരിഭാഷപ്പെടുത്തിയിരുന്നു. ഈ മൊഴിമാറ്റം വളരെയധികം ശ്രദ്ധ നേടിയിരുന്നു. അന്ന് കേരളം ശ്രദ്ധിച്ച വനിതയ്ക്ക് കൂടുതൽ ഉത്തരവാദിത്വം നൽകാനാണ് കെപിസിസി തീരുമാനം.

രാഷ്ട്രീയ പശ്ചാത്തലമുള്ള കുടുംബത്തിൽ നിന്നാണ് ജ്യോതി പൊതുപ്രവർത്തന രംഗത്തേക്ക് വരുന്നത്. ആലപ്പുഴയിലെ കോൺഗ്രസ് നേതാവും ചെങ്ങന്നൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന വിജയകുമാറിന്റെ മകളാണ് ജ്യോതി. തിരുവനന്തപുരം സിവിൽ സർവ്വീസ് അക്കാദമിയിലെ സോഷ്യോളജി വിഭാഗം ഫാക്ക്വൽറ്റിയായി ജോലി ചെയ്യുകയാണ് ജ്യോതി. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ ആദ്യ വനിതാ ചെയർപേഴ്സണ്ായിരുന്നു. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നിന്ന് പത്രപ്രവർത്തനത്തിൽ പി.ജി ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്.

മൂന്ന് തവണ രാഹുൽ ഗാന്ധിയുടെയും ഒരിക്കൽ സോണിയാ ഗാന്ധിയുടെയും പ്രസംഗം പരിഭാഷപ്പെടുത്തിയിട്ടുണ്ട് ജ്യോതി വിജയകുമാർ. ദേശീയ തലത്തിൽ ചർച്ചയായ പ്രസംഗമാണു കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി 2016ൽ തിരുവനന്തപുരത്ത് നടത്തിയത്. അന്ന് സോണിയയുടെ ആശയങ്ങൾ ജനങ്ങളിലേയക്ക് എത്തിച്ചത് ജ്യോതി ആയിരുന്നു, വികാരനിർഭരമായ അവരുടെ വാക്കുകളുടെ ആശയം ഒട്ടും ചോരാതെ പരിഭാഷപ്പെടുത്തിയ ജ്യോതി അന്നേ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. 2011ൽ ജന്മനാടായ ചെങ്ങന്നൂരിലായിരുന്നു ആദ്യം പരിഭാഷകയായത്.

രാഹുൽ ഗാന്ധിയുടേതായിരുന്നു പ്രസംഗം. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വീണ്ടും കോൺഗ്രസ് നേതൃത്വം രാഹുലിന്റെ വാക്കുകൾ പരിഭാഷപ്പെടുത്താൻ ജ്യോതിയെ ചുമതലപ്പെടുത്തിയിരുന്നു. പ്രസംഗം കഴിഞ്ഞ് രാഹുൽ ഗാന്ധിയുടെ ആശംസകളും അഭിനന്ദനങ്ങളും ജ്യോതിക്ക് ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ സോണിയ തിരുവനന്തപുരത്തെത്തിയപ്പോഴും അന്ന് കെപിസിസി പ്രസിഡന്റായിരുന്ന വി എം സുധീരന് തെരഞ്ഞെടുത്തതും ജ്യോതിയെ ആയിരുന്നു. എന്നാൽ തെല്ലൊരു ആശങ്ക ജ്യോതിക്കുണ്ടായിരുന്നു.

അതിനാൽ സോണിയ ഗാന്ധിയുടെ പ്രസംഗ ശൈലിയും മറ്റും പിന്തുടരാൻ പരിപാടിക്കു ദിവസങ്ങൾ മുമ്പു തന്നെ പഴയ വീഡിയോകളൊക്കെ കണ്ട ജ്യോതി തയ്യാറെടുപ്പുകൾ നടത്തി. ആ തയ്യാറെടുപ്പുകളുടെ ഫലം പ്രസംഗ വേദിയിലും ജനം തിരിച്ചറിഞ്ഞു,. വികാരപരമായി അവർ സംസാരിച്ചു തുടങ്ങിയപ്പോൾ അതേ തീവ്രതയോടെ ജ്യോതിയുടെ നാവിൽ നിന്ന് വാക്കുകൾ പ്രവഹിക്കുകയായിരുന്നു. പ്രസംഗം കഴിഞ്ഞയുടൻ സോണിയ ഗാന്ധി ജ്യോതിയെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

ചെങ്ങന്നൂരിലെ മലയാളം മീഡിയം സ്‌കൂളായ സെന്റ് ആനീസ് ഗേൾസ് സ്‌കൂളിലായിരുന്നു ഹൈസ്‌കൂൾ പഠനം. അന്ന് മലയാളത്തിൽ നേടിയ അടിത്തറയാണ് ഈ ടെക്കിക്ക് തുണയാകുന്നത്. പഠനത്തിന് ശേഷം ഇംഗ്ലീഷിൽ ആശയ വിനിമയം നടത്തേണ്ട ജോലികൾ ചെയ്യുമ്പോഴും മാതൃഭാഷയോടുള്ള സ്‌നേഹം ജ്യോതി കൊണ്ടു നടന്നു. ഐഎസ്എസുകാരിയാകണമെന്നായിരുന്നു ആഗ്രഹം. രണ്ട് തവണ പ്രിലിംസ് ജയിക്കുകയും ചെയ്തു. എന്നാൽ തന്റെ കർമ്മ മണ്ഡലം ഐടിയാണെന്ന് തിരിച്ചറിഞ്ഞതോടെ കളം മാറി പടിച്ചു. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും നേടി. ഐടി മേഖലയിൽ പ്രവർത്തിക്കുന്ന ആർ പാരിയാണ് ഭർത്താവ്. നാല് വയസ്സുള്ള മകനുമുണ്ട്. ദുരദർശനത്തിൽ സാമുഹ്യപാഠമെന്ന പരിപാടിയുടെ അവതാരകയായും ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട്.