തിരുവനന്തപുരം: വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ താരിഫ് നയത്തിൽ ആശങ്കയുമായി കെഎസ്ഇബി രംഗത്ത്. നയത്തിലെ പല വ്യവസ്ഥയും നടപ്പിലായാൽ കെഎസ്ഇബിക്ക് 100 കോടിയോളം രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്നാണ് ബോർഡ് ചൂണ്ടിക്കാട്ടുന്നത്.സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പുറത്തിറക്കിയ കരട് താരിഫ് നയവും അനുബന്ധ വ്യവസ്ഥയുമാണ് വിവാദമായിരിക്കുന്നത്. വിതരണ ശൃംഖലയിൽ സ്വകാര്യ കമ്പനികൾക്കടക്കം അനുമതി നൽകാമെന്നും കെഎസ്ഇബിക്കും സ്വകാര്യ കമ്പനികൾക്കും വ്യത്യസ്ത നിരക്ക് ഈടാക്കാമെന്നുമാണ് പ്രധാന വ്യവസ്ഥ.

ഇതോടെ വൻകിട വ്യാവസായിക ഉപഭോക്താക്കൾ കയ്യൊഴിയുമെന്നും കോടികളുടെ നഷ്ടമുണ്ടാകുമെന്നും റഗുലേറ്ററി കമ്മീഷൻ സിറ്റിംഗിൽ കെഎസ്ഇബി ചൂണ്ടിക്കാട്ടി.ഇതിന്റെ തുടർച്ചയായാണ് വിവാദ വ്യവസ്ഥകൾ ഒഴിവാക്കണമെന്ന് വൈദ്യുതി ബോർഡും ജീവനക്കാരുടെ സംഘടനകളും റഗുലേറ്ററി കമ്മീഷൻ സിറ്റിംഗിൽ ആവശ്യപ്പെട്ടത്.

അധികമുള്ള വൈദ്യുതി പവർ എക്‌സചേഞ്ച് റേറ്റിൽ വൻകിട ഉപഭോക്താക്കൾക്ക് നൽകാനും താരിഫ് നയത്തിൽ വ്യവസ്ഥയുണ്ട്. ഉയർന്ന നിരക്കിൽ വൻകിട ഉപഭോക്താക്കൾക്ക് വൈദ്യുതി നൽകുന്നതിലെ ലാഭമാണ് ഗാർഹിക ഉപഭോക്താക്കൾക്ക് കെഎസ്ഇബി സബ്‌സിഡിയായി നൽകുന്നത്. ഇത് നിലയ്ക്കുന്നതോടെ ഗാർഹിക നിരക്ക് കുത്തനെ ഉയർത്തേണ്ടി വരും. വൈദ്യുതി ബോർഡിന് പുറമേ ജീവനക്കാരുടെ വിവിധ സംഘടനകളും താരിഫ് നയത്തിലെ ആശങ്ക റഗുലേറ്ററി കമ്മീഷൻ സിറ്റിംഗിൽ ഉന്നയിച്ചു.

കേന്ദ്ര വൈദ്യുതി നിയമ ഭേദഗതി പാർലമെന്റിൽ ഇനിയും അവതരിപ്പിച്ചിട്ടില്ല. അതിന് മുമ്പേയാണ് അതിലെ പ്രധാന വ്യവസ്ഥകൾ ഉൾപ്പെടുത്തി സംസ്ഥാന റഗുലേറ്ററി കമ്മീഷൻ താരിഫ് നയം തയ്യാറാക്കിയിരിക്കുന്നത്. സ്വകാര്യവത്കരണത്തിന് അനുകൂലമായ വിവാദ വ്യവസ്ഥകളിൽ മാറ്റം വരുത്താൻ റഗുലേറ്ററി കമ്മീഷൻ തയ്യാറാകുമോയെന്ന് കെഎസ്ഈബിയും ഉപഭോക്താക്കളും ഉറ്റുനോക്കുകയാണ്.