തിരുവനന്തപുരം: മീറ്റർ റീഡർ തസ്തികയിൽ ഇനി നിയമനം സാധ്യമാകാത്തവിധം ഒഴിവുകൾ കെഎസ്ഇബി. വെട്ടിനിരത്തിയെന്ന് ഉദ്യോഗാർഥികളുടെ പരാതി. പി.എസ്.സി റാങ്ക് ലിസ്റ്റ് നിലനിൽക്കുമ്പോഴാണ് വൈദ്യുതി വകുപ്പിലെ ഒഴിവുകൾ വെട്ടിനിരത്താൻ ബോർഡ് മാനേജ്‌മെന്റ് ഏകപക്ഷീയമായ തീരുമാനമെടുത്തത്. 218 പേരെ നിയമിക്കാൻ ഉത്തരവായെങ്കിലും തത്കാലം നിയമനം വേണ്ടതില്ലെന്നാണ് കെഎസ്ഇബിയുടെ തീരുമാനം.

2014 ലാണ് മീറ്റർ റീഡർ തസ്തികയിലേയ്ക്ക് പി.എസ്.സി നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചത്. 2016 ഏപ്രിൽ ഏഴിന് പരീക്ഷ നടത്തി 2021 മാർച്ച് 19 ന് അറുന്നൂറ് പേരെ ഉൾപ്പെടുത്തി ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മപരിപാടികളിൽ ഉൾപ്പെടുത്തി നിയമനം നടത്തുമെന്നായിരുന്നു പ്രഖ്യാപനം.

മീറ്റർ റീഡർമാരുടെ 436 ഒഴിവുകളുണ്ടെന്നാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കണ്ടെത്തിയത്. അതിൽ 218 ഒഴിവുകൾ വകുപ്പ് പി.എസ്.സി.യെ അറിയിച്ചു. അത്രയുംപേരെ നിയമിക്കാനും തീരുമാനിച്ചു. എന്നാൽ ഈ മാം 17 ന് കൂടിയ ബോർഡ് മാനേജ്‌മെന്റ് യോഗം മീറ്റർ റീഡർമാരുടെ ഒഴിവ് 218 ൽ നിജപ്പെടുത്താൻ തീരുമാനിച്ചു. അതായത് ഒഴിവ് പ്രതീക്ഷിച്ചിരിക്കുന്ന മറ്റ് 218 ഉദ്യോഗാർത്ഥികൾ നിരാശപ്പെടേണ്ടി വരും. അതേസമയം മീറ്റർ റീഡർ വേണ്ടാത്ത സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കാൻ ബോർഡ് തീരുമാനിച്ചിരിക്കുന്നതിനാൽ ഇനി ഈ ഒഴിവുകൾ നികത്തേണ്ടിവരില്ലെന്ന ധാരണയിലാണ് കെഎസ്ഇബി.

സർക്കാർ ഉദ്യോഗാർത്ഥികൾക്ക് നൽകിയ ഉറപ്പിന്റെ ലംഘനമാണിതെന്ന് റാങ്ക് ഹോൾഡേഴ്‌സ് സംഘടന പറയുന്നു. കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത് പി.എസ്.സിയിലെ അപ്രഖ്യാപിത നിയമനനിരോധനത്തിനെതിരെ നിരവധി റാങ്ക് ഹോൾഡേഴ്‌സ് പ്രതിഷേധവുമായി രംഗത്തിറങ്ങിയെങ്കിലും സർക്കാരിൽ വിശ്വാസമർപ്പിച്ച് മീറ്റർ റീഡർ ഉദ്യോഗാർത്ഥികൾ സമരങ്ങളിൽ നിന്നെല്ലാം വിട്ടുനിന്നിരുന്നു. എന്നാൽ 2016 ൽ നടത്തിയ പരീക്ഷ എഴുതിയ പലർക്കും പ്രായപരിധി അവസാനഘട്ടത്തിലാണ്. ഈ പട്ടിക റദ്ദായാൽ 600 പേരുള്ള റാങ്ക് പട്ടികയിലെ ഒട്ടേരെപ്പേരുടെ അവസരം നഷ്ടപ്പെടുമെന്ന് ഉദ്യോഗാർഥികൾ പരാതിപ്പെടുന്നു.

ഇതിനിടെ 2018 ൽ സംസ്ഥാനത്ത് കെഎസ്ഇബി മീറ്റർ റീഡർ തസ്തികയിൽ നാന്നൂറിലധികം പേരെ പിൻവാതിലൂടെ നിയമിച്ചത് വിവാദമായിരുന്നു. മീറ്റർ റീഡർമാരായിരുന്ന 365 പേർക്ക് സബ് എൻജിനീയർമാരായി സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. ഈ ഒഴിവുകളിലടക്കം നാനൂറോളം പേരെയാണ് അനധികൃതമായി താൽക്കാലിക അടിസ്ഥാനത്തിൽ നിയോഗിച്ചത്. ഒഴിവുകൾ സംബന്ധിച്ച് മാധ്യമങ്ങൾ മുഖേന അറിയിപ്പു നൽകുകയോ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നിന്ന് പട്ടിക ആവശ്യപ്പെടുകയോ ചെയ്തിരുന്നില്ല.

8ാം തരവും ഇലക്ട്രീഷ്യൻ, വയർമെൻ, ഇലക്ട്രോണിക്‌സ് എന്നിവയിൽ ഏതെങ്കിലുമൊന്നിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റോ, കെജിസിഇ, കെജിടിഇ, എംജിടിഇ എന്നിവയോ ആണ് മീറ്റർ റീഡർമാരാകാൻ നേരത്തെ പിഎസ്‌സി യോഗ്യതയായി ആവശ്യപ്പെട്ടത്.

എന്നാൽ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ് നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് ലഭിച്ചവർക്കു പുറമേ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ് എൻജിനീയറിങ് ബിരുദമുള്ളവർ വരെ മീറ്റർ റീഡർമാരായി ജോലി ചെയ്യാൻ തയാറായി വരുന്നു. നഗര പരിധിയിൽ 80 വീടുകളിലും ഗ്രാമീണ മേഖലയിൽ 60 വീടുകളിലും എന്ന കണക്കിലാണ് റീഡിങ് എടുക്കേണ്ടത്.