മൂന്നാർ: കെഎസ്ഇബിയും അദാനിയുടെ കമ്പനിയുമായി കരാർ ഉണ്ടെന്ന് പ്രതിപക്ഷനേതാവ് ചെന്നിത്തല ആരോപിച്ചപ്പോൾ അതിനെ നിഷേധിച്ചു കൊണ്ടാണ് മുഖ്യമന്ത്രിയും കെഎസ്ഇബിയും വൈദ്യുതി മന്ത്രിയും രംഗത്തുവന്നത്. എന്നാൽ, ഇതിന് പിന്നാലെ കരാാർ ഉണ്ടെന്ന രേഖകൾ ചെന്നിത്തല പുറത്തുവിട്ടപ്പോൾ ഇവർക്ക് ഉത്തരം മുട്ടി.

അദാനി എന്റർപ്രൈസസ് ലിമിറ്റഡിൽ നിന്ന് ഏപ്രിൽ, മെയ്‌ മാസങ്ങളിൽ യൂണിറ്റിന് 3.04 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നതിന് കെഎസ്ഇബി നൽകിയ ലെറ്റർ ഓഫ് അവാർഡാണ് ചെന്നിത്തല ഇന്നലെ പുറത്തുവിട്ടത്. കഴിഞ്ഞ ഫെബ്രുവരി 15ന് ആണ് കെഎസ്ഇബി കൊമേഴ്‌സ്യൽ ആൻഡ് പ്ലാനിങ് വിഭാഗം ഡപ്യൂട്ടി ചീഫ് എൻജിനീയർ ഒപ്പിട്ട ലെറ്റർ ഓഫ് അവാർഡ് നൽകിയത്. ഏപ്രിൽ ഒന്നു മുതൽ മെയ്‌ 31 വരെ നാലു ഘട്ടങ്ങളിലായി വൈദ്യുതി വാങ്ങാനാണ് ഉടമ്പടി.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണ് കരാർ ഒപ്പുവയ്ക്കാതെ, പകരം അതിനു തുല്യമായ ലെറ്റർ ഓഫ് അവാർഡ് നൽകി ഉടമ്പടി നടപ്പിൽ വരുത്തിയതെന്നു രമേശ് ആരോപിച്ചു. അദാനിയുമായി ഒരു കരാറും സംസ്ഥാന സർക്കാരോ കെഎസ്ഇബിയോ ഉണ്ടാക്കിയിട്ടില്ലെന്നു കഴിഞ്ഞദിവസം മന്ത്രി എം.എം.മണി പറഞ്ഞിരുന്നു. ഇത് തെറ്റാണെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവന്ന രേഖയും.

അതേസമയം അദാനിയുമായുള്ള കരാറിനെ കുറിച്ചുള്ള രേഖ പുറത്തുവിടുമ്പോൾ ചെന്നിത്തല ഉന്നയിക്കുന്ന ഗുരുതര ആരോപണവുമുണ്ട്. സ്വർണക്കടത്തു കേസും ഡോളർ കടത്തു കേസും അട്ടിമറിച്ചതും ലാവ്ലിൻ കേസ് 28 തവണ സിബിഐ മാറ്റിവച്ചതും സിപിഎം - ബിജെപി ധാരണയെക്കുറിച്ചു സംശയം ബലപ്പെടുത്തുന്നതാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഇവർക്കിടയിലെ കണ്ണിയാണ് അദാനിയെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കുന്നു.

വൈദ്യുതി മേഖലയിൽ 5 വർഷമായി കേരളം മികച്ച സംസ്ഥാനമാണെന്നാണ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ പറയുന്നത്. അങ്ങനെയുള്ളപ്പോൾ 25 വർഷത്തേക്ക് ഉയർന്ന വിലയ്ക്കു കാറ്റിൽനിന്നുള്ള വൈദ്യുതി വാങ്ങാനുള്ള ആദ്യ കരാറും ഉയർന്ന വിലയ്ക്കു ചെറിയ കാലത്തേക്കു വൈദ്യുതി വാങ്ങാനുള്ള ഇപ്പോഴത്തെ ഉടമ്പടിയും അദാനിയോടുള്ള പിണറായി സർക്കാരിന്റെ പ്രിയം വ്യക്തമാക്കുന്നു.

അതേസമയം രമേശ് പുറത്തുവിട്ട രേഖ ഏപ്രിൽ, മെയ്‌ മാസങ്ങളിലെ അധിക ഉപഭോഗം നേരിടാൻ കെഎസ്ഇബി ഏർപ്പെട്ട ഹ്രസ്വകാല വൈദ്യുതിവാങ്ങൽ കരാർ മാത്രമാണെന്നാണ് വൈദ്യുതി മന്ത്രി എം എം മണി പറയുന്നത്. ദിവസം മുഴുവൻ വൈദ്യുതി ലഭ്യമാക്കാൻ ജിഎംആർ, അദാനി പവർ എന്നീ കമ്പനികൾക്കും പീക്ക് ലോഡ് സമയത്തു മാത്രം വൈദ്യുതി ലഭ്യമാക്കാൻ ജിഎംആർ, പിടിസി എന്നീ കമ്പനികൾക്കുമാണ് കരാർ നൽകിയിട്ടുള്ളത്. യൂണിറ്റിന് യഥാക്രമം 3.04 രൂപ, 3.41 എന്നീ നിരക്കിൽ 50 മെഗാവാട്ട് വീതം വൈദ്യുതിയാണ് ഇവരിൽ നിന്നു വാങ്ങുക. കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള ഡീപ് പോർട്ടൽ വഴി സുതാര്യമായി നടന്ന ടെൻഡറിൽ റിവേഴ്‌സ് ലേലം വഴി ഇന്ത്യയിൽത്തന്നെ ഏറ്റവും ന്യായമായ നിരക്കിലാണിതെന്നും മണി വ്യക്തമാക്കി.