തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയിൽ ഇടതുപക്ഷാനുഭാവികളായ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ചെയർമാൻ കമലിന്റെ ആവശ്യം പിഎസ് സി വഴി ജോലിക്കായി കാത്തിരിക്കുന്നവരോടുള്ള അനീതിയെന്ന് കെ.എസ്.ശബരീനാഥൻ എംഎൽഎ. 'പിഎസ് സി ജോലി കിട്ടാതെ യുവാക്കൾ ആത്മഹത്യ ചെയ്യുമ്പോൾ, ലക്ഷക്കണക്കിന് യുവാക്കൾ തെരുവുകളിൽ അലയുമ്പോൾ ഭരണകർത്താക്കളെ പ്രീതിപ്പെടുത്തുവാൻ വേണ്ടി ഏതറ്റം വരെയും താഴുന്ന ഈ മോഡൽ സാംസ്‌കാരിക നായകർ കേരളത്തിന് അപമാനമാണ്'-ശബരീനാഥൻ ഫേസ്‌ബുക്കിൽ കുറിത്തു. ഇതുമായി ബന്ധപ്പെട്ട് കമൽ സർക്കാരിന് അയച്ച കത്ത് പുറത്തായതോടെയാണ് ശബരീനാഥന്റെ പ്രതികരണം.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കമൽ എന്ന സംവിധായകനെ ഞാൻ ഇഷ്ടപെടുന്നു. അദ്ദേഹത്തിന്റെ സിനിമകളിൽ മാനുഷികമൂല്യങ്ങൾ പ്രതിഫലിക്കുന്നു എന്നുള്ളതാണ് അദ്ദേഹത്തിന്റെ സവിശേഷത. എന്നാൽ കമൽ എന്ന ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ എല്ലാ മാനുഷികമൂല്യങ്ങളും കാറ്റിൽ പറത്തിക്കൊണ്ട് ഒരു കൂട്ടം ഇടതുപക്ഷഅനുഭാവികൾക്ക് അക്കാഡമിയിൽ സ്ഥിരനിയമനം നൽകിയിരിക്കുകയാണ്.മന്ത്രിക്ക് സ്ഥിരനിയമനം ശുപാർശചെയ്ത അദ്ദേഹം എഴുതിയ ഫയലിലെ വാക്കുകൾ നമ്മൾ ശ്രദ്ധിക്കണം... 'ഇടതുപക്ഷാനുഭാവികളും ഇടതുപക്ഷ പുരോഗമന മൂല്യങ്ങളിലൂന്നിയ സാംസ്‌കാരിക പ്രവർത്തനരംഗത്ത് നിലകൊള്ളുന്നവരുമായ പ്രസ്തുത ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് കേരളത്തിലെ സാംസ്‌കാരിക സ്ഥാപനങ്ങളിൽ സമുന്നതമായ സ്ഥാനമുള്ള ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിർത്തുന്നതിന് സഹായകമായിരിക്കും'PSC ജോലി കിട്ടാതെ യുവാക്കൾ ആത്മഹത്യ ചെയ്യുമ്പോൾ, ലക്ഷക്കണക്കിന് യുവാക്കൾ തെരുവുകളിൽ അലയുമ്പോൾ ഭരണകർത്താക്കളെ പ്രീതിപ്പെടുത്തുവാൻ വേണ്ടി ഏതറ്റം വരെയും താഴുന്ന ഈ മോഡൽ സാംസ്‌കാരിക നായകർ കേരളത്തിന് അപമാനമാണ്.