കണ്ണൂർ: പെരിയ ഇരട്ടക്കൊലപാതകം കേസാണ് കാസർകോട്ടിലും കണ്ണൂരിലും സജീവ പ്രചരണ വിഷയമാണ്. ഈ കേസിൽ സിബിഐ അന്വേഷണം ചെറിക്കാൻ വേണ്ടി സർക്കാർ ഖജനാവിൽ നിന്നും കോടികളാണ് ചിലവഴിച്ചത്. തെരഞ്ഞെടുപ്പു രംഗത്തും കോൺഗ്രസിന് വേണ്ടി പ്രചരണ രംഗത്ത് സജീവമായിരിക്കയാണ് ശരത് ലാലിന്റേയും കൃപേഷിന്റേയും സഹോദരിമാർ.

കണ്ണൂരിൽ ഡിസിസി പ്രസിഡണ്ട് കൂടിയായ സതീശൻ പാച്ചേനിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇരുവരും എത്തി. കണ്ണൂർ നിയോജക മണ്ഡലം യുഡിഎഫ് വഹിളാ സംഘടനകലുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മഹിളാ സംഘമത്തിലാണ് ഇരുവരും പങ്കെടുത്തത്. കേരളത്തിൽ പിണറായി സർക്കാർ തുടർച്ചയായ രണ്ടാം തവണയും അധികാരത്തിൽ എത്താൻ പാടില്ലെന്ന് ഇരുവരും പറഞ്ഞു. ആദ്യമായിട്ടാണ് കണ്ണൂരിലെ ഒരു പൊതുപരിപാടിയിൽ കൃപേഷിന്റേയും ശരദ്ലാലിന്റേയും സഹോദരിമാർ പങ്കെടുക്കുന്നത്.

'എന്റെ അച്ഛൻ ഇടത് ചിന്താഗതിക്കാരനായിരുന്നു. പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ ലഡുവാങ്ങി വിതരണം ചെയ്തിരുന്നു. പക്ഷെ എന്റെ ചേട്ടൻ ത്രിവർണ പതാകയാണ് കൈയിൽ പിടിച്ചത്. അതുകൊണ്ടാണ് എന്റെ ജേഷ്ഠന്റെ ജീവൻ അവരെടുത്തത്.' കൃഷ്ണപ്രിയ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞു.

അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കുമെതിരെയുള്ള വിധിയെഴുത്താകണം തെരഞ്ഞെടുപ്പിൽ ഉണ്ടാകേണ്ടതെന്ന് ശരദ് ലാലിന്റെ സഹോദരി അമൃത പറഞ്ഞു. ' ഇവർ വീണ്ടും അധികാരത്തിൽ വന്നാൽ കൊലപാതകങ്ങൾ ആവർത്തിക്കും. ഒരുപാട് പേരുടെ കണ്ണീര് വിണ മണ്ണാണിത്. അതിന് അറുതി വരേണ്ടത് നമ്മുടെയെല്ലാം ആവശ്യമാണെന്നും അമൃത പറഞ്ഞു

കണ്ണൂർ നിയോജക മണ്ഡലത്തിൽ കടന്നപ്പള്ളി രാമചന്ദ്രനും സതീശൻ പാച്ചേനിയും തന്നെയാണ് മത്സരിക്കുന്നത്. ഇടത് സർക്കാരിന്റെ വികസന നേട്ടങ്ങൾ ഉയർത്തിയാണ് കടന്നപ്പള്ളിയുടെ തെരഞ്ഞെടുപ്പ് പ്രചാരണമെങ്കിൽ മണ്ഡലം തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് സതീശൻ പാച്ചേനി.