തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരായ വിവാദ പ്രസ്താവനയിൽ മുസ്ലിം ലീഗിനെ തള്ളി കോൺഗ്രസ്സ് നേതാവ് ശബരീനാഥൻ. സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാൻ കല്ലായിയുടെ അധിക്ഷേപം അപരിഷ്‌കൃതമെന്ന് കെ.എസ്. ശബരീനാഥൻ അഭിപ്രായപ്പെട്ടു. പ്രായപൂർത്തിയായ രണ്ട് വ്യക്തികൾ വിവാഹം ചെയ്തതിനെ വക്രീകരിക്കുകയാണ് അബ്ദുറഹ്‌മാൻ ചെയ്തതെന്ന് ശബരീനാഥൻ കുറ്റപ്പെടുത്തി.

'പ്രായപൂർത്തിയായ രണ്ട് വ്യക്തികൾ വിവാഹം ചെയ്തതിനെ വക്രീകരിച്ച അദ്ദേഹത്തിന്റെ വാക്കുകൾ അപരിഷ്‌കൃതമാണ്, പൊതുസമൂഹം അവജ്ഞയോടെ അതിനെ തള്ളിക്കളയുകയും ചെയ്യും,' അദ്ദേഹം പറഞ്ഞു.സമൂഹത്തിൽ ഇത്തരം സങ്കുചിത ചിന്താഗതികൾ ഉണ്ടായതിനുശേഷം കല്ലായി പുഴയിലൂടെ ഏറെ വെള്ളം ഒഴുകിപോയത് ഉൾക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്‌ബുക്ക് കുറിപ്പുലുടെയായിരുന്നു ശബരിനാഥന്റെ പ്രതികരണം

ശബരിനാഥന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കേരളത്തിന്റെ, പ്രത്യേകിച്ച് മലബാറിന്റെ സാമൂഹികവളർച്ചയിൽ മുസ്ലിം ലീഗിന്റെ സംഭാവന അതുല്യമാണ്. ഇപ്പോൾ വഖഫ് വിഷയത്തിലും മുസ്ലിം ലീഗ് എടുത്ത നിലപാടും ശരിയാണ് എന്ന് തെളിയിക്കുന്ന രീതിയിലായിരുന്നു കോഴിക്കോട് കടപ്പുറത്ത് ഇന്നലെ നടന്ന പതിനായിരങ്ങളുടെ മഹാസംഗമം. ഈ വിഷയത്തിന്റെ ചരിത്രവഴികൾ, കാലിക പ്രസക്തി, ഇടതുപക്ഷരാഷ്ട്രീയതന്ത്രം എന്നിവയിൽ വ്യക്തത വരുത്തിക്കൊണ്ടുള്ള ഭൂരിഭാഗ പ്രസംഗങ്ങളും ഒന്നിന്നൊന്ന് മികച്ചതായിരുന്നു.

എന്നാൽ ഇതേ സദസ്സിൽ ശ്രീ അബ്ദുറഹ്‌മാൻ കല്ലായി നടത്തിയ പ്രസംഗത്തോട് പൂർണ്ണമായും വിയോജിക്കുകയാണ്. പ്രായപൂർത്തിയായ രണ്ട് വ്യക്തികൾ വിവാഹം ചെയ്തതിനെ വക്രീകരിച്ച അദ്ദേഹത്തിന്റെ വാക്കുകൾ അപരിഷ്‌കൃതമാണ്, പൊതുസമൂഹം അവജ്ഞയോടെ അതിനെ തള്ളിക്കളയുകയും ചെയ്യും.

സമൂഹത്തിൽ ഇത്തരം സങ്കുചിത ചിന്താഗതികൾ ഉണ്ടായതിനുശേഷം കല്ലായി പുഴയിലൂടെ ഏറെ വെള്ളം ഒഴുകിപോയത് ഉൾക്കൊള്ളണം എന്ന് അഭ്യർത്ഥിക്കുന്നു.

വഖഫ് വിഷയത്തിൽ നാടിനൊപ്പം, ലീഗിനൊപ്പം.....

അതേസമയം പരാമർശത്തിൽ മാപ്പ് പറഞ്ഞ് അബ്ദുറഹ്‌മാൻ കല്ലായി രംഗത്തെത്തി. വ്യക്തിജീവിതത്തിലെ മതപരമായ കാഴ്ചപാടാണ് താൻ പ്രസംഗത്തിൽ സൂചിപ്പിക്കാൻ ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

റിയാസിനെതിരായ പരാമർശത്തിൽ താൻ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്നായിരുന്നു അബ്ദുറഹ്‌മാൻ പ്രസംഗത്തിൽ പറഞ്ഞത്.മുൻ ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് പുതിയാപ്ലയാണ്. എന്റെ നാട്ടിലെ പുതിയാപ്ലയാണ്. ആരാടോ ഭാര്യ... ഇത് വിവാഹമാണോ. വ്യഭിചാരമാണ്. സിനയാണത് (അറബി പദം). അത് പറയാൻ തന്റേടം വേണം. സി.എച്ച്. മുഹമ്മദ് കോയയുടെ നട്ടെല്ല് നമ്മൾ ഉപയോഗിക്കണം,' അബ്ദുറഹ്‌മാൻ കല്ലായി പറഞ്ഞു.

സ്വവർഗരതിക്ക് നിയമ പ്രാബല്യം കൊണ്ടുവരണമെന്ന് പറയുന്നവരാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ. അവരുടെ പ്രകടന പത്രികയിൽ അതിനെക്കുറിച്ച് പറയുന്നുണ്ട്.ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗിക സ്വാതന്ത്ര്യത്തിനുള്ള 'വിഡ്ഢിത്തം' സുപ്രീം കോടതി പ്രഖ്യാപിച്ചപ്പോൾ അതിനെ ആദ്യം സ്വാഗതം ചെയ്തത് ഡിവൈഎഫ്ഐയാണെന്ന് കമ്മ്യൂണിസ്റ്റുകാരെ പിന്തുണക്കുന്നവർ ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇ.എം.എസും എ.കെ.ജിയും ഇല്ലാത്ത സ്വർഗം ഞങ്ങൾക്ക് വേണ്ട എന്ന് പറയുന്നവരെ കണ്ടിട്ടുണ്ട്. അങ്ങനെ പറയുന്നവർ കാഫിറുകളാണ്. ലീഗ് എന്നും സമുദായത്തിനൊപ്പം നിന്ന പാർട്ടിയാണ്. ആയിരം പിണറായി വിജയന്മാർ ഒരുമിച്ച് ശ്രമിച്ചാലും മുസ്ലിം ലീഗിന്റെ അഭിമാനം നശിപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കഴിഞ്ഞ നവംബർ 9 നാണ് സംസ്ഥാനത്തെ വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാൻ തീരുമാനമായത്. ഇത് സംബന്ധിച്ചുള്ള ബിൽ നിയമസഭ ശബ്ദവോട്ടോടെയാണ് പാസാക്കിയത്.നേരത്തെ വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ ലീഗിന്റെ നേതൃത്വത്തിൽ മതസംഘടനകൾ യോഗം ചേർന്നിരുന്നു.

എന്നാൽ യോഗത്തിൽ നിന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകുന്ന കേരള മുസ്ലിം ജമാഅത്തും എം.ഇ.എസും വിട്ടുനിന്നു.