തിരുവനന്തപുരം: സാധാരണക്കാരൻ വൈദ്യുതി ബിൽ അടക്കാൻ അൽപ്പം വൈകിയാൽ ഫ്യൂസൂരാൻ ആളുകൾ എത്തും. എന്നാൽ ഉന്നതരാണെങ്കിൽ അവർക്ക് വീണ്ടും തട്ടിപ്പു നടത്താൻ അവസരം ഉണ്ടാക്കുകയും ചെയയ്യും. ഇത്തരക്കാരെ തൊടാൻ പൊതുവേ കെഎസ്ഇബിക്ക് മടിയാണ്. അതുകൊണ്ട് തന്നെ കെഎസ്ഇബിക്ക് ലഭിക്കാനുള്ള വൈദ്യുതി കുടിശ്ശികയുടെ കണക്കു പരിശോധിച്ചാൽ അത് വലിയ തുകയിലെത്തും.

കുടിശ്ശിക ഇനത്തിൽ വൈദ്യുതി ബോർഡിനു പിരിഞ്ഞു കിട്ടാനുള്ളത് 2700 കോടിയോളം രൂപയാണ്. കോവിഡ് ലോക്ഡൗൺ കാലത്ത് ഉപയോക്താക്കൾക്കു നൽകിയ സാവകാശം മൂലം പിരിഞ്ഞു കിട്ടാനുള്ളതാണ് ഇതിൽ 800 കോടി. ബോർഡിനു വർഷങ്ങളായി ലഭിക്കാനുള്ള കുടിശികയാണ് 1900 കോടി.

സർക്കാർ സ്ഥാപനങ്ങളിൽ ജല അഥോറിറ്റിയാണു കുടിശികയിൽ ഒന്നാം സ്ഥാനത്ത്. അഥോറിറ്റിയുടെ 1300 കോടിയുടെ കുടിശിക സർക്കാർ ഏറ്റെടുത്തിരുന്നു. ഇതു ഗഡുക്കളായി ബോർഡിനു നൽകിക്കൊണ്ടിരിക്കുകയാണ്. ഈ തുക സർക്കാർ ഏറ്റെടുത്ത ശേഷവും ജല അഥോറിറ്റിയുടെ പമ്പിങ് സ്റ്റേഷനുകളുടെ കറന്റ് ചാർജ് അടയ്ക്കുന്നില്ല. ഫ്യൂസ് ഊരിയാൽ ജലവിതരണം മുടങ്ങുമെന്നതിനാൽ അതിനും നിവൃത്തിയില്ല. ജല അഥോറിറ്റിയുടെ പിന്നീടുള്ള കുടിശിക 600 കോടിയിലേറെ ആയി. മാസം 30 കോടി വീതം വർധിച്ചു കൊണ്ടിരിക്കുന്നു.

3040 വർഷമായി പിരിച്ചെടുക്കാൻ സാധിക്കാത്ത കുടിശികയുണ്ട്. പൂട്ടിപ്പോയ വ്യവസായങ്ങൾ, നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, ബിഎസ്എൻഎൽ തുടങ്ങിയവയൊക്കെ പണം അടയ്ക്കാനുണ്ട്. പ്രതിസന്ധി നേരിടുന്ന സ്ഥാപനങ്ങളുടെ നിരക്ക് എങ്ങനെ ഈടാക്കുമെന്നതാണു തലവേദന.ലോക്ഡൗൺ സാവകാശം 31ന് അവസാനിക്കുന്നതിനാൽ ഈയിനത്തിലുള്ള കുടിശിക പിരിഞ്ഞു കിട്ടുമെന്നു പ്രതീക്ഷിക്കുന്നതായി ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള അറിയിച്ചു.

അതേസമയം താൽക്കാലിക കുടിശ്ശിക വരുത്തിയവർക്ക് ബിൽ തുക അടച്ചില്ലെങ്കിലും തത്കാലത്തേക്ക് കണക്ഷൻ വിച്ഛേദിക്കണ്ടെന്നാണ് കെഎസ്ബിഇയുടെ തീരുമാനം. കോവിഡ് പ്രതിസന്ധിയിൽ ഗുണഭോക്താക്കളിൽനിന്ന് അധിക തുക സെക്യൂരിറ്റിയായി ഈടാക്കേണ്ടന്നും ബോർഡ് തീരുമാനിച്ചിട്ടുണ്ട്. വൻതുക പിഴയായി നൽകേണ്ടി വരുമെന്നതാണ് പ്രത്യേകത.

ജൂൺ 20ന് ശേഷം നൽകിയ എല്ലാ ബില്ലുകളിലും സമയബന്ധിതമായി പണം അടച്ചില്ലെങ്കിൽ 18 ശതമാനം പിഴ ഈടാക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. അതേസമയം ബിൽ തുക അടച്ചില്ലെങ്കിലും തത്കാലത്തേക്ക് കണക്ഷൻ വിച്ഛേദിക്കണ്ടെന്നാണ് കെഎസ്ബിഇയുടെ തീരുമാനം. കോവിഡ് പ്രതിസന്ധിയിൽ ഗുണഭോക്താക്കളിൽനിന്ന് അധിക തുക സെക്യൂരിറ്റിയായി ഈടാക്കേണ്ടന്നും ബോർഡ് തീരുമാനിച്ചിട്ടുണ്ട്.

ഇതുകൂടാതെ മുൻകൂറായി കെട്ടിവച്ച തുകയിൽ കുറവ് വന്നാൽ അത് ബില്ലിൽ ഈടാക്കും. ഈ തുകയ്ക്ക് നിശ്ചിത ശതമാനം പലിശ നൽകേണ്ടിവരും. ആദ്യമായി ഓൺലൈൻ വഴി ബിൽ അടയ്ക്കുന്ന ഗുണഭോക്താക്കൾക്ക് ബിൽ തുകയുടെ അഞ്ച് ശതമാനം ഡിസ്‌കൗണ്ടായി ലഭിക്കും. പരമാവധി 100 രൂപവരെയാണ് സബ്‌സിഡിയായി ലഭിക്കുക. പുതിയ വൈദ്യുതകണക്ഷനുകൾ ലഭിക്കുന്നതിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ചാൽ മതിയാകും. ഫീസൊന്നും നൽകാതെ തന്നെ അപേക്ഷ സമർപ്പിക്കാവുന്നതാണെന്നും കെഎസ്ഇബി അറിയിച്ചു.

നേരത്തെ ലോക്ക് ഡൗൺ കാലത്ത് അമിത വൈദ്യുതി ബിൽ ഈടാക്കിയെന്ന പരാതികളെ തുടർന്ന് വൈദ്യുതി ബില്ലുകൾ ഒന്നിച്ചടയ്ക്കാൻ പ്രയാസമുള്ള ഗാർഹിക ഉപഭോക്താക്കൾക്ക് കെഎസ്ഇബി ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ബിൽ തുക പകുതി അടച്ചാൽ ബാക്കി രണ്ടുതവണകളായി അടയ്ക്കാനാണ് ഉപഭോക്താക്കൾക്ക് കെഎസ്ഇബി സൗകര്യമൊരുക്കിയത്.